വിനായകനെ അവാർഡ് വേദിയിലേക്ക് സെക്യൂരിറ്റി കടത്തിവിട്ടില്ല

Wednesday 13 December 2023 1:09 PM IST

തെന്നിന്ത്യയിലെ പുരസ്‌കാര വേദിയായ 'ഐഫ'യിലെ അനുഭവം പങ്കുവച്ച് നടൻ ടിനി ടോം. അവാർഡ് നൈറ്റിലെ മലയാളം വിഭാഗത്തിൽ അവതാരകനായി സംഘാടകർ വിളിച്ചത് തന്നെയായിരുന്നുവെന്നും അതിനിടയിൽ സംഭവിച്ച കൗതുകകരമായ കാര്യങ്ങളാണ് ടിനി കൗമുദി മൂവിസിന്റെ പ്രത്യേക പരിപാടിയിൽ പങ്കുവച്ചത്.

വിനായകൻ, സൗബിൻ ഷാഹിർ അടക്കമുള്ളവർക്കാണ് മലയാളത്തിൽ നിന്നുള്ള പ്രധാന അവാർഡുകൾ നിശ്ചയിച്ചിരുന്നത്. തെലുങ്കിലെ നടന്മാരും സംവിധായകരുമെല്ലാം ഭയങ്കര ലുക്കിൽ വരുന്നവരാണ്. അവാർഡ് വേദിയിലാണെങ്കിൽ ടൈറ്റ് സെക്യൂരിറ്റിയും. ബ്ളാക്ക് ഫുൾ സ്ളീവ് ഷർട്ടും പാന്റും മെർക്കുറി ഗ്ളാസുമൊക്കെ വച്ചാണ് വിനായകൻ വന്നത്. സെക്യൂരിറ്റിക്കാരാണെങ്കിൽ ഇങ്ങനൊരു നടനെ കണ്ടിട്ടുമില്ല. അയാം ആൻ ആക്‌ടർ എന്നൊക്കെ വിനായകൻ പറയുന്നുണ്ടായിരുന്നു. ഒടുവിൽ തെലുങ്ക്, തമിഴ് താരങ്ങൾക്ക് മുന്നിലൂടെ വിനായകൻ വേദിക്ക് മുമ്പിലായി വന്നിരിക്കുകയായിരുന്നുവെന്ന് ടിനി പറയുന്നു.

സൗബിനെ കുറിച്ചുള്ള അനുഭവവും ടിനി പരിപാടിയിൽ പറയുന്നുണ്ട്. സൗബിന് അവാർഡ് നൽകിയത് എ.ആർ റഹ്മാൻ ആയിരുന്നെന്നും, താങ്ക്സ് റഹ്മാനിക്ക എന്നായിരുന്നു സൗബിന്റെ പ്രതികരണമെന്നും ടിനി ടോം പങ്കുവച്ചു.