രാജസ്ഥാൻ മുഖ്യമന്ത്രി : അശ്വനി വൈഷ്‌ണവിനും സാദ്ധ്യത

Friday 08 December 2023 1:29 AM IST

ന്യൂഡൽഹി: മധ്യപ്രദേശിലും രാജസ്ഥാനിലും ഛത്തീസ്ഗഡിലും ബി.ജെ.പി പുതിയ മുഖ്യമന്ത്രിമാരെ പ്രഖ്യാപിച്ചേക്കുമെന്ന സൂചനകൾ വന്നെങ്കിലും പ്രഖ്യാപനം നീളുന്നതിനാൽ അഭ്യൂഹങ്ങളും വർദ്ധിച്ചു. രാജസ്ഥാനിൽ മുഖ്യമന്ത്രിയായി കേന്ദ്ര റെയിൽവേ, ഐടി മന്ത്രി അശ്വനി വൈഷ്‌ണവിനെയും പരിഗണിക്കുന്നതായി സൂചനയുണ്ട്. ഗജേന്ദ്ര സിംഗ് ഷെഖാവത്ത്, യോഗി ബാബ ബാലക് നാഥ്, ദിയാ കുമാരി എന്നിവർക്കായിരുന്നു ഇതുവരെ മുൻതൂക്കം.

ഒ.ബി.സി നേതാവിനായുള്ള തിരച്ചിലാണ് അശ്വനി വൈഷ്‌ണവിന് സാദ്ധ്യത വർദ്ധിപ്പിച്ചത്. രാജസ്ഥാനിലെ പാലി സ്വദേശിയായ വൈഷ്‌ണവ് ഐ.ഐ.ടി കാൺപൂരിൽ നിന്ന് എൻജിനീയറിംഗിൽ ബിരുദാനന്തര ബിരുദമെടുത്ത ശേഷം ഒഡീഷ കേഡറിൽ 1994 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥനായാണ് ഔദ്യോഗിക ജീവിതം തുടങ്ങിയത്. കട്ടക്ക്, ബാലസോർ ജില്ലകളിൽ കളക്ടറായിരുന്നു.

2003ൽ മുൻ പ്രധാനമന്ത്രി വായ്‌‌പേയിയുടെ ഒാഫീസിൽ ഡെപ്യൂട്ടി സെക്രട്ടറിയായും പിന്നീട് അദ്ദേഹത്തിന്റെ പൈവറ്റ് സെക്രട്ടറിയായും പ്രവർത്തിച്ച ശേഷമാണ് രാഷ്‌ട്രീയത്തിലേക്കുള്ള വരവ്. 2019ൽ രാജ്യസഭാംഗമായി. രണ്ടാം മോദി സർക്കാരിലാണ് കേന്ദ്രമന്ത്രിയാകുന്നത്.

അതിനിടെ മുഖ്യമന്ത്രി സ്ഥാനം ആഗ്രഹിച്ച മുൻമുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യയെ അനുനയിപ്പിക്കാൻ ശ്രമം തുടരുന്നു. കേന്ദ്ര നേതൃത്വവുമായുള്ള ചർച്ചയ്‌ക്കായി അവർ കഴിഞ്ഞ ദിവസം ഡൽഹിയിൽ വന്നിരുന്നു.

Advertisement
Advertisement