സർക്കാർ ഖജനാവിലേക്ക് ബെവ്കോയുടെ 300 കോടി

Wednesday 20 December 2023 1:21 AM IST

തിരുവനന്തപുരം: സാമ്പത്തിക ഞെരുക്കം നേരിടുന്ന സർക്കാരിന് സഹായവുമായി ബിവറേജസ് കോർപ്പറേഷന്റെ 300 കോടിയുടെ ട്രഷറി നിക്ഷേപം. ഈ തുകയ്ക്കുള്ള ചെക്ക് ഇന്ന് കൊല്ലത്ത് ബീച്ച് ഹോട്ടലിൽ ചേരുന്ന മന്ത്രിസഭായോഗത്തിന് ശേഷം എക്സൈസ് മന്ത്രി എം.ബി.രാജേഷ് ധനകാര്യമന്ത്രി കെ.എൻ.ബാലഗോപാലിന് കൈമാറും. ബെവ്കോ ചെയർമാനും എം.ഡിയുമായ യോഗേഷ് ഗുപ്തയും പങ്കെടുക്കും.

വരുമാനക്കണക്കുകളിൽ കൃത്രിമം ആരോപിച്ച് ഇൻകം ടാക്സ് അധികൃതർ മരവിപ്പിച്ച ബാങ്ക് അങ്കൗണ്ട് പ്രവർത്തനക്ഷമമാക്കാൻ ബെവ്‌കോ കെട്ടി വച്ച 1000 കോടി പലിശ സഹിതം നേരത്തെ തിരികെ കിട്ടിയിരുന്നു. ഇതിന്റെ ബാക്കി തുകയും ബെവ്കോയുടെ ലാഭത്തിൽ നിന്നുള്ള ഒരു ഭാഗവും ചേർത്താണ് 300 കോടി നിക്ഷേപിക്കുന്നത്.

ഇതിന് പുറമെ കേരള സാമൂഹ്യ സുരക്ഷാ പെൻഷൻ ലിമിറ്റഡിന് (കെ.എസ്.എസ്.പി.എൽ) 500 കോടി വായ്പയായും നൽകി. ഇതും സർക്കാരിന് ആശ്വാസം നൽകുന്നതാണ്. 2020-21 സാമ്പത്തിക വർഷം 278 കോടി നഷ്ടത്തിലായിരുന്ന ബെവ്കോ 2021-22-ൽ ലാഭവും നഷ്ടവുമില്ലാത്ത നിലയിലെത്തി. തൊട്ടടുത്ത വർഷം മുതലാണ് ലാഭത്തിലേക്ക് എത്തിയത്. മദ്യ വില്പനയിലും വിതരണത്തിലും കൃത്യമായ ക്രമീകരണങ്ങൾ വരുത്തിയും പൂട്ടിയ ചില്ലറ വില്പന ശാലകൾ തുറന്ന് പ്രവർത്തിപ്പിച്ചുമാണ് നഷ്ടം ഒഴിവാക്കിയത്. 2022-23 -ൽ 56 കോടിയായിരുന്നു ലാഭം. നടപ്പ് സാമ്പത്തിക വർഷം 200 കോടിയാണ് പ്രതീക്ഷിക്കുന്ന ലാഭം.