'ആനാവശ്യ ഇടപെടൽ 'തുടരാം: നേതാവിന് പാർട്ടി പിന്തുണ

Monday 11 December 2023 1:18 AM IST

തിരുവനന്തപുരം: നഗരസഭയിലെ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരുടെ ജോലിയിൽ അനാവശ്യമായി ഇടപെടുന്ന യൂണിയൻ നേതാവിനെ പിന്തുണച്ച് പാർട്ടിയും. ഉദ്യോഗസ്ഥരാണ് കുഴപ്പകാരനെന്നാണ് പാർട്ടി നിലപാട്. ഭരണപക്ഷ യൂണിയന്റെ ശുചീകരണ വിഭാഗം തൊഴിലാളികളുടെ പാർട്ടി നേതാവിനെതിരെയാണ് ഹെൽത്ത് ഇൻസ്പെക്ടർമാർ,ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാർ എന്നിവർ മേയറെ കണ്ട് കൂട്ടപ്പരാതി നൽകിയത്. പരാതിയുടെ വിവരം പുറത്ത് വന്നപ്പോൾ മുഖഛായ രക്ഷിക്കാനാണ് നേതാവിന് പിന്തുണ നൽകിയത്. നഗരസഭയിലെ പ്രധാനപ്പെട്ട ഹെൽത്ത് സർക്കിളുകളായ പാളയം,ശ്രീകണ്ഠേശ്വരം,മേയർ ആര്യാ രാജേന്ദ്രന്റെ വാർഡ് ഉൾപ്പെടുന്ന തിരുമല തുടങ്ങിയ ഏഴ് സർക്കിളുകളിലെ ആരോഗ്യ വിഭാഗം ജീവനക്കാരാണ് നേതാവിനെതിരെ പരാതി ഉന്നയിച്ചിരിക്കുന്നത്.

ഉദ്യോഗസ്ഥർക്കെതിരെ നടപടി ?

നേതാവിനെതിരെ പരാതി നൽകി ഉദ്യോഗസ്ഥർക്കെതിരെ നടപടിക്ക് സമ്മർദ്ദം. പാർട്ടിയുടെ സമ്മർദ്ദത്തിന് മേയർ വഴങ്ങി നടപടിക്കൊരുങ്ങുമെന്നാണ് സൂചന. സംഭവത്തിൽ മേയറുൾപ്പടെ യൂണിയന്റെ ഭാഗത്താണ്.

ഇന്ന് വിശദീകരണ യോഗം

യൂണിയൻ നേതാവിനെതിരെ ആരോപണമുന്നയിച്ചവർക്കെതിരെ ഇന്ന് വിശദീകരണ യോഗം ചേരും. യൂണിയൻ നേതാവിന്റെ നേതൃത്വത്തിലാണ് ഉച്ചയ്ക്ക് 1.30ന് നഗരസഭയിൽ യോഗം നിശ്ചയിച്ചിരിക്കുന്നത്. എല്ലാ ശുചീകരണ തൊഴിലാളികളും നി‌ർബന്ധമായി പങ്കെടുക്കണമെന്നും നിർദ്ദേശമുണ്ട്.