യുവാവിന്റെ മുഖത്തേക്ക് മുളക് പൊടി വിതറി ആക്രമണം; പിന്നാലെ കത്തിയുപയോഗിച്ച് മുപ്പതോളം തവണ കുത്തിക്കൊലപ്പെടുത്തി അജ്ഞാതൻ

Saturday 09 December 2023 4:38 PM IST

പാറ്റ്ന: ഇരുപതുകാരനെ റോഡരികിൽ വച്ച് ക്രൂരമായി കൊലപ്പെടുത്തി അ‌ജ്ഞാതൻ. ബീഹാറിലെ നവാഡ നഗരത്തിലായിരുന്നു സംഭവം. ശിവ്നഗ‌ർ സ്വദേശിയായ രാഹുൽ കുമാറിനെ അജ്ഞാതൻ മുപ്പതോളം തവണ കത്തിയുപയോഗിച്ച് കുത്തുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും കൊലപാതകത്തിന്റെ കാരണം വ്യക്തമല്ലെന്നും പൊലീസ് പറഞ്ഞു.

വാരണാസിയിൽ സ്ഥിരതാമസമാക്കിയ രാഹുൽ ഛത്ത് പൂജാഘോഷത്തിന്റെ ഭാഗമായാണ് നവാഡയിൽ എത്തിയത്. പ്രതി യുവാവിന്റെ കണ്ണിലേക്ക് മുളക് പൊടി എറിഞ്ഞതിന് ശേഷമായിരുന്നു ആക്രമണം നടത്തിയത്. ശേഷം പ്രതി രാഹുലിനെ മൂപ്പതോളം തവണ കുത്തുകയായിരുന്നു.

പ്രചരിക്കുന്ന വീഡിയോയിൽ കാൽനടയാത്രക്കാരും വാഹനങ്ങളും പോകുന്നത് കാണാം. കൃത്യം ചെയ്തതിനു ശേഷം പ്രതി സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. സംഭവസ്ഥലത്ത് കൃത്യസമയത്ത് പൊലീസോ ആംബുലൻസോ എത്താതിനെത്തുടർന്ന് രാഹുലിനെ നാട്ടുകാർ ഓട്ടോറിക്ഷയിലാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്.

പ്രതിയെ തിരിച്ചറിയാൻ സമീപത്തുളള മ​റ്റ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണെന്ന് പൊലീസ് മാദ്ധ്യമങ്ങളോട് പറഞ്ഞ . സംശയിക്കുന്നയാളെ തിരിച്ചറിഞ്ഞാൽ നടപടി സ്വീകരിക്കുമെന്ന് പൊലീസ് സൂപ്രണ്ട് അജയ് പ്രസാദ് അറിയിച്ചു. പ്രതിക്ക് 35 നും 40നും ഇടയിലേ പ്രായമുളളൂവെന്നാണ് നാട്ടുകാർ നൽകിയ മൊഴി. രാഹുലിന്റെ അമ്മ മുൻനഗറിലെ ജയിൽ ജീവനക്കാരിയാണ്.