സ്ത്രീ വോട്ടിനായി ഒരു മുഴം മുമ്പേ മോദി

Sunday 17 December 2023 1:41 AM IST

തൃശൂർ : തൃശൂരിൽ ബി.ജെ.പിയുടെ നേതൃത്വത്തിൽ ജനുവരി രണ്ടിന് നടക്കുന്ന സ്ത്രീശക്തി സംഗമത്തിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയെത്തുന്നതോടെ പാർട്ടിയുടെ ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കുള്ള ആരംഭം കുറിക്കും. തൃശൂരിൽ ബി.ജെ.പി സ്ഥാനാർത്ഥിയായി സുരേഷ് ഗോപിയെത്തുമെന്ന് ഏറെക്കുറെ ഉറപ്പിച്ച സ്ഥിതിക്ക് സ്ത്രീ വോട്ടർമാരുടെ പിന്തുണ ഉറപ്പാക്കുകയാണ് ആഗമന ലക്ഷ്യം.
സംസ്ഥാനത്തെ രണ്ട് ലക്ഷം സ്ത്രീകളെ പങ്കെടുപ്പിക്കാനാണ് തീരുമാനം. തൊഴിലുറപ്പ് തൊഴിലാളികൾ, കുടുംബശ്രീ അംഗങ്ങൾ എന്നിവരെ പരമാവധിയെത്തിക്കും.

കഴിഞ്ഞ ഒരു വർഷത്തിലേറെയായി ജില്ലാതലങ്ങളിൽ സ്ത്രീശക്തി സംഗമം നടന്നിരുന്നു. മാസങ്ങൾക്ക് മുമ്പ് അമിത് ഷാ തൃശൂരിലെത്തി ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കം വിലിരുത്തിയിരുന്നു. അഖിലേന്ത്യാ തലത്തിൽ അമിത് ഷാ ശ്രദ്ധിക്കുന്ന മണ്ഡലങ്ങളിൽ ഒന്നാണ് തൃശൂർ. ശക്തമായ ത്രികോണ മത്സരത്തിനാകും മണ്ഡലം സാക്ഷ്യം വഹിക്കുക. ടി.എൻ.പ്രതാപനാകും യു.ഡി.എഫ് സ്ഥാനാർത്ഥി. എൽ.ഡി.എഫിന്റെ സ്ഥാനാർത്ഥിയായി പരിചിത മുഖം കൂടിയെത്തിയാൽ മത്സരം കടുക്കും. പാർലമെന്ററിൽ കേന്ദ്രസർക്കാരിനെതിരെ പ്രതിഷേധമുയർത്തിയതിന് 2019 മുതൽ അഞ്ച് തവണ സസ്‌പെൻഷൻ നേരിടേണ്ടി വന്ന പ്രതാപൻ ഇതെല്ലാം പ്രചരണ വിഷയമാക്കിയാണ് രംഗത്തെത്തിയിരിക്കുന്നത്.

ലക്ഷ്യം സ്ത്രീ സുരക്ഷാ പദ്ധതികൾ

ഒമ്പതര വർഷത്തിലേറെയായി കേന്ദ്ര സർക്കാർ സ്ത്രീകൾക്കും കുട്ടികൾക്കുമായി നടപ്പാക്കിയ പദ്ധതികൾ ജനങ്ങൾക്ക് മുന്നിൽ അക്കമിട്ടു നിരത്തുകയാണ് മഹിളാ സംഗമത്തിലൂടെ ലക്ഷ്യമിടുന്നത്. കേന്ദ്രസർക്കാർ പദ്ധതികൾ പൂർണമായും കേരളത്തിലെ ജനങ്ങളിലെത്തിക്കാൻ ബി.ജെ.പിക്കായിട്ടില്ലെന്ന പരാതി കേന്ദ്ര നേതൃത്വത്തിനുണ്ട്. കേന്ദ്രപദ്ധതികളെ കുറിച്ച് ഇറക്കിയ ലഘലേഖ പോലും വേണ്ട രീതിയിലെത്തിക്കാനായിട്ടില്ല. ഇത് മറികടക്കുകയാണ് വരവിന്റെ ലക്ഷ്യം.

സുരക്ഷ ശക്തമാക്കും

നരേന്ദ്രമോദി തൃശൂരിലെത്തുന്നതോടെ വരുംനാളുകളിൽ കർശന സുരക്ഷയാകുമുണ്ടാകുക. കഴിഞ്ഞദിവസം പാർലമെന്റിൽ നടന്ന സംഭവവും സുരക്ഷ വർദ്ധിപ്പിക്കാൻ കാരണമാകും. ക്രിസ്മസ് - ന്യൂ ഇയർ ആഘോഷം കഴിഞ്ഞയുടനെയാണ് പ്രധാനമന്ത്രിയെത്തുന്നത്. അതുകൊണ്ട് ന്യൂ ഇയർ ആഘോഷങ്ങളിലും പൊലീസിന്റെ കണ്ണുണ്ടാകും. അടുത്ത ദിവസങ്ങളിൽ സ്റ്റേജ് ഉൾപ്പെടെയുള്ളവ സംബന്ധിച്ച് സുരക്ഷാ ഉദ്യോഗസ്ഥർ പരിശോധിക്കും.

52ശതമാനത്തിലേറെ സ്ത്രീകൾ

ജില്ലയിൽ

23,30,441 വോട്ടർമാർ
12,20,217 സ്ത്രീകൾ

ലോക്സഭാ മണ്ഡലത്തിൽ

12,73,724
6,68,326

Advertisement
Advertisement