'2018 മുതൽ വിദേശരാജ്യങ്ങളിൽ മരണപ്പെട്ടത് 403ഓളം ഇന്ത്യൻ വിദ്യാർത്ഥികൾ'; നൂറിനടുത്ത് വിദ്യാ‌ർത്ഥികൾ മരിച്ചത് ഒരു രാജ്യത്ത്, ഞെട്ടിപ്പിക്കുന്ന കണക്ക് പുറത്ത്

Friday 08 December 2023 11:30 AM IST

ന്യൂഡൽഹി: 2018 മുതൽ വിവിധ വിദേശ രാജ്യങ്ങളിലായി 403 ഓളം ഇന്ത്യൻ വിദ്യാർത്ഥികൾ മരണപ്പെട്ടുവെന്ന് കേന്ദ്രസർക്കാരിന്റെ റിപ്പോർട്ട് പുറത്ത്. വിദേശരാജ്യങ്ങളിൽ വച്ചുണ്ടായ വിദ്യാർത്ഥികളുടെ സ്വാഭാവിക മരണങ്ങളുടെയും അപകട മരണങ്ങളുടെയും എണ്ണം പരിഗണിച്ചുളള റിപ്പോർട്ടാണ് പുറത്തുവന്നിരിക്കുന്നത്. കേന്ദ്രമന്ത്രി വി മുരളീധരനാണ് രാജ്യസഭയിൽ റിപ്പോർട്ട് അവതരിപ്പിച്ചത്.

34 രാജ്യങ്ങളുടെ വിവരം പരിശോധിച്ചപ്പോൾ ഏറ്റവും കൂടുതൽ ഇന്ത്യൻ വിദ്യാ‌ർത്ഥികൾ മരണപ്പെട്ടിരിക്കുന്ന രാജ്യം കാനഡയെന്ന് വ്യക്തമായി. 91 വിദ്യാർത്ഥികളാണ് അഞ്ച് വർഷങ്ങൾക്കുളളിൽ കാനഡയിൽ മരണപ്പെട്ടിരിക്കുന്നത്. ഇംഗ്ലണ്ടിൽ 48 മരണവും റഷ്യയിൽ 40ഉം അമേരിക്കയിൽ 36ഉം ഓസ്‌ട്രേലിയയിൽ 35ഉം യുക്രൈനിൽ 21ഉം ജർമ്മനിയിൽ 20ഉം സൈപ്രസിൽ 41ഉം ഇ​റ്റലിയിലും ഫിലിപ്പീൻസിലുമായി പത്ത് മരണങ്ങളുമാണ് യഥാക്രമം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

വിദേശരാജ്യങ്ങളിൽ ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ഒരുക്കേണ്ട സുരക്ഷാസംവിധാനങ്ങളെക്കുറിച്ചും മുരളീധരൻ വ്യക്തമാക്കി. ഭാവിയിൽ ഇത്തരം അവസ്ഥകൾ ഉണ്ടാകാതിരിക്കാനുളള നടപടികളെക്കുറിച്ചും അദ്ദേഹം ഓർമ്മപ്പെടുത്തി.വിദേശ രാജ്യങ്ങളിലുളള ഇന്ത്യൻ ഉദ്യോഗസ്ഥരോട് വിദ്യാർത്ഥികൾ പഠിക്കുന്ന കോളേജുകളിലും സർവകലാശാലകളിലും എത്തി കൃത്യമായ പരിശോധന നടത്തണമെന്നും അദ്ദേഹം പറഞ്ഞു.

'വിദേശരാജ്യങ്ങളിൽ ഉന്നത പഠനത്തിനായി പോകുന്ന ഇന്ത്യൻ വിദ്യാർത്ഥികളുടെ സുരക്ഷയും സംരക്ഷണവും സർക്കാരിന്റെ ഉത്തരവാദിത്വമാണ്.വിദ്യാർത്ഥികൾക്ക് ഏതെങ്കിലും തരത്തിലൂളള പ്രശ്നങ്ങളോ സുരക്ഷാ വീഴ്ചയോ സംഭവിക്കുകയാണെങ്കിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ വിവരം അറിയിക്കണം.' - കേന്ദ്രമന്ത്രി പറഞ്ഞു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് ആവശ്യത്തിനുളള വൈദ്യസഹായവും താമസസൗക്യങ്ങളും സർക്കാർ സജ്ജമാക്കുമെന്നും അദ്ദേഹം വാഗ്ദാനം ചെയ്തു.അതേസമയം, ഇന്ത്യയിൽ നിന്ന് വിദ്യാർത്ഥികൾ കൂടുതലായി വിദേശത്ത് പഠിക്കാനായി പോകുന്നുവെന്ന് വിദേശകാര്യമന്ത്റാലയ വക്താവ് അതിന്ദം ബാഗ് ചി കൂട്ടിച്ചേർത്തു.

Advertisement
Advertisement