അവധി അപേക്ഷ നൽകി കാനം

Friday 08 December 2023 2:28 AM IST

□ചുമതല ബിനോയ് വിശ്വത്തിന് നൽകണമെന്നും ആവശ്യം

തിരുവനന്തപുരം: ആരോഗ്യപരമായ കാരണങ്ങളാൽ മൂന്ന് മാസത്തേക്ക് സംസ്ഥാന

സെക്രട്ടറി സ്ഥാനത്തും നിന്നും അവധി ആവശ്യപ്പെട്ട് കേന്ദ്ര നേതൃത്വത്തിന് കത്ത് നൽകി കാനം രാജേന്ദ്രൻ. സെക്രട്ടറിയുടെ താൽക്കാലിക ചുമതല പാർട്ടി ദേശീയ സെക്രട്ടേറിയറ്റ് അംഗം ബിനോയ് വിശ്വം എം.പിക്ക് നൽകണമെന്നും കത്തിൽ ആവശ്യപ്പെട്ടു. 16,17 തീയതികളിൽ ചേരുന്ന സി.പി.ഐ ദേശീയ എക്സിക്യൂട്ടീവ് യോഗം തീരുമാനമെടുക്കും.

കാനം പാർട്ടിയിൽ വീണ്ടും സജീവമാകുന്നത് വരെ സംസ്ഥാന നേതൃത്വം കൂട്ടായി ചുമതല വഹിക്കാനായിരുന്നു സംസ്ഥ്ന നേതൃയോഗത്തിൽ ധാരണയായത്. കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം ബിനോയ് വിശ്വം,സംസ്ഥാന അസി. സെക്രട്ടറിമാരായ ഇ.ചന്ദ്രശേഖരൻ, പി.പി.സുനീർ ദേശീയ കൗൺസിൽ അംഗം കെ.പ്രകാശ് ബാബു എന്നിവർ ചേർന്ന് തീരുമാനങ്ങൾ എടുക്കാനും ധാരണയായിരുന്നു.

എന്നാൽ ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തു വരുന്ന സാഹചര്യത്തിൽ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനാണ് ചുമതല കൈമാറണമെന്ന ആവശ്യമുയരുന്നത്.

ആരോഗ്യ പ്രശ്നങ്ങൾ മൂലംകാനം കുറച്ച് നാളുകളായി സജീവ പ്രവർത്തനങ്ങളിൽ നിന്നും മാറി നിൽക്കുകയായിരുന്നു. തുടർ ചികിത്സകൾക്കാണ് അവധിയിൽ പ്രവേശിക്കുന്നത്.

Advertisement
Advertisement