വെൽക്കം ടു ജുറാസിക് പാർക്ക് !
ബീജിംഗ് : കോടിക്കണക്കിന് വർഷങ്ങൾക്ക് മുമ്പ് ഭൂമുഖത്ത് നിന്ന് മൺമറഞ്ഞ ദിനോസറുകൾ വീണ്ടും തിരിച്ചെത്തിയാൽ എന്താകും സ്ഥിതി ? ഇത്തരമൊരു ആശയം മുന്നോട്ടുവയ്ക്കുന്ന ഹോളിവുഡ് ചിത്രമായ ജുറാസിക് പാർക്ക് നമുക്ക് സുപരിചിതമാണ്.
സിനിമയിലെ പോലെ ശരിക്കും ദിനോസറുകൾ ഭൂമിയിൽ പിറവിയെടുക്കുമോ ? അത്തരമൊരു സാദ്ധ്യത തള്ളാനാകില്ല. കാരണം, ഏതാനും വർഷങ്ങൾക്ക് മുമ്പ് വടക്കൻ ചൈനയിൽ നിന്ന് മയിലുകളുടെയത്ര വലിപ്പമുണ്ടായിരുന്ന ദിനോസർ സ്പീഷീസായ കോഡിപ്‌റ്റെറിക്സിന്റെ ഒരു അസ്ഥിയുടെ ഫോസിൽ ഗവേഷകർ കണ്ടെത്തിയിരുന്നു. അഗ്നിപർവത ചാരത്തിൽ നിന്ന് കണ്ടെത്തിയ ഈ ഫോസിലിൽ നിന്ന് ഡി.എൻ.എ വേർതിരിക്കാനുള്ള ശ്രമത്തിലാണ് ഗവേഷകർ.
ഫോസിലിൽ നിന്ന് സംരക്ഷിക്കപ്പെട്ട നിലയിൽ കോശങ്ങൾ കണ്ടെത്താൻ ഗവേഷകർക്ക് കഴിഞ്ഞിരുന്നു. ഈ ഫോസിലിൽ നിന്ന് കണ്ടെത്തിയ കാര്യമായ കേടുപാട് സംഭവിക്കാത്ത ഈ തരുണാസ്ഥി കോശങ്ങൾ സിലിസിഫിക്കേഷൻ എന്ന പ്രക്രിയയിലൂടെ ധാതുവത്കരിക്കപ്പെട്ടിരിക്കുന്നതായും ജൈവ തന്മാത്രകളുടെ അവശിഷ്ടങ്ങൾ അവയിൽ അടങ്ങിയിരിക്കുന്നതായും ഗവേഷകർ മുമ്പ് സൂചിപ്പിച്ചിരുന്നു. ഇവയിൽ ദിനോസറിന്റെ ഡി.എൻ.എ സംരക്ഷിക്കപ്പെട്ടിട്ടുണ്ടോ എന്ന പ്രതീക്ഷയോടെ കോശങ്ങൾ കേന്ദ്രീകരിച്ച് കൂടുതൽ പഠനങ്ങൾ തുടരുകയാണ് ഗവേഷകർ. ഡി.എൻ.എ വേർതിരിക്കാനായാൽ ദിനോസറിന്റെ ക്ലോൺ പതിപ്പ് സൃഷ്ടിക്കാനാകുമോ എന്ന സാദ്ധ്യതകൾ ശാസ്ത്രലോകത്ത് ചർച്ചയാണ്.
വംശനാശം സംഭവിച്ച വൂളി മാമത്ത്, ടാസ്മാനിയൻ ടൈഗർ, ഡോഡോ എന്നിവയുടെ ഡി.എൻ.എയിൽ നിന്ന് ഇത്തരം ശ്രമങ്ങൾ നടക്കുന്നുണ്ട്.
125 മില്യൺ വർഷങ്ങൾക്ക് മുമ്പ് ഭൂമിയിൽ ജീവിച്ചിരുന്നവയാണ് കോഡിപ്‌റ്റെറിക്സുകൾ.