ഒടുവിൽ തീരുമാനമായി; ഛത്തീസ്ഗഢിന്റെ മുഖ്യമന്ത്രിയാകാൻ ഒരുങ്ങി വിഷ്‌ണു ദേവ് സായി
Sunday 10 December 2023 4:32 PM IST
ന്യൂഡൽഹി: ഛത്തീസ്ഗഢ് മുഖ്യമന്ത്രിയായി ഗോത്രവിഭാഗത്തിന്റെ പ്രതിനിധിയായ വിഷ്‌ണു ദേവ് സായി ചുമതലയേൽക്കും. റായ്പൂരിൽ വച്ച് ഇന്ന് നടന്ന നിയമസഭാകക്ഷി യോഗത്തിലേതാണ് തീരുമാനം. ബിജെപി കേന്ദ്ര നിരീക്ഷകരായ സർബാനന്ദ സോനോവാളും അർജുൻ മുണ്ടയും ഇന്ന് നടന്ന യോഗത്തിൽ പങ്കെടുത്തിരുന്നു. മുൻ എംപിയും കേന്ദ്ര മന്തിയുമായിരുന്നു വിഷ്‌ണു ദേവ് സായി.
വിഷ്‌ണു ദേവ് സായി നിയമസഭാ തിരഞ്ഞെടുപ്പിൽ കുങ്കുരിയിൽ നിന്നാണ് ജയിച്ചത്. 2020 മുതൽ 2022 വരെ ബിജെപിയുടെ സംസ്ഥാന പ്രസിഡന്റായിരുന്നു ഇദ്ദേഹം. 1994, 2004, 2009, 2014 തുടങ്ങിയ വർഷങ്ങളിൽ റായ്ഗഡ് മണ്ഡലത്തിൽ നിന്നും മത്സരിച്ച് തുടർച്ചയായി വിജയിച്ചു. 1990,1993 വർഷങ്ങളിൽ മദ്ധ്യപ്രദേശിലെ തപ്കര മണ്ഡലത്തിൽ നിന്നും നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ച് വിജയിച്ചു. ഇത്തവണ കോൺഗ്രസ് എംഎൽഎയായ യുഡി മിഞ്ചിനെയാണ് പരാജയപ്പെടുത്തിയത്.