അപ്രത്യക്ഷമായ ബോയിംഗ്, ഒരു വിമാന മോഷണക്കഥ !

Sunday 10 December 2023 6:57 AM IST

ന്യൂയോർക്ക് : പല തരത്തിലുള്ള മോഷണങ്ങളെ പറ്റി കേട്ടിട്ടുണ്ട്. എന്നാൽ, കൂറ്റൻ ബോയിംഗ് വിമാനത്തെ എയർപോർട്ടിൽ നിന്ന് കടത്തിക്കൊണ്ടു പോയ ഒരു സംഭവം ഇന്നും വ്യോമയാന ചരിത്രത്തിൽ ഒരു നിഗൂഢതയായി അവശേഷിക്കുകയാണ്. ആഫ്രിക്കൻ രാജ്യമായ അംഗോളയിൽ നിന്ന് കാണാതായ ബോയിംഗ് 727 - 223 എന്ന വിമാനം ഇന്ന് എവിടെയാണെന്നോ എന്ത് സംഭവിച്ചെന്നോ വിമാനത്തിന്റെ തിരോധാനത്തിന് പിന്നിൽ ആരാണെന്ന് ചോദിച്ചാലോ കൃത്യമായ ഉത്തരമില്ലാതെ ചോദ്യചിഹ്നമായി തുടരുകയാണ്.

 എവിടെ ?

2003 മേയ് 25, വൈകിട്ട് ഏകദേശം 5 മണി കഴിഞ്ഞ് കാണും....എൻ844എഎ എന്ന രജിസ്ട്രേഷൻ നമ്പറുള്ള ഒരു ബോയിംഗ് 727 - 223 വിമാനം അംഗോളയിലെ ലുവാണ്ടയിൽ സ്ഥിതി ചെയ്യുന്ന ക്വാട്രോ ഡി ഫെവെറെയ്റോ വിമാനത്താവളത്തിൽ നിന്ന് മോഷണം പോയി.! അറ്റ്‌ലാൻഡിക് സമുദ്രത്തിന് മുകളിലൂടെ പറന്ന ആ വിമാനത്തെ പിന്നീടാരും കണ്ടിട്ടില്ല. യു.എസിന്റെ എഫ്.ബി.ഐ, സി.ഐ.എ തുടങ്ങിയ മുൻ നിര ഏജൻസികൾ വിമാനത്തെ ആരാണ് കടത്തിക്കൊണ്ട് പോയതെന്നും എവിടേക്കാണ് കൊണ്ടുപോയതെന്നും കണ്ടെത്താൻ തലങ്ങും വിലങ്ങും ശ്രമിച്ചു. പക്ഷേ, യാതൊരു ഫലവുമുണ്ടായില്ല. ഇന്നും ആ വിമാനം എവിടെ പോയി എന്ന് ആർക്കും അറിയില്ല.

 പുതിയതല്ല

1975ലാണ് ബോയിംഗ് 727 - 223 നിർമ്മിക്കപ്പെട്ടത്. 25 വർഷം അമേരിക്കൻ എയർലൈൻസിന് വേണ്ടി സേവനമനുഷ്ഠിച്ച വിമാനമായിരുന്നു അത്. മിയാമി ആസ്ഥാനമായുള്ള ഒരു ഏവിയേഷൻ കമ്പനി പിന്നീട് ഈ വിമാനം വാങ്ങുകയും അംഗോള എയർലൈൻസിന് വാടകയ്ക്ക് കൊടുക്കുകയായിരുന്നു. കാണാതാകുന്നതിന് മുമ്പ് 14 മാസമായി ലുവാണ്ടയിൽ ഉപയോഗമില്ലാതെ എയർപോർട്ടിൽ തന്നെ കിടക്കുകയായിരുന്നു ഈ വിമാനം.

എയർപോർട്ട് അതോറിറ്റിയ്ക്ക് 4 മില്യണോളം ഡോളർ കുടിശിക വരുത്തിയതിനാലാണ് വിമാനം മാസങ്ങളായി എയർപോർട്ടിൽ തന്നെ ചലനമില്ലാതെ കിടന്നത്. വിമാനത്തെ മുമ്പ് നൈജീരിയ ആസ്ഥാനമാക്കി പ്രവർത്തിച്ചിരുന്ന ഐ.ആർ.എസ് എയർലൈൻസിന്റെ ഭാഗമാകുന്നതിന് മുന്നോടിയായുള്ള നടപടിക്രമങ്ങൾ നടന്നുവരികയായിരുന്നു. സിൽവർ നിറത്തിലെ ബോയിംഗ് 727 വിമാനത്തിൽ നീലയും വെള്ളയും ചുവപ്പും നിറത്തിലെ വരകൾ ഉണ്ടായിരുന്നു. ഡീസൽ ഇന്ധനം കൊണ്ടുപോകുന്നതിനായി വിമാനത്തിലെ സീറ്റുകളെല്ലാം ഇളക്കി മാറ്റിയിരുന്നു.

 എങ്ങനെ സംഭവിച്ചു ?

മേയ് 25 വൈകിട്ട് വിമാനം പറന്നുയരുന്നതിന് മുന്നേ ബെൻ സി. പാഡില്ല,​ ജോൺ എം. മുറ്റാൻറ്റു എന്നിവർ എന്നിവർ വിമാനത്തിനുള്ളിൽ പ്രവേശിച്ചിരിക്കാമെന്ന നിഗമനത്തിൽ അന്വേഷണമെത്തി. ബെൻ അമേരിക്കൻ പൈലറ്റും ഫ്ലൈറ്റ് എൻജിനിയറുമായിരുന്നു. കോംഗോ സ്വദേശിയായ ജോൺ ഒരു മെക്കാനിക്ക് ആയിരുന്നു. അംഗോളയിൽ ജോലി ചെയ്ത് വന്ന ഇരുവർക്കും ബോയിംഗ് 727 പറത്താനുള്ള പരിശീലനം ലഭിച്ചിട്ടില്ല.

വളരെ സങ്കീർണമായതിനാൽ മൂന്ന് പേർ ചേർന്നാണ് സാധാരണ ബോയിംഗ് 727 വിമാനം പറത്തുന്നത്.

വിമാനത്താവള ജീവനക്കാരും എയർട്രാഫിക് കൺട്രോളും നോക്കി നിൽക്കെ കൺട്രോൾ ടവറുമായുള്ള ആശയവിനിമയം വിച്ഛേദിച്ചുകൊണ്ട് വിമാനം പെടുന്നനെ റൺവേയിലേക്ക് പ്രവേശിക്കുകയായിരുന്നു. ഉപയോഗമില്ലാതെ കിടന്ന വിമാനം നീങ്ങിത്തുടങ്ങുന്നത് വിമാനത്താവള ജീവനക്കാരുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. എന്താണ് സംഭവിക്കുന്നതെന്ന് മനസിലാകാതെ വിമാനവുമായി ആശയവിനിമയം നടത്താൻ ടവർ ഓഫീസർമാർ ശ്രമിച്ചെങ്കിലും പ്രതികരണം ലഭിച്ചില്ല.

നിമിഷങ്ങൾക്കുള്ളിൽ ലൈറ്റുകൾ ഓൺ ആക്കാതെ, തെക്ക് പടിഞ്ഞാറൻ ദിശയിൽ അറ്റ്ലാൻഡിക് സമുദ്രത്തിന് മുകളിലേക്ക് വിമാനം പറന്നുയർന്നു. വിമാനത്തെ ആസൂത്രിതമായി കടത്തിയതാണെന്ന് അപ്പോഴാണ് അധികൃതർക്ക് ശരിക്കും മനസിലായത്. ആകാശത്ത് ഒരു പൊട്ടുപോലെ മറഞ്ഞതിന് ശേഷം ആ വിമാനത്തെ പിന്നീട് ആരും കണ്ടില്ല. വിമാനത്തിനുള്ളിൽ പ്രവേശിച്ചെന്ന് കരുതുന്ന ബെൻ, ജോൺ എന്നിവരെ പറ്റിയും യാതൊരു വിവരവുമില്ല.

 സംശയം

ബോയിംഗ് 727 - 223യ്ക്ക് എന്ത് സംഭവിച്ചു എന്നതുമായി ബന്ധപ്പെട്ട് നിരവധി പ്രചാരണങ്ങൾ നിലവിലുണ്ട്. 2003 ജൂലായിൽ ഗിനിയിലെ കൊണാക്രിയിൽ ഈ വിമാനത്തെ കണ്ടെന്ന അഭ്യൂഹങ്ങൾ ഉണ്ടായെങ്കിലും യു.എസ് ഡിപ്പാർട്ട്മെന്റ് ഒഫ് സ്റ്റേറ്റ്സ് അധികൃതർ ഈ വാദത്തെ നിഷേധിച്ചിരുന്നു. ബെൻ ആയിരിക്കാം ഒരു പക്ഷേ വിമാനം പറത്തിയതെന്നും ആഫ്രിക്കയുടെ ഏതെങ്കിലും ഭാഗത്ത് വിമാനം തകർന്ന് വീണിരിക്കാമെന്നും അയാളുടെ കുടുംബാംഗങ്ങൾ സംശയം പ്രകടിപ്പിച്ചിരുന്നു. അതേ സമയം, വിമാനം പറത്തിയത് ആരാണെന്ന് കൃത്യമായി അറിയില്ല എന്നിരിക്കെ വിമാനത്തിൽ ഒരാൾ മാത്രമാണ് ഉണ്ടായിരുന്നതെന്നും അതല്ല ഒന്നിൽ കൂടുതൽ പേർ ഉണ്ടായിരുന്നെന്നും വാദങ്ങളുണ്ട്.

 അന്വേഷിച്ചെങ്കിലും...

2001 സെപ്റ്റംബർ 11ന് അമേരിക്കയെ ഞെട്ടിച്ച് കൊണ്ട് വേൾഡ് ട്രേഡ് സെന്ററിനെയുൾപ്പെടെ തകർത്ത് അരങ്ങേറിയ ഭീകരാക്രമണം ലോകത്തിന് മറക്കാനാകില്ല. അന്ന് യാത്രാവിമാനങ്ങൾ റാഞ്ചിയെടുത്ത് അൽഖ്വയിദ ഭീകരർ നടത്തിയ ആക്രമണത്തിന്റെ വെളിച്ചത്തിലാണ് ബോയിംഗ് 727ന്റെ തിരോധാനത്തെ അമേരിക്ക അതീവ ഗൗരവമായി കണ്ടതെന്ന് കരുതുന്നു.

മാത്രമല്ല, കാണാതായിരിക്കുന്നത് ഒരു ചെറുവിമാനവുമല്ല. തീവ്രവാദ പ്രവർത്തനങ്ങൾക്കായി വിമാനം തട്ടിയെടുക്കപ്പെട്ടതാണോ എന്ന സംശയം ഉയർന്നിരുന്നു. തട്ടിക്കൊണ്ടു പോയ വിമാനത്തെ രൂപമാറ്റം വരുത്തി ഉപയോഗിച്ചിരിക്കാനുള്ള സാദ്ധ്യതയും ഒരു വിഭാഗം ഉയർത്തുന്നുണ്ട്. ഇൻഷ്വറൻസ് തട്ടിപ്പിനായി ഉടമകൾ തന്നെയാണോ പിന്നിലെന്നും ആർക്കുമറിയില്ല.

വിമാനത്തിനായി യു.എസ് പല രാജ്യങ്ങളിലും രഹസ്യമായി അന്വേഷണം നടത്തിയിരുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. നൈജീരിയയിലെ എയർപോർട്ടുകളിലും യു.എസ് അധികൃതർ അന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടായില്ല. വലുതും ചെറുതുമായ നിരവധി ഏവിയേഷൻ സംഘടനകളും പ്രൈവറ്റ് ഏജൻസികളും വിമാനത്തെ പറ്റി അന്വേഷിച്ചിട്ടും വിഫലമായി. ബോയിംഗ് 727 - 223 എവിടെ പോയി എന്നത് ഇന്നും അജ്ഞാതമായി തുടരുന്നു.

Advertisement
Advertisement