ഇതാ ഇങ്ങനെയാണ് അയോദ്ധ്യയിലെ രാമക്ഷേത്രത്തിന്റെ ശ്രീകോവിൽ, ചിത്രം പുറത്തുവിട്ട് രാമജന്മഭൂമി ട്രസ്‌റ്റ്

Saturday 09 December 2023 10:05 PM IST

ലക്‌നൗ: അയോദ്ധ്യയിലെ ശ്രീരാമക്ഷേത്രത്തിന്റെ നിർമ്മാണം ത്വരിതഗതിയിൽ പുരോഗമിക്കുകയാണ്. ഒരു മാസത്തിനകം ക്ഷേത്രത്തിൽ ശ്രീരാമചന്ദ്രന്റെ പ്രതിഷ്‌ഠ നടക്കാനിരിക്കുകയാണ്. ഇതിനിടെ ക്ഷേത്രത്തിലെ ശ്രീകോവിൽ എങ്ങനെയെന്നുള്ളതിന്റെ സൂചന പുറത്തുവിട്ട് ക്ഷേത്ര ട്രസ്റ്റ് ഭാരവാഹികൾ. ശ്രീ രാമജന്മഭൂമി തീർത്ഥ ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത്ത് റായി പുറത്തുവിട്ട ചിത്രങ്ങൾ ഇതിനോടകം വൈറലായിക്കഴിഞ്ഞു.

'ശ്രീരാം ലല്ല ക്ഷേത്രത്തിന്റെ ശ്രീകോവിൽ പണി ഏതാണ്ട് പൂർത്തിയായി. കുറച്ച് പണികൾ നടക്കുകയാണ്. ചില ചിത്രങ്ങൾ നിങ്ങളുമായി പങ്കുവയ്‌ക്കുന്നു.' ചമ്പത്ത് റായി എക്‌സിൽ കുറിച്ചു. 2024 ജനുവരി 22നാണ് ക്ഷേത്രത്തിന്റെ പ്രതിഷ്‌ഠാ ചടങ്ങ്.ക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്‌ഠാ ചടങ്ങിൽ പങ്കെടുക്കാൻ 6000ത്തോളം ആളുകൾക്ക് ട്രസ്റ്റ് കത്തയക്കും. രാമന്റെ ചെറുപ്പത്തിലെ ഭാവമുള്ള രാം ലല്ല വിഗ്രഹങ്ങളിൽ ഏത് പ്രതിഷ്‌ഠിക്കണമെന്ന് ഡിസംബ‌ർ 15ന് ട്രസ്റ്റ് തീരുമാനിക്കും. ഗണേഷ് ഭട്ട്, അരുൺ യോഗിരാജ്, സത്യനാരായൺ പാണ്ഡെ എന്നിവരാണ് വിഗ്രഹനിർമ്മാണം നടത്തിയത്. കർണാടക, രാജസ്ഥാൻ എന്നിവിടങ്ങളിൽ നിന്ന് കൊണ്ടുവന്ന ശിലയിലാണ് വിഗ്രഹ നിർമ്മാണം. വിഗ്രഹങ്ങൾ ഏതാണ്ട് 90 ശതമാനവും പൂർത്തിയായതായും ചമ്പത്ത് റായി അറിയിച്ചു.

Advertisement
Advertisement