ഇരകളല്ല, കർഷകർ
ഏഴു മാസങ്ങൾക്കു മുമ്പുള്ള ആ മേയ് 19 കേരളം മറക്കില്ല. കോട്ടയം, കൊല്ലം ജില്ലകളിലായി ആ ഒരൊറ്റ ദിവസം കാട്ടു പോത്തുകളുടെ ആക്രമണത്തിൽ മൂന്നു പേരാണ് കൊല്ലപ്പെട്ടത്. അന്നു തന്നെ തൃശൂരിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ രണ്ടുപേർക്ക് ഗുരുതരമായി പരുക്കേറ്റു. അതേ ദിവസം മലപ്പുറത്ത് യുവാവിനെ കരടി ആക്രമിച്ചു.
വയനാട് ജില്ലയിലെ കൂടല്ലൂർ മരോട്ടിപ്പറമ്പിൽ പ്രജീഷിനെ നരഭോജിക്കടുവ ആക്രമിച്ചു കൊന്നത് രണ്ടാഴ്ച മാത്രം മുമ്പാണ്. കഴിഞ്ഞ പത്തു വർഷത്തിനുള്ളിൽ 51 പേരാണ് സംസ്ഥാനത്ത് വന്യമൃഗങ്ങളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഇരകളാക്കപ്പെട്ടവരുടെ ഉറ്റവർക്ക് ഇതുവരെ നഷ്ടപരിഹാരമോ, വന്യമൃഗ ശല്യം പ്രതരോധിക്കാൻ ശക്തമായ നടപടികളോ ഉണ്ടായിട്ടില്ല!
നമ്മുടെ വന്യമൃഗ നിയമങ്ങളെല്ലാം അവയെ മാത്രം സംരക്ഷിക്കാനുള്ളതാണ്; വന്യമൃഗങ്ങളാൽ ആക്രമിക്കപ്പെടുന്ന മനുഷ്യർക്ക് സ്വയരക്ഷയ്ക്കു പോലും തിരിച്ചടിക്കാൻ നിയമമില്ല. കർഷകർക്ക് കാട്ടുമൃഗങ്ങളേക്കാൾ ദ്രോഹം കടാശ്വാസ കമ്മിഷന്റേതാണ്. വെള്ളപ്പൊക്കത്തിലും വരൾച്ചയിലും കാട്ടുമൃഗങ്ങളുടെ ശല്യത്തിലും ജീവിതസമ്പാദ്യം മുഴുവൻ തകർന്നടിഞ്ഞ കർഷകരാണ് കേരളത്തിൽ ഭൂരിഭാഗവും. ഇവർക്ക് കേന്ദ്ര- സംസ്ഥാന കടാശ്വാസ കമ്മിഷൻ വിധിച്ച നഷ്ടപരിഹാരം പോലും വിതരണം ചെയ്യുന്നില്ല. ഈ വർഷം ആദ്യം കൃഷി മന്ത്രി നിയമസഭയിൽ പറഞ്ഞ മറുപടി പ്രകാരം,സംസ്ഥാന കടാശ്വാസ കമ്മിഷൻ ശുപാർശ ചെയ്ത 158.53 കോടി ഇനിയും കർഷകർക്കു കൊടുക്കാനുണ്ട്. വയനാട്ടിൽ പ്രഖ്യാപിക്കപ്പെട്ട 42 കോടിയിൽ നിന്ന് ഒരു രൂപ പോലും കൊടുത്തിട്ടില്ല.
കടക്കെണിയുടെ
മരണക്കുരുക്ക്
കേരളത്തിലെ കർഷകരുടെ കണ്ണീർത്തുള്ളിയാണ് കടബാദ്ധ്യതയെ തുടർന്ന് ആത്മഹത്യ ചെയ്ത തകഴി കുന്നമ്മ സ്വദേശി കെ.ജി. പ്രസാദ്. അദ്ധ്വാനിച്ചുണ്ടാക്കിയ നെല്ല് സർക്കാരിനു നൽകിയതാണ് പ്രസാദ് ചെയ്ത കുറ്റം. എന്നാൽ ഈ നെല്ലിന്റെ പണമോ, ആവർത്തന കൃഷിക്കുള്ള വായ്പയോ നൽകാതെ സർക്കാരും ധനകാര്യ സ്ഥാപനങ്ങളും ചേർന്ന് ഈ ചെറുപ്പക്കാരനെ കൊലപ്പെടുത്തുകയായിരുന്നു. സംസ്ഥാനത്തെ ഒട്ടുമിക്ക കർഷകരും ആത്മഹത്യാ മുനമ്പിലാണ്. കുട്ടനാട്ടിലെയും പാലക്കാട്ടെയും നെൽ കർഷകരാണ് അതിൽ നല്ല പങ്കും.
ഇടുക്കിയിൽ മാത്രം ഒന്നേകാൽ ലക്ഷം കർഷകരാണ് കടക്കെണിയിൽ കുടുങ്ങിക്കിടക്കുന്നത്. വയനാട്ടിലും കുട്ടനാട്ടിലും ആയിരക്കണക്കിന് കർഷകർക്ക് ജപ്തി നോട്ടീസ് കിട്ടിയിട്ടുണ്ട്. വായ്പാ തിരിച്ചടവ് മുടങ്ങിയാൽ ഈട് ജപ്തി ചെയ്യാൻ ധനകാര്യ സ്ഥാപനങ്ങൾക്ക് നേരിട്ട് അധികാരം നൽകുന്ന സർഫാസി നിയമത്തിന് കൊലക്കയറിന്റെ സ്വഭാവമാണെന്നതാണ് മറ്റൊരു ദുരന്തം. വായ്പകളിൽ ഒന്നോ രണ്ടോ തിരിച്ചടവ് മുടങ്ങിയാൽ ഗുണ്ടകളെ വിട്ട് ജപ്തി നടപ്പാക്കുന്ന അപകടകരമായ സ്ഥിതിയാണ് സർഫാസി നിയമത്തിന്റെ മറവിൽ ദേശസാൽക്കൃത ബാങ്കുകൾ നടത്തുന്നത്. ഇക്കാര്യത്തിൽ സ്വീകരിക്കേണ്ട നടപടികളും ദീർഘകാലാടിസ്ഥാനത്തിലുള്ള പരിഹാര മാർഗങ്ങളും കേന്ദ്ര - സംസ്ഥാന സർക്കാരുകൾ അടിയന്തരമായി പരിഗണിക്കേണ്ടതുണ്ട്.
അടിയന്തരമായി
ചെയ്യേണ്ടത്
ഉത്പന്നങ്ങൾക്ക് ന്യായ വില ഉറപ്പാക്കിയും, കൃഷിച്ചെലവ് കുറയ്ക്കാൻ കോൺഗ്രസ് സർക്കാരുകളുടെ കാലത്തുണ്ടായിരുന്ന വളം, വിത്ത് സബ്സിഡി പുനഃസ്ഥാപിക്കുകയും കർഷകർക്ക് ഹ്രസ്വകാല പലിശരഹിത വായ്പ അനുവദിക്കുകയുമാണ് വേണ്ടത്. വനം, വന്യജീവി നിയമങ്ങളിൽ മനുഷ്യന്റെ സുരക്ഷ ഉറപ്പാക്കുന്ന നിയമ നിർമ്മാണവും കർഷകരുടെ ദീർഘകാല ആവശ്യമാണ്. ആ വഴിക്ക് പാർലമന്റിന്റെ നിയമ നിർമ്മാണവും കാലം ആവശ്യപ്പെടുന്ന അനിവാര്യതയാണ്.
ഈ വർഷം മദ്ധ്യത്തോടെ കേന്ദ്ര സർക്കാർ നെല്ലിന്റെ താങ്ങുവിലയിൽ 1.43 രൂപയുടെ വർധന വരുത്തി. 20.40 രൂപയായിരുന്നു അതുവരെ നെല്ലിന് കേന്ദ്രം നൽകിയ താങ്ങുവില. സംസ്ഥാന സർക്കാർ വിഹിതം 7.80 രൂപയും ചേർത്ത് 28.23 രൂപയായിരുന്നു ഒരു കിലോയ്ക്ക് താങ്ങുവില. കേന്ദ്ര സർക്കാർ താങ്ങുവല 1.43 രൂപ കൂട്ടിയപ്പോൾ ആനുപാതികമായി വില കൂട്ടേണ്ടിയിരുന്ന സംസ്ഥാന സർക്കാർ അതു ചെയ്തില്ലെന്നു മാത്രമല്ല, കേന്ദ്രം കൂട്ടിയ തുക ഇൻസെന്റീവ് ബോണസിൽ കുറച്ച് താങ്ങുവില പഴയ 28.23 രൂപയായി നിലനിറുത്തുകയാണു ചെയ്തത്. ഇതിൽപ്പരം ക്രൂരത കേരളത്തിലെ കർഷകരോട് സംസ്ഥാന സർക്കാർ ചെയ്യാനുണ്ടോ?
പറഞ്ഞാൽ പോരാ,
കർഷക പ്രേമം
വാഴ, ഇഞ്ചി. കപ്പ തുടങ്ങിയ വിളകളുടെ കാര്യത്തിലും ഇതു തന്നെയാണ് അവസ്ഥ. ഇവയ്‌ക്കൊന്നും താങ്ങുവിലയില്ല. ഉത്പാദനച്ചെലവിന്റെ ചെറിയൊരംശം മാത്രം ഈടാക്കി വിറ്റഴിക്കുകയാണ് കർഷകർ. ഇതിലും വലിയ ചതിയാണ് റബർ കർഷകരോട് സർക്കാർ ചെയ്തത്. കിലോഗ്രാമിന് 250 രൂപ ലഭിച്ചിരുന്ന റബറിന്റെ വില നൂറു രൂപയിലും താഴേക്കു വന്നപ്പോൾ അന്നത്തെ യു.ഡി.എഫ് സർക്കാർ റബറിന് അധികവില നിശ്ചയിച്ച് വില സ്ഥരിത നൽകി. എന്നാൽ, വില സ്ഥിരത 250 രൂപയാക്കാമെന്നു പറഞ്ഞ് അധികാരത്തിലെത്തിയ ഒന്നാം പിണറായി സർക്കാർ ഇതുവരെ വിലസ്ഥിരത ഉറപ്പാക്കിയില്ല. നവകേരള സദസിൽ പങ്കെടുത്ത് കേരള കോൺഗ്രസ് എം.പി തോമസ് ചാഴികാടൻ ഇക്കാര്യം ചൂണ്ടിക്കാട്ടിയപ്പോൾ മുഖ്യമന്ത്രി അദ്ദേഹത്തെ ശാസിച്ച് ഇരുത്തുന്നതാണ് കണ്ടത്.
കർഷക പ്രേമം പ്രകടന പത്രികയിൽ മാത്രം പോരാ. പറഞ്ഞ വാഗ്ദാനങ്ങൾ നടപ്പാക്കണം. മുൻകാലങ്ങളിൽ യു.ഡി.എഫ് സർക്കാരുകൾ അത് ചെയ്തു കാണിച്ചിട്ടുണ്ട്. എന്നാൽ ഇപ്പോഴത്തെ ഇടതു സർക്കാരിൽ കാര്യങ്ങൾ ആ വഴിക്കല്ല. കർഷകരെ ബാധിക്കുന്ന പ്രശ്നങ്ങൾ നവേകേരള സദസ് പോലുള്ള പൊതു വേദികളിൽ ഭരണകക്ഷി എം.പിമാർക്കു പോലും തുറന്നുപറയാൻ കഴിയാത്ത തരത്തിലുള്ള കർഷക ദ്രോഹമാണ് ഇപ്പോഴത്തെ സർക്കാരിന്റെ മുഖമുദ്ര. അതിന് അവർ വലിയ വില നൽകേണ്ടി വരികതന്നെ ചെയ്യും.