ദുബായിലെ ബാങ്കിൽ നിന്ന് 300 കോടി രുപ തട്ടിയെടുത്തു, മലയാളത്തിലെ സൂപ്പർഹിറ്റ് സിനിമയ്ക്കും പണം മുടക്കി, മലയാളി വ്യവസായി ഇഡി കസ്റ്റഡിയിൽ

Thursday 07 December 2023 11:37 PM IST

കൊച്ചി : ദുബായിലെ ബാങ്കിൽ നിന്ന് 300 കോടി രൂപ തട്ടിയെടുത്തെന്ന കേസിൽ മലയാളി വ്യവസായിയെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കസ്റ്റഡിയിലെടുത്തു. കൊച്ചിയിലെ ഹോട്ടലിൽ നിന്നാണ് കാസർകോഡ് സ്വദേശിയായ അബ്‌ദുൾ റഹ്മാനെ കസ്റ്റഡിയിലെടുത്തത്. ഇയാളെ കൊച്ചിയിലെ ഇ.ഡി ഓഫീസിലെത്തിച്ചു. ഇയാളുടെ ഉടമസ്ഥതയിലുള്ള 25 ഓളം സ്ഥലങ്ങളിലും ഇ,​ഡി റെയ്‌ഡ് നടത്തി.

2017-2018 കാലയളവിലാണ് തട്ടിപ്പ് നടന്നതെന്നാണ് ഇ.ഡി വൃത്തങ്ങൾ നൽകുന്ന വിവരം. ദുബായിലെ വിവിധ ബാങ്കുകളിൽ നിന്നായി 300 കോടിയോളം രൂപയാണ് അബ്ദുൾ റഹ്മാൻ തട്ടിയെടുത്തെന്നാണ് കേസ്. ഈ പണം കേരളത്തിലെ വിവിധ മേഖലകളിലായി നിക്ഷേപിച്ചു. റിയൽ എസ്റ്റേറ്റ് ,​ സിനിമ മേഖലകളിലാണ് അബ്ദുൾ റഹ്മാൻ പണം നിക്ഷേപിച്ചിരുന്നത്. മഹേഷിന്റെ പ്രതികാരം എന്ന സിനിമയുടെ 60 ശതമാനത്തോളം പണം മുടക്കിയത് അബ്‌ദുൾ റഹ്മാൻ ആണെന്നാണ് ഇ,​ഡിയുടെ കണ്ടെത്തൽ.

ഇതു കൂടാതെ കോഴിക്കോട് കേന്ദ്രീകരിച്ചുള്ള ഒരു റിയൽ എസ്റ്റേറ്റ് കമ്പനിയിൽ അയാൾ സഹ പാർട്‌ണറാണെന്നും ഇ.ഡി കണ്ടെത്തിയിരുന്നു. പി.എഫ്.ഐ നേതാക്കളുമായി ബന്ധമുള്ള സ്ഥാപനമാണിതെന്നാണ് വിവരം. കഴിഞ്ഞ ദിവസം രാത്രിയാണ് അബ്ദുൾ റഹ്മാൻ കൊച്ചിയിലെ ഹോട്ടലിൽ എത്തിയത്. വ്യാഴാഴ്ച രാവിലെ ഇ.ഡി സംഘം ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.