ക്രിസ്മസ് ചന്തയ്ക്കായി അരി വാങ്ങാതെ സപ്ലൈകോ.... പൊതുവിപണിയിൽ അരിവില കൂട്ടാൻ സ്വകാര്യമില്ലുകൾ
കോട്ടയം: സപ്ലൈകോ ടെൻഡർ വിതരണക്കാർ ബഹിഷ്ക്കരിച്ച് ക്രിസ്മസ് ചന്ത നടത്തിപ്പ് അനിശ്ചിതത്വത്തിലായതോടെ അരി വില കൂട്ടാൻ സ്വകാര്യ മില്ലുകൾ ഒരുങ്ങുന്നു. സപ്ലൈകോ കർഷകരിൽ നിന്ന് സംഭരിച്ച നെല്ല് മില്ലുകൾക്ക് നൽകുന്നത് അരിയാക്കി തിരിച്ച് സപ്ലൈകോയ്ക്ക് കൈമാറുകയാണ്. റേഷൻ നൽകുന്നതിന് കേന്ദ്രം അനുവദിച്ച പണം അഡ്ജസ്റ്റ് ചെയ്യുന്നത് റേഷൻ കടകളിലൂടെ ഈ അരി വിറ്റാണ്. ക്രിസ്മസ് ചന്തയിലൂടെയും വിവിധ സപ്ലൈകോ ഔട്ട്‌ലെറ്റുകളിലൂടെയുമാണ് സ്വാകാര്യമില്ലുകളുടെ അരി കൂടുതലും വിൽക്കുന്നത്. ക്രിസ്മസ് ചന്ത ഇക്കുറി ഉണ്ടാവില്ലെന്ന് വന്നതോടെ മില്ലുകളിൽ നിന്ന് സപ്ലൈകോ അരി വാങ്ങില്ല. ഇതോടെ പൊതുവിപണിയിൽ വില ഉയരും. കർഷകർ കൊയ്തെടുത്ത മുഴുവൻ നെല്ലും മില്ലുകൾ സംഭരിച്ച് അരിയാക്കി. സപ്ലൈകോ ഇതു വാങ്ങാതെ വരുന്നതോടെ ഔട്ട് ലെറ്റുകളിൽ സ്റ്റോക്ക് ഇല്ലാതാകും. ഇതോടെ പൊതുവിപണിയിൽ അരി വില എത്ര കൂട്ടണമെന്ന് നിശ്ചയിക്കാൻ മില്ലുകൾക്ക് കഴിയും.
നിരീക്ഷിച്ച് അന്യസംസ്ഥാന ലോബിയും
തമിഴ്നാട്, ആന്ധ്ര, കർണാടക സംസ്ഥാനങ്ങളിൽ നിന്ന് വരുന്ന അരിയുടെ വില മാസങ്ങളായി കൂടുന്നില്ല. സ്വകാര്യ മില്ലുകളുടെ കളി അന്യസംസ്ഥാന ലോബിയും മനസിലാക്കുന്നതോടെ അവരും വില കൂട്ടുന്ന സാഹചര്യമുണ്ടാകും. മൂന്നു ഡസനോളം സ്വകാര്യ മില്ലുകളാണ് കേരളത്തിലുള്ളത്. ഇവർ വിചാരിച്ചാൽ പൊതുവിപണിയിലെ അരിവില നിയന്ത്രിക്കാനാകും. സർക്കാർ ഉടമസ്ഥതയിലുള്ള വെച്ചൂർ റൈസ് മിൽ സംഭരിച്ച നെല്ല് അരിയാക്കിയതും സപ്ലൈകോ വാങ്ങാത്തതിനാൽ കെട്ടിക്കിടക്കുകയാണ്. കുട്ടനാട് റൈസ് ബ്രാൻഡഡ് അരി വെച്ചൂർ മിൽ വിറ്റിരുന്നത് നിറുത്തിയതും സ്വകാര്യ മിൽ ലോബിയ്ക്ക് സഹായകമായി.
''സ്വകാര്യ മില്ലുകളിൽ നിന്ന് സർക്കാർ അരിവാങ്ങാതെ വരുന്നതോടെ കെട്ടിക്കിടക്കുന്നതിനാൽ വില കുറയ്ക്കുന്നതിന് പകരം വില കൂട്ടാനാണ് മില്ലുകളുടെ നീക്കം. സർക്കാർ അടിയന്തര ഇടപെടൽ ഉണ്ടാകണം
എബി ഐപ്പ് (ജില്ലാ ഭക്ഷ്യോപദേശക സമിതി വിജിലൻസ് അംഗം)