ഡെസ്റ്റിനേഷൻ വെഡ്ഡിംഗുകൾക്ക് ഡെസ്റ്റിനേഷനാകാൻ കണ്ണൂരും
ധർമ്മടത്ത് പദ്ധതി നടപ്പിലാക്കാൻ നീക്കം
കണ്ണൂർ: വിവാഹ സങ്കൽപ്പങ്ങൾക്ക് വ്യത്യസ്തതകൾ സമ്മാനിക്കുന്ന ഡെസ്റ്റിനേഷൻ വെഡ്ഡിംഗുകൾക്ക് കണ്ണൂരിന്റെ പേരും എഴുതി ചേർക്കാനുള്ള ശ്രമത്തിൽ ജില്ലാ ടൂറിസം വകുപ്പ്. ധർമ്മടം കേന്ദ്രീകരിച്ചു പദ്ധതി നടപ്പിലാക്കാനുള്ള ആലോചനയാണ് നിലവിൽ നടക്കുന്നത്.
വിശാലമായ ആകാശം വിവാഹപന്തലാക്കി കടലിനെയും കായലിനെയും മലഞ്ചെരിവുകളേയുമൊക്കെ സാക്ഷിയാക്കി താലിചാർത്താൻ വേദിയൊരുക്കുന്നതാണ് പദ്ധതി.
വിവിധ കേന്ദ്രങ്ങളിൽ നിന്ന് ധർമ്മടത്തേക്കുള്ള യാത്രാ സൗകര്യം ഉൾപ്പെടെയുള്ള കാര്യങ്ങൾ ഗുണമാകുമെന്ന് ടൂറിസം വകുപ്പ് കണക്ക് കൂട്ടുന്നു. അതോടൊപ്പം ജില്ലയിലെ മറ്റ് ടൂറിസം കേന്ദ്രങ്ങളെ ഇതുമായി ബന്ധിപ്പിക്കുന്നതിലൂടെ അവയെ കൂടുതൽ ജനകീയമാക്കാനും സാധിക്കും. കണ്ണൂരിലെ തന്നെ വിനോദ സഞ്ചാര കേന്ദ്രങ്ങളായ പയ്യാമ്പലം ബീച്ച്, ചാൽ ബീച്ച്, ചൂട്ടാട് ബീച്ച്, ധർമ്മടം തുരുത്ത്, പയ്യാമ്പലം ഗസ്‌റ്റ് ഹൗസ് പാത്ത് വേ, പാലക്കയം തട്ട് എന്നിവിടങ്ങൾ വെഡ്ഡിംഗ് ഷൂട്ടിന് അനുയോജ്യമാണ്. ഇത്തരത്തിൽ കണ്ണൂരിന്റെ ടൂറിസം സാദ്ധ്യതകൾ പരമാവധി പ്രയോജനപ്പെടുത്താനുള്ള ഒരുക്കത്തിലാണ് ജില്ലാ ടൂറിസം വകുപ്പ്.
ഡെസ്റ്റിനേഷന്‍ വെഡ്ഡിംഗ്
ഓഡിറ്റോറിയങ്ങളിലോ വധൂ-വരന്മാരുടെ വീടുകളിലോ നടത്താറുള്ള വിവാഹചടങ്ങുകളും ആഘോഷങ്ങളും ഏതെങ്കിലും വിനോദസഞ്ചാര കേന്ദ്രത്തിൽ നടത്തുന്നതാണ് ഡെസ്റ്റിനേഷൻ വെഡ്ഡിംഗ്. ഇത്തരം കേന്ദ്രങ്ങളിൽ നടക്കുന്ന വിവാഹവും അനുബന്ധ ചടങ്ങുകളും ഒന്ന് മുതൽ നാല് ദിവസം വരെ നീണ്ടു നിൽക്കുന്നു.
യാത്ര സൗകര്യം, താമസ സൗകര്യം, ഫോട്ടോഷൂട്ടിനുള്ള സൗകര്യം, മറ്റ് വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ സാമീപ്യം തുടങ്ങിയ കാര്യങ്ങൾ പരിഗണിച്ചാണ് വേദി തിരഞ്ഞെടുക്കുക. കേരളത്തിൽ തിരുവനന്തപുരം, എറണാകുളം, ആലപ്പുഴ, വയനാട്, മൂന്നാർ എന്നിവിടങ്ങളിലാണ് നിലവിൽ ഡെസ്റ്റിനേഷൻ വിവാഹങ്ങൾ കൂടുതലായി നടക്കുന്നത്. ഡെസ്റ്റിനേഷൻ വെഡ്ഡിംഗ് പ്രചരിപ്പിക്കാൻ രണ്ടുകോടി രൂപയാണ് ടൂറിസം വകുപ്പ് ചെലവഴിക്കുന്നത്.
ആദ്യ വിവാഹം ശംഖുമുഖത്ത്
സംസ്ഥാനത്ത് വിനോദ സഞ്ചാര വകുപ്പിന്റെ നേതൃത്വത്തിൽ ആരംഭിച്ച ഡെസ്റ്റിനേഷൻ വെഡ്ഡിംഗ് കേന്ദ്രത്തിലെ ആദ്യ വിവാഹം കഴിഞ്ഞ 30ന് ശംഖുമുഖത്താണ് നടന്നത്. സംസ്ഥാന ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസായിരുന്നു കേന്ദ്രം ഉദ്ഘാടനം ചെയ്തത്. ശംഖുമുഖം ബീച്ചിനോട് ചേർന്നുള്ള ബീച്ച് പാർക്കിലാണ് ഡെസ്റ്റിനേഷൻ വെഡ്ഡിംഗ് കേന്ദ്രം ഒരുക്കിയിട്ടുള്ളത്. കുമരകത്തും ആലപ്പുഴയിലും ഡെസ്റ്റിനേഷൻ വെഡ്ഡിംഗ് നടത്തുന്നുണ്ടെങ്കിലും ടൂറിസം വകുപ്പിന് കീഴിലുള്ള ആദ്യ ഔദ്യോഗിക ഡെസ്റ്റിനേഷൻ വെഡ്ഡിംഗ് കേന്ദ്രം ശംഖുമുഖത്താണ്.