നടി ലക്ഷ്മിക സജീവൻ അന്തരിച്ചു; 'കാക്ക'യിലൂടെ പ്രേക്ഷകരെ അതിശയിപ്പിച്ച താരം

Friday 08 December 2023 8:36 AM IST

കൊച്ചി: ജനശ്രദ്ധ നേടിയ 'കാക്ക' എന്ന ഹ്രസ്വചിത്രത്തിലൂടെ ശ്രദ്ധ നേടിയ നടി ലക്ഷ്മിക സജീവൻ അന്തരിച്ചു. ഷാർജയിൽ വച്ച് കഴിഞ്ഞ ദിവസമായിരുന്നു അന്ത്യം. പള്ളുരുത്തി സ്വദേശിയായ സജീവന്റെയും ലിമിറ്റയുടെയും മകളാണ്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് വിവരം. എന്നാൽ ഇക്കാര്യത്തിൽ വ്യക്തതയില്ല. കഴിഞ്ഞ കുറച്ച് കാലങ്ങളായി ഷാർജയിൽ ജോലി ചെയ്തുവരികയായിരുന്നു.

കാക്ക എന്ന ഹ്രസ്വചിത്രത്തിൽ ശ്രദ്ധേയമായ വേഷമാണ് ലക്ഷ്മിക അവതരിപ്പിച്ചത്.

ശാരീരികവൈകല്യങ്ങളുടെ പേരിൽ പരിഹസിക്കപ്പെടുന്ന മാറ്റിനിർത്തപ്പെടുന്ന മനുഷ്യരുടെ അതിജീവന കഥ കൂടി ആയിരുന്നു കാക്ക. ചിത്രം പ്രക്ഷക-നിരൂപക പ്രശംസകൾ നേടിയിരുന്നു. ശേഷം മലയാള സിനിമയിലും ലക്ഷ്മിക ചില വേഷങ്ങൾ ചെയ്തിട്ടുണ്ട്.

യമണ്ടൻ പ്രേമകഥ, പഞ്ചവർണത്തത്ത, സൗദി വെള്ളക്ക, പുഴയമ്മ, ഉയരേ, ഒരു കുട്ടനാടൻ ബ്ലോഗ്, നിത്യഹരിത നായകൻ തുടങ്ങിയ ചിത്രങ്ങളിൽ ലക്ഷ്മിക ചെറിയ വേഷങ്ങൾ ചെയ്തിരുന്നു. ലക്ഷ്മികയുടെ മരണം ഇപ്പോഴും വിശ്വസിക്കാൻ സാധിക്കുന്നില്ലെന്നാണ് സുഹൃത്തുക്കൾ സോഷ്യൽ മീഡിയയിൽ കുറിക്കുന്നത്.