കെവിൻ മക്കാർത്തി വിരമിക്കുന്നു

Saturday 09 December 2023 6:45 AM IST

ന്യൂയോർക്ക് : യു.എസ് ജനപ്രതിനിധി സഭ മുൻ സ്പീക്കറും റിപ്പബ്ലിക്കൻ പാ‌ർട്ടി നേതാവുമായ കെവിൻ മക്കാർത്തി സജീവ രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നു. ഡിസംബർ അവസാനത്തോടെ ജനപ്രതിനിധി സഭയിൽ നിന്ന് പടിയിറങ്ങുമെന്ന് 58കാരനായ അദ്ദേഹം പറഞ്ഞു. കാലിഫോർണിയയിൽ നിന്നുള്ള ജനപ്രതിനിധിയായ കെവിൻ 16 വർഷമാണ് യു.എസ് ജനപ്രതിനിധി സഭയിൽ അംഗമായിരുന്നത്. റിപ്പബ്ലിക്കൻ പാർട്ടിയുടെ മെജോരിറ്റി വിപ്പ്, നേതാവ് തുടങ്ങിയ പദവികളും വഹിച്ചു. ജനപ്രതിനിധി സഭയുടെ 55-ാം സ്പീക്കറായിരുന്ന കെവിൻ മക്കാർത്തിയെ ഇക്കഴിഞ്ഞ ഒക്ടോബറിൽ വോട്ടെടുപ്പിലൂടെ സ്പീക്കർ സ്ഥാനത്ത് നിന്ന് പുറത്താക്കുകയായിരുന്നു. യു.എസിന്റെ 234 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് ഒരു സ്പീക്കറെ വോട്ടെടുപ്പിലൂടെ പുറത്താക്കുന്നത്. ഇക്കഴിഞ്ഞ ജനുവരിയിലാണ് കെവിൻ അധികാരത്തിലെത്തിയത്. പാർട്ടിയിലെ തീവ്ര വലതുപക്ഷ വിമതരാണ് മക്കാർത്തിയുടെ പുറത്താക്കലിലേക്ക് നയിച്ചത്.

പ്രസിഡന്റ് ജോ ബൈഡന്റെ ഡെമോക്രാ​റ്റിക് പാർട്ടിയോടുള്ള മക്കാർത്തിയുടെ സഹകരണമാണ് അതൃപ്തിക്ക് കാരണം. ഡെമോക്രാറ്റുകളുടെ സഹകരണത്തോടെ അടിയന്തര ധനവിനിയോഗ ബിൽ മക്കാർത്തി പാസാക്കിയിരുന്നു. ബിൽ പാസായില്ലെങ്കിൽ രാജ്യത്ത് ഭരണ പ്രതിസന്ധിക്കും സർക്കാർ അടച്ചുപൂട്ടലിനും ഇടയാക്കുമെന്ന ഘട്ടമെത്തിയിരുന്നു.

എന്നാൽ,​ ബില്ലിനെതിരെ തങ്ങൾക്കുണ്ടായിരുന്ന അഭിപ്രായ ഭിന്നത അവഗണിച്ചതോടെ വിമതർ മക്കാർത്തിക്കെതിരെ പുറത്താക്കൽ പ്രമേയവുമായി രംഗത്തെത്തി. യു.എസ് പ്രസിഡന്റിനും വൈസ് പ്രസിഡന്റിനും ശേഷമുള്ള ഉന്നത പദവിയാണ് ജനപ്രതിനിധി സഭാ സ്പീക്കറുടേത്.

Advertisement
Advertisement