400 കിലോഗ്രാം നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി

Monday 11 December 2023 11:34 PM IST
നിരോധിത പുകയില ഉത്പന്നങ്ങൾ

തലശ്ശേരി: ഫരീദാബാദിൽ നിന്നും വിമാനത്തിൽ കൊറിയർ പാർസലിൽ അയച്ച 400 കിലോഗ്രാം നിരോധിത പുകയില ഉല്പന്നങ്ങൾ കൂത്തുപറമ്പ് സർക്കിൾ എക്സൈസും കണ്ണൂർ എക്സൈസ് ഇന്റലിജൻസ് ബ്യൂറോയും ചേർന്ന് പിടികൂടി. സംഭവുമായി ബന്ധപ്പെട്ട് ഇല്ലിക്കുന്ന് സ്വദേശി യാസിൻ വീട്ടിൽ ടി.കെ റഷ്ബാൻ, കണ്ണൂർ വലിയന്നൂരിലെ സ്ഫാൻ മൻസിലിൽ മുഹമ്മദ്‌ സഫ്‌വാൻ എന്നിവരെ കസ്റ്റഡിയിലെടുത്തു.

ഇല്ലിക്കുന്ന് ചിറമ്മൽ റോഡിലെ ബദരിയ മസ്ജിദിന് സമീപം യാസിൻ എന്ന വാടക വീട്ടിൽ നിന്നാണ് പുകയില ഉല്പന്നങ്ങൾ പിടികൂടിയത്. വിപണിയിൽ ഏഴ് ലക്ഷം രൂപ വരുന്ന ഉത്പന്നങ്ങളാണ് പിടികൂടിയത്.

പ്രിവന്റീവ് ഓഫീസർ സുകേഷ് വണ്ടിച്ചാലിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നായിരുന്നു പരിശോധന.

കൂത്തുപറമ്പ് സർക്കിൾ ഇൻസ്പെക്ടർ എ.കെ വിജേഷിന്റെ നേതൃത്തിലുള്ള പാർട്ടിയും കണ്ണൂർ ഇന്റലിജൻസ് ബ്യൂറോ ഇൻസ്പെക്ടർ കെ.പി. പ്രമോദിന്റെ നേതൃത്വത്തിലുള്ള സംഘവുമാണ് പരിശോധന നടത്തിയത്.

പരിശോധനയിൽ വനം വന്യജീവി സംരക്ഷണ നിയമവുമായി ബന്ധപ്പെട്ട സംശയകരമായ വസ്തു കസ്റ്റഡിയിലെടുത്തു. ഇത് ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിന് കൈമാറും.

പരിശോധനയിൽ ഐ.ബി പ്രിവന്റീവ് ഓഫീസർമാരായ സുകേഷ് വണ്ടിചാലിൽ, അബ്ദുൾ നിസാർ, സുധീർ, സി.പി.ഷാജി , ഷജിത്ത് എന്നിവരും കൂത്തുപറമ്പ് സർക്കിളിലെ പ്രിവന്റീവ് ഓഫീസർമാരായ പി. പ്രമോദൻ, യു.ഷാജി, സിവിൽ എക്സൈസ് ഓഫീസർമാരായ പ്രജീഷ് കോട്ടായി, എൻ.സി വിഷ്ണു, എ.എം ബിനീഷ്, ജിജീഷ് ചെറുവായി, ഡ്രൈവർ ലതീഷ് ചന്ദ്രൻ എന്നിവരും പങ്കെടുത്തു.