ആത്മഹത്യ ചെയ്യുമെന്ന് മെസേജ്, പിന്നാലെ റുവെെസ് ബ്ലോക്ക് ചെയ്തു; മരണ ദിവസം ഷഹന അയച്ച സന്ദേശം പുറത്ത്
തിരുവനന്തപുരം: മെഡിക്കൽ കോളേജിലെ പി ജി വിദ്യാർത്ഥിനി ഡോ. ഷഹനയുടെ ആത്മഹത്യയിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. താൻ ആത്മഹത്യ ചെയ്യുകയാണെന്ന് മരണ ദിവസം സുഹൃത്തായ ഡോ. റുവെെസിന് ഷഹന വാട്സാപ്പിൽ മെസേജ് അയച്ചിരുന്നു. ഈ മെസേജ് കിട്ടിയതോടെ റുവെെസ് ഷഹനയെ ബ്ലോക്ക് ചെയ്തു. ഷഹനയുടെ ഫോണിൽ നിന്ന് ഈ മെസേജിന്റെ വിവരങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്.
തിങ്കളാഴ്ച രാവിലെ ഒമ്പത് മണിക്കാണ് മെസേജ് അയച്ചത്. അന്ന് അർദ്ധ രാത്രിയാണ് ഷഹനയെ അബോധാവസ്ഥയിൽ ഫ്ലാറ്റിൽ കണ്ടെത്തിയത്. എന്നാൽ പൊലീസ് അറസ്റ്റ് ചെയ്യുന്നതിന് തൊട്ടുമുൻപ് റുവെെസ് ഈ സന്ദേശം ഡിലിറ്റ് ചെയ്തു.
അതേസമയം, ഷഹനയുടെ ആത്മഹത്യാക്കുറിപ്പില്‍ ഡോക്ടര്‍ റുവൈസിന്റെ പേര് പരാമര്‍ശിച്ചിരുന്നതായി പൊലീസ് പറഞ്ഞു. റുവൈസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പൊലീസ് പറയുന്നത്. ഒ.പി ടിക്കറ്റില്‍ എഴുതിയ ആത്മഹത്യാക്കുറിപ്പും ഷഹ്നയുടെ മാതാവിന്റെ മൊഴിയും പരിഗണിച്ചാണ് റുവൈസിനെ പൊലീസ് അറസ്റ്റ് ചെയ്തത്.
'സ്ത്രീധന മോഹം കാരണം ഇന്ന് എന്റെ ജീവിതമാണ് അവസാനിപ്പിക്കുന്നത്...വിവാഹ വാഗ്ദാനം നല്‍കി എന്റെ ജീവിതം നശിപ്പിക്കുക എന്നതായിരുന്നു അവന്റെ ഉദ്ദേശ്യം. ഒന്നര കിലോ സ്വര്‍ണവും ഏക്കറ് കണക്കിനു ഭൂമിയും ചോദിച്ചാല്‍ കൊടുക്കാന്‍ എന്റെ വീട്ടുകാരുടെ കയ്യില്‍ ഇല്ലായെന്നുള്ളത് സത്യമാണ്...' ആത്മഹത്യാക്കുറിപ്പിലെ ഈ പരാമര്‍ശമാണ് റുവൈസിനെ കുരുക്കിയത്.