മുഖ്യമന്ത്രിയുടെ ഗൺമാന്റെ വീട്ടിലേക്ക് യൂത്ത്കോൺഗ്രസ് പ്രതിഷേധ മാർച്ചിൽ കല്ലേറ് ; പൊലീസ് ലാത്തിച്ചാർജ് ചെയ്‌തു
തിരുവനന്തപുരം: നവകേരള സദസിനെതിരായ പ്രതിഷേധത്തിനിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ച മുഖ്യമന്ത്രിയുടെ ഗൺമാൻ അനിൽകുമാറിന്റെയും എസ്കോർട്ട് പൊലീസുകാരൻ സന്ദീപിന്റെയും വീട്ടിലേക്കുള്ള യൂത്ത് കോൺഗ്രസ് പ്രതിഷേധ മാർച്ചിനിടെ സംഘർഷം. സന്ദീപിന്റെ തിരുവനന്തപുരത്തെ വീട്ടിലേക്കുള്ള മാർച്ചിന് നേരെ പൊലീസ് ലാത്തിച്ചാർജ് നടത്തി. യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് നേരെ പൊലീസ് മൂന്നുവട്ടം ജലപീരങ്കി പ്രയോഗിച്ചു. വീടിന് സമീപം സുരക്ഷയ്‌ക്കായി സ്ഥാപിച്ച ബാരിക്കേഡ് മറിക്കാൻ ശ്രമിച്ചതോടെയാണിത്. പൊലീസിന് നേരെ പ്രവർത്തകർ കല്ലെറിഞ്ഞതിനെ തുടർന്നാണ് ലാത്തിച്ചാർജ് ഉണ്ടായത്. സ്ഥലത്ത് സിപിഎം പ്രവർത്തകരും ഒത്തുചേർന്നിട്ടുണ്ട്. ലാത്തിച്ചാർജിൽ യൂത്ത് കോൺഗ്രസ്, കെഎസ്‌യു ജില്ലാ പ്രസിഡന്റുമാർക്ക് പരുക്കേറ്റു.
പ്രവർത്തകരെ മർദ്ദിച്ച സംഭവത്തിൽ പൊലീസുദ്യോഗസ്ഥരുടെ രക്ഷയെ കരുതിയാണ് അനിലിന്റെ പേരൂർക്കടയിലെ വീടിനും കല്ലിയൂരിലെ വീടിനും സുരക്ഷയൊരുക്കിയത്. സന്ദീപിന്റെ പൊട്ടക്കുഴിയിലുള്ള വീട്ടിലും സുരക്ഷ ഏർപ്പെടുത്തിയിരുന്നു. എത്ര സുരക്ഷയൊരുക്കിയാലും സന്ദീപിന്റെ വീട്ടിലേക്ക് യൂത്ത് കോൺഗ്രസ് മാർച്ച് നടത്തുമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ പ്രഖ്യാപിച്ചിരുന്നു.
പൊലീസ് ഉണ്ടായിട്ടും ഗൺമാൻ പ്രവർത്തകരെ മർദിക്കുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. മുഖ്യമന്ത്രിയുടെ സുരക്ഷ ഉറപ്പാക്കുക മാത്രമാണ് ഗൺമാന്റെ ചുമതല. പ്രവർത്തകരെ തല്ലാനുള്ള അധികാരം ഗൺമാന് ഇല്ലെന്നാണ് വാദം. നവകേരളസദസ് തുടങ്ങിയതിന് ശേഷം ഇതാദ്യമായല്ല മുഖ്യമന്ത്രിയുടെ ഗൺമാന് എതിരെ വിമർശനം ഉയരുന്നത്. മുൻപ് പെരുമ്പാവൂരിലും ഉണ്ടായി. ഇത് കൂടാതെ ഇടുക്കിയിൽ ഒരു മാദ്ധ്യമപ്രവർത്തകനെ തള്ളി മാറ്റിയതും ഈ ഗൺമാനാണ്.
ആലപ്പുഴ കൈതവന ജംഗ്ഷനിൽ വച്ചാണ് മുഖ്യമന്ത്രിയുടെ വാഹനത്തിന് മുന്നിൽ പ്രതിഷേധവുമായി യുത്ത്‌കോൺഗ്രസ്, കെ എസ് യു പ്രവർത്തകർ എത്തിയത്. തുടർന്ന് വാഹനത്തിൽ നിന്ന് ഇറങ്ങി ഗൺമാൻ ഇവരെ മർദിക്കുകയായിരുന്നു.