വൃദ്ധയെ വീട്ടിൽ കയറി ഭീഷണിപ്പെടുത്തി മുഖംമൂടി സംഘം ആറര പവൻ കവർന്നു

Saturday 16 December 2023 8:28 PM IST

അന്വേഷണത്തിന് ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം

കാസർകോട്: മങ്കിക്യാപ് ധരിച്ച് മുഖംമറച്ചെത്തിയ മൂന്നംഗസംഘം വൃദ്ധദമ്പതികളുടെ വീട്ടിൽ കയറി ഭീഷണിപ്പെടുത്തി ആറര പവൻ സ്വർണവുമായി കടന്നു. മേൽപറമ്പ് പൊലീസ് സ്റ്റേഷൻ പരിധിയിലെ ചെമ്മനാട് കൈന്താറിലെ കുഞ്ഞിക്കണ്ണൻനമ്പ്യാർ-തങ്കമണി ദമ്പതികളുടെ വീട്ടിലാണ് വെള്ളിയാഴ്ച രാത്രി പതിനൊന്നരയോടെ കവർച്ച നടന്നത്.സംഭവത്തിൽ ബേക്കൽ ഡിവൈ.എസ്.പി സി കെ.സുനിൽകുമാറിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചെന്ന് ജില്ലാ പൊലീസ് മേധാവി പി.ബിജോയ് വ്യക്തമാക്കി.

കൊള്ള നടന്ന വീട് ഒറ്റപ്പെട്ട പ്രദേശത്താണ് .രാത്രി ടോയ്ലറ്റിൽ പോകാനായി എഴുന്നേറ്റ തങ്കമണിയുടെ പിറകിലൂടെ വന്ന സംഘം ഭീഷണിപ്പെടുത്തി മാല, വള, കമ്മൽ തുടങ്ങി ആറര പവൻ സ്വർണം ഊരിവാങ്ങി കടന്നു കളയുകയായിരുന്നു. കവർച്ചാസംഘം പോയതോടെ കുഞ്ഞിക്കണ്ണൻ നമ്പ്യാർ അയൽവാസിയെ ഫോണിൽ വിളിച്ച് വിവരമറിയിക്കുകയായിരുന്നു. വിവരമറിഞ്ഞ് ബേക്കൽ ഡിവൈ.എസ്. പി സി.കെ. സുനിൽകുമാർ, മേൽപറമ്പ് ഇൻസ്‌പെക്ടർ ടി.ഉത്തംദാസ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം രാത്രിയിൽ തന്നെ സ്ഥലത്തെത്തി അന്വേഷണം നടത്തിയെങ്കിലും കവർച്ചാസംഘത്തെ കണ്ടെത്താൻ കഴിഞ്ഞില്ല. ജില്ലാ പൊലീസ് മേധാവി പി. ബിജോയ്, സ്‌പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്. പി വി.വി. മനോജ് തുടങ്ങി ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ഇന്നലെ രാവിലെ സ്ഥലത്തെത്തി വീടും പരിസരവും പരിശോധിച്ചു. പൊലീസ് നായ, വിരലടയാള വിദഗ്ധർ തുടങ്ങിയവരും വീട്ടിലെത്തി തെളിവ് ശേഖരിച്ചു.

കവുങ്ങിൻ തോട്ടത്തിലെ നാലുകെട്ടുള്ള വീട്ടിൽ വൃദ്ധദമ്പതികൾ മാത്രമാണ് താമസം. ദമ്പതികൾക്ക് മക്കളില്ല. കൃഷിയും മറ്റും നടത്തിയാണ് ഇവർ ജീവിച്ചുവരുന്നത്. അന്വേഷണത്തിന്റെ ഭാഗമായി സമീപത്തെ സിസി ടിവി ക്യാമറകളും മറ്റും പൊലീസ് പരിശോധിച്ചുവരികയാണ്. സംഭവത്തിൽ അന്വേഷണം ഊർജിതപ്പെടുത്തിയിട്ടുണ്ടെന്ന് ജില്ലാപൊലീസ് മേധാവി പി.ബിജോയ് പറഞ്ഞു.

Advertisement
Advertisement