സിനിമാ തീയേറ്ററുകൾ ലക്ഷ്യമിട്ട് രണ്ട് പുരുഷന്മാർ; കൈയിൽ കരുതിയിരിക്കുന്ന സ്‌പ്രേ മുഖത്തടിച്ചാൽ ചുമ നിർത്താൻ കഴിയില്ല

Friday 08 December 2023 4:54 PM IST

ഒറ്റാവ: ഹിന്ദി ചിത്രങ്ങൾ പ്രദർശിപ്പിക്കുന്ന മൂന്ന് തീയേറ്ററുകൾക്ക് നേരെ അജ്ഞാതരുടെ ആക്രമണം. കാനഡയിൽ ടൊറന്റോയിലാണ് സംഭവം. പ്രദർശനം നടക്കുന്നതിനിടെ തീയേറ്ററിനുള്ളിൽ അതിക്രമിച്ച് കയറിയ സംഘം ആളുകൾക്ക് നേരെ തിരിച്ചറിയാത്ത ഒരു വസ്തു സ്പ്രേ ചെയ്തതായാണ് റിപ്പോർട്ട്.

വോഗനിലെ സിനിമാ തീയേറ്റർ കോംപ്ലക്സിൽ ചൊവ്വാഴ്ച രാത്രിയാണ് പ്രദർശനത്തിനിടെ ആക്രമണം നടന്നത്. അക്രമികളെന്ന് സംശയിക്കുന്നവരുടെ ചിത്രങ്ങൾ കാനഡ പൊലീസ് പുറത്തുവിട്ടിട്ടുണ്ട്. മാസ്ക് ധരിച്ച രണ്ട് പുരുഷന്‍മാര്‍ തീയേറ്ററിനുള്ളിൽ പ്രവേശിച്ച് ആളുകൾക്ക് നേരെ എന്തോ സ്പ്രേ ചെയ്യുകയായിരുന്നു. തൊട്ടുപിന്നാലെ ഉള്ളിലുണ്ടായിരുന്നവർക്ക് ചുമ തുടങ്ങി. ഇരുന്നൂറോളം ആളുകള്‍ ആ സമയത്ത് തിയറ്ററിലുണ്ടായിരുന്നു. തുടർന്ന് ആളുകളെ അടിയന്തരമായി ഒഴിപ്പിച്ചു.

വിവരമറിഞ്ഞ് പൊലീസ് സംഘം സ്ഥലത്തെത്തിയപ്പോഴേക്കും അക്രമികൾ സ്ഥലംവിട്ടു. പിന്നീട് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പ്രതികളെന്ന് സംശയിക്കുന്നവരുടെ ദൃശ്യങ്ങൾ പൊലീസ് പുറത്തുവിട്ടു. ഈ ആഴ്ച ടൊറന്റോയിൽ ഇത് മൂന്നാം തവണയാണ് ഇത്തരത്തിൽ സംഭവം റിപ്പോർട്ട് ചെയ്യുന്നത്. മൂന്ന് സംഭവങ്ങളും വെറും മൂന്ന് മണിക്കൂർ ഇടവേളയിലാണ് നടന്നതെന്നാണ് വിവരം. ഇവ തമ്മിൽ ബന്ധമുണ്ടോ എന്ന് പൊലീസ് പരിശോധിക്കുകയാണ്.