ഒരു കോടി രൂപ നഷ്ടപരിഹാരം നൽകണം: നടി തൃഷയ്ക്കെതിരെ മാനനഷ്ടക്കേസുമായി നടൻ മൻസൂർ അലി ഖാൻ

Sunday 10 December 2023 10:09 AM IST

ചെന്നൈ: തെന്നിന്ത്യൻ നടി തൃഷയ്ക്കെതിരെ സ്ത്രീ വിരുദ്ധ പരാമർശം നടത്തിയെന്ന പേരിൽ വിവാദങ്ങളിൽപ്പെട്ട നടൻ മൻസൂർ അലി ഖാൻ മാനനഷ്ടക്കേസുമായി മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു. തനിക്കെതിരെ വിമർശനങ്ങൾ ഉന്നയിച്ച തൃഷ, നടി ഖുശ്ബു, നടൻ ചിരഞ്ജീവി തുടങ്ങിയവർക്കെതിരെയാണ് കേസ് ഫയൽ ചെയ്തിരിക്കുന്നത്.

ഇവർ ഒരു കോടി രൂപ വീതം നഷ്ടപരിഹാരം നൽകണമെന്നും ഹർജിയിൽ മൻസൂർ അലി ഖാൻ ആവശ്യപ്പെടുന്നുണ്ട്. തമാശയായി പറഞ്ഞ കാര്യങ്ങൾ തെറ്റായ രീതിയിൽ എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചുവെന്നും വീഡിയോ പൂർണമായി കാണാതെയാണ് വിമർശനങ്ങൾ ഉന്നയിച്ചതെന്നും ഹർജിയിൽ പറയുന്നു. വിവാദത്തിൽ തൃഷയോട് മൻസൂർ മാപ്പ് പറഞ്ഞിരുന്നു.

അടുത്തിടെ പുറത്തിറങ്ങിയ ലോകേഷ് കനകരാജ് സംവിധാനം ചെയ്‌ത് വിജയും തൃഷയും അഭിനയിച്ച ലിയോ സിനിമയെക്കുറിച്ചുള്ള മൻസൂറിന്റെ പരാമർശമാണ് വിവാദമായത്. തൃഷയാണ് നായികയെന്നറിഞ്ഞപ്പോൾ നടിക്കൊപ്പം കിടപ്പറ രംഗങ്ങളിൽ അഭിനയിക്കാൻ അവസരം ലഭിക്കുമെന്ന് പ്രതീക്ഷയെന്നായിരുന്നു പരാമർശം. ഇത് വിവാദമായതോടെ മൻസൂർ അലി ഖാനൊപ്പം അഭിനയിക്കാൻ സാധിക്കാതിരുന്നത് നന്നായെന്നും ഇനിയൊരിക്കലും അത് സംഭവിക്കാതെ നോക്കുമെന്നും തൃഷ പ്രതികരിച്ചിരുന്നു. സംഭവത്തിൽ സ്വമേധയാ ഇടപ്പെട്ട ദേശീയ വനിതാ കമ്മിഷന്റെ നിർദ്ദേശ പ്രകാരം പൊലീസ് കേസെടുത്തിരുന്നെങ്കിലും കേസുമായി മുന്നോട്ടു പോകാൻ താൽപര്യമില്ലെന്ന് തൃഷ അറിയിച്ചതോടെ പൊലീസ് നടപടികൾ അവസാനിപ്പിച്ചിരുന്നു.