ഗവർണർ-എസ് എഫ് ഐ പോരിന് പിന്നാലെ രാജ്‌ഭവന്റെ സുരക്ഷ വർദ്ധിപ്പിച്ചു; ഇന്ന് പ്രതിഷേധവുമായി ഡിവൈഎഫ്‌ഐയും രംഗത്ത്

Monday 18 December 2023 8:12 AM IST

തിരുവനന്തപുരം: ഗവർണർ-എസ് എഫ് ഐ പോര് തുടരുന്നതിനിടെ രാജ്‌ഭവന്റെ സുരക്ഷ വ‌ർദ്ധിപ്പിച്ചു. കൂടുതൽ ബാരിക്കേഡുകൾ സ്ഥാപിച്ചാണ് സുരക്ഷ ശക്തമാക്കിയിരിക്കുന്നത്. അതേസമയം ഇന്ന് ഗവർണർ പങ്കെടുക്കുന്ന കാലിക്കറ്റ് സർവകലാശാലയിലെ പരിപാടികൾ കഴിയും വരെ കടുത്ത സുരക്ഷാ ക്രമീകരണം ഒരുക്കിയിരിക്കുകയാണ് പൊലീസ്. പരിപാടി കഴിഞ്ഞ് രാത്രിയിൽ ഗവർണർ മടങ്ങുംവരെ സുരക്ഷാ പ്രശ്‌നങ്ങളുണ്ടാകാതിരിക്കാനുള്ള ജാഗ്രതയാണ് പൊലീസ് പുലർത്തുന്നത്.

വൈകിട്ട് മൂന്നരയോടെ 'ശ്രീനാരായണ ഗുരു നവോദ്ധാനത്തിന്റെ പ്രചാരകൻ' എന്ന വിഷയത്തിൽ സനാതനധർമ്മ ചെയറിന്റെ സെമിനാർ ഹാളിൽ നടക്കുന്ന സെമിനാറിലാണ് അദ്ദേഹം പങ്കെടുക്കുന്നത്. ഇവിടെ എസ്‌എഫ്‌ഐയുടെ കരിങ്കൊടി പ്രതിഷേധമടക്കം ഉണ്ടാകാതിരിക്കാൻ കനത്ത പരിശോധന ഉണ്ടാകും.പാസുള്ളവർക്ക് മാത്രമാണ് പരിപാടിയിൽ പങ്കെടുക്കാൻ സാധിക്കുക. ആർഎസ്‌എസിന്റെയും ബിജെപിയുടെയും നേതാക്കളടക്കം പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്.

കഴിഞ്ഞ ദിവസം ക്യാമ്പസിലെ വിവിധയിടങ്ങളിൽ തനിക്കെതിരെ സ്ഥാപിച്ച എസ്‌എഫ്‌ഐയുടെ ബാനറുകൾ ഗവർണർ അഴിപ്പിച്ചിരുന്നു. ഇതിനുപിന്നാലെ എസ്‌എഫ്ഐ വീണ്ടും ബാനറുകൾ സ്ഥാപിച്ചു. ഇന്ന് എസ്‌ എഫ് ഐയ്‌ക്ക് പുറമേ ഗവർണർക്കെതിരെ ഡിവൈഎഫ് ഐയും പ്രതിഷേധിക്കുന്നുണ്ട്. 'സംഘി ചാൻസിലർ ക്വിറ്റ് കേരള' എന്ന മുദ്രാവാക്യമുയർത്തി ഇന്ന് 2000 ഇടങ്ങളിൽ ഡിവൈഎഫ്ഐ പ്രതിഷേധ സംഗമം നടത്തും. ഭരണഘടന അംഗീകരിക്കാത്ത, കേരളത്തിലെ ജനങ്ങൾ തിരഞ്ഞെടുത്ത നിയമനിർമാണസഭ തീരുമാനങ്ങളെ അംഗീകരിക്കാത്ത ഗവർണർ മടങ്ങണം എന്നാണ് ഡിവൈഎഫ്‌ഐ ആവശ്യപ്പെടുന്നത്. ഗവർണർക്കെതിരെ വിവിധയിടങ്ങളിൽ പ്രതിഷേധ ബാനറുയർത്തുമെന്നാണ് സംഘടന അറിയിക്കുന്നത്.