യുക്രെയിന് യു.എസ് സഹായം: തടഞ്ഞ് റിപ്പബ്ലിക്കൻ സെനറ്റർമാർ
വാഷിംഗ്ടൺ : യുക്രെയിനും ഇസ്രയേലിനും സഹായം നൽകാൻ യു.എസ് ഭരണകൂടം മുന്നോട്ടുവച്ച 106 ബില്യൺ ഡോളറിന്റെ ബില്ല് സെനറ്റിൽ തടഞ്ഞ് റിപ്പബ്ലിക്കൻ പാർട്ടി അംഗങ്ങൾ. രാജ്യത്തിന്റെ അതിർത്തി സുരക്ഷയിലും കുടിയേറ്റ പരിഷ്കാരങ്ങളിലും കർശന നിയമം കൊണ്ടുവരണമെന്ന റിപ്പബ്ലിക്കൻമാരുടെ ആവശ്യം അംഗീകരിക്കപ്പെടാത്തതിനാലാണ് നീക്കം.
51 പേർ ബില്ലിനെ എതിർത്ത് വോട്ട് ചെയ്തു. 49 അനുകൂല വോട്ട് ലഭിച്ചു. പാസാകാൻ വേണ്ടത് 60 വോട്ടായിരുന്നു. എല്ലാ റിപ്പബ്ലിക്കൻമാരും സ്വതന്ത്ര സെനറ്ററായ ബേർണി സാൻഡേഴ്സും ബില്ലിനെ എതിർത്ത് വോട്ട് ചെയ്തു.
ബില്ലിൽ 60 ബില്യൺ ഡോളറാണ് യുക്രെയിനായി നീക്കിവച്ചിരിക്കുന്നത്. 10 ബില്യൺ ഡോളർ ഇസ്രയേലിനും. തായ്‌വാന് വേണ്ടിയും ഒരു ഭാഗം നീക്കിവച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ റഷ്യൻ അധിനിവേശം ആരംഭിച്ചത് മുതൽ യുക്രെയിന് യു.എസ് സഹായം നൽകുന്നുണ്ട്. എന്നാൽ രാജ്യത്തെ പൗരന്മാർ നൽകുന്ന നികുതിപ്പണം വൻതോതിൽ നൽകുന്നതിനെതിരെ റിപ്പബ്ലിക്കൻമാർ എതിർപ്പ് ശക്തമാക്കിയിരുന്നു.