പുറം ദൃഢം, അകം മൃദുലം
പി.കെ.വിയ്ക്ക് ശേഷം പാർട്ടി അമരത്തെത്തിയ കോട്ടയത്തുകാരൻ
കോട്ടയം : കിടങ്ങൂരുകാരനായ പി.കെ.വാസുദേവൻ നായർക്ക് ശേഷം കാനത്തു നിന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറിയാകുന്ന രണ്ടാമത്തെ കോട്ടയംകാരനാണ് കാനം രാജേന്ദ്രൻ. കുട്ടിക്കാലത്ത് കാനത്ത് നിന്ന് വാഴൂരിലെ സ്കൂളിലേക്ക് മൂന്നു കിലോമീറ്റർ നടന്നായിരുന്നു യാത്ര. യുവ നേതാവായപ്പോൾ കോട്ടയത്ത് നിന്ന് അവസാന ബസിൽ പതിനാലാം മൈലിൽ ഇറങ്ങി കിലോ മീറ്ററുകളോളം നടന്ന് വൈകി വീട്ടിലെത്തും. നിശ്ചയദാർഢ്യത്തോടെയുള്ള ഈ നടപ്പായിരുന്നു കാനത്തെ സി.പി.ഐ സംസ്ഥാന സെക്രട്ടറി പദവിയിലെത്തിച്ചത്. ഡൺഹിൽ ബ്രാൻഡ് ഷർട്ട് ധരിച്ച് യുവനേതാവായി തിളങ്ങിയ കാനം എഴുപത്തി മൂന്നിലും ആ തിളക്കം രാഷ്ട്രീയത്തിലും നിലനിറുത്തിയാണ് യാത്രയാകുന്നത്. കാനത്തെ കൊച്ചു കളപ്പുരയിടത്തിൽ വീട് ആർക്കും കയറിച്ചെല്ലാവുന്ന ഇടമായിരുന്നു. പിന്നീട് തിരുവനന്തപുരത്തേക്ക് താമസം മാറ്റിയപ്പോഴും വീട് പൂട്ടാതെ ഗേറ്റിന്റെ ചങ്ങല ചുറ്റിയ നിലയിലായിരുന്നു. കാനത്തിന്റെ സ്വഭാവം പോലെ പുറം ദൃഢവും അകം മൃദുലവുമായിരുന്നു. എവിടെയും നായക സ്ഥാനം തേടിയെത്തിയിരുന്ന കാനം എ.ഐ.എസ്.എഫ് കലാമേളയിൽ രക്തപുഷ്പം നാടകത്തിലെ നായക നടനായിരുന്നു. എന്നാൽ ജീവിതത്തിൽ ഒരിക്കലും അഭിനയിച്ചില്ല. നിലപാടുകളിൽ ഉറച്ചു നിന്ന് പൊട്ടിത്തെറിച്ച പച്ച മനുഷ്യൻ. തോട്ടം മാനേജരായിരുന്ന പിതാവിനൊപ്പം എസ്റ്റേറ്റുകളിലെ തൊഴിലാളികളുടെ ജീവിത വേദനകൾ കുട്ടിക്കാലത്തെ മനസിലാക്കിയതാണ് നിയമസഭാംഗമായപ്പോൾ നിർമ്മാണ തൊഴിലാളി ക്ഷേമത്തിനായി സ്വകാര്യ ബിൽ അവതരിപ്പിക്കാൻ പ്രേരണയായത്.
പാർട്ടിയും, മുന്നണിയും വലുത്
പാർട്ടിക്കാര്യവും മുന്നണിക്കാര്യവും പുറത്തു പറഞ്ഞു വിവാദമുണ്ടാക്കാൻ കാനം ഒരിക്കലും ശ്രമിച്ചില്ല. എന്നാൽ മുന്നണി, പാർട്ടി യോഗങ്ങളിൽ പറയാനുള്ളത് വെട്ടിത്തുറന്നു പറഞ്ഞ് തനി കോട്ടയംകാരനായി ചോദ്യത്തിന് മറുചോദ്യം ചോദിച്ചും 'കോഴി കോട്ടുവാ ഇട്ടതു പോലെ , ചായക്കോപ്പയിലെ കൊടുങ്കാറ്റ് തുടങ്ങിയ പ്രയോഗങ്ങളിലൂടെ മാദ്ധ്യമ പ്രവർത്തകരുടെ വായടപ്പിച്ചും ചിരിക്കുന്നതായിരുന്നു കാനം സ്റ്റൈൽ. പാർട്ടി നേതാക്കളെ കമ്മിറ്റികളിൽ വാക്കുകൾ കൊണ്ട് പ്രഹരിക്കാൻ മടിച്ചില്ല. കെ.ഇ.ഇസ്മയിലും, സി.ദിവാകരനുമെല്ലാം ആ പ്രഹരമേറ്റിട്ടുണ്ട്.