രണ്ട് കേരള എംപിമാർ കൂടി പുറത്ത്

Thursday 21 December 2023 12:50 AM IST

ന്യൂഡൽഹി: പാർലമെന്റ് സുരക്ഷാ വീഴ‌്ചയിൽ കേന്ദ്ര നിലപാടിനെ ചോദ്യം ചെയ്ത് നടുത്തളത്തിൽ പ്ളക്കാർഡുമായി പ്രതിഷേധിച്ച സി.പി.എമ്മിന്റെ ആലപ്പുഴ എംപി എ.എം. ആരിഫിനെയും കേരള കോൺഗ്രസിന്റെ കോട്ടയം എം.പി തോമസ് ചാഴികാടനെയും നടപ്പ് സമ്മേളനത്തിൽ നിന്ന് സസ്‌പെൻഡ് ചെയ്‌തു. ഇതോടെ രാഹുൽ ഗാന്ധിയും എം.കെ. രാഘവനും ഒഴികെ കേരളത്തിലെ 18 എം.പിമാരും പുറത്തായി.

പുറത്തായ ലോക്‌സഭാ അംഗങ്ങൾ 97 ആയി. 46 രാജ്യസഭാംഗകങ്ങളുൾപ്പെടെ 143 എം. പിമാരാണ് ഈ സമ്മേളനത്തിൽ സസ്‌പെൻഷനിലായത്. രാജ്യസഭയിൽ ഇന്നലെയും പ്രതിഷേധം തുടർന്നെങ്കിലും നടപടിയുണ്ടായില്ല.

നവകേരള സദസിൽ പങ്കെടുക്കാൻ നാട്ടിലായിരുന്ന എ.എം.ആരിഫ് ചൊവ്വാഴ്‌ച വൈകിട്ടാണ് എത്തിയത്. കഴിഞ്ഞ ദിവസങ്ങളിൽ സഭയിലുണ്ടായിരുന്നെങ്കിലും തോമസ് ചാഴികാടനെതിരെ നടപടിയുണ്ടായില്ല. ഇന്നലെ ലോക്‌സഭ സമ്മേളിച്ചപ്പോൾ മൂന്ന് ജെ.ഡി.യു എംപിമാർക്കൊപ്പമാണ് ഇരുവരും പ്രതിഷേധം തുടങ്ങിയത്. സോണിയാ ഗാന്ധിയും രാഹുൽ ഗാന്ധിയും സഭയിൽ എത്തിയില്ല.

ജെ.ഡി.യുക്കാർ പിന്നീട് സ്ഥലം വിട്ടതോടെ ഒറ്റയ്‌ക്കായ കേരള എം.പിമാർ കടലാസുകൾ കീറിയെറിഞ്ഞും ഡെസ്‌കിൽ കയറി ഇരുന്നും നടുത്തളത്തിൽ ഇറങ്ങിയും പരമാവധി പ്രകോനം സൃഷ്‌ടിച്ച് നടപടിക്ക് വിധേയരാകാനാണ് ശ്രമിച്ചത്. 'അവരെയും കൂടി' പുറത്താക്കി കൊടുക്കൂ എന്ന് ട്രഷറി ബെഞ്ച് എംപിമാർ വിളിച്ചുപറഞ്ഞു.

രണ്ടുമണിക്ക് ക്രിമിനൽ നിയമഭേദഗതി ബില്ലുകളുടെ ചർച്ച തുടങ്ങിയപ്പോഴും എംപിമാർ പ്രതിഷേധം തുടർന്നു. രണ്ടരയോടെ പാർലമെന്ററികാര്യ മന്ത്രി പ്രൾഹാദ് ജോഷി സസ്‌പെൻഡ് ചെയ്യാനുള്ള പ്രമേയം അവതരിപ്പിക്കുകയും ശബ്‌ദവോട്ടോടെ പാസാക്കുകയുമായിരുന്നു. തുടർന്നാണ് അമിത് ഷാ ബില്ലുകളിൽ മറുപടി പ്രസംഗം നടത്തിയത്.

കഴിഞ്ഞ ദിവസങ്ങളിൽ പുറത്താക്കപ്പെട്ട എംപിമാർ 'ജനാധിപത്യത്തെ സംരക്ഷിക്കുക' എന്ന ബാനറുമായി ഇന്നലെയും പാർലമെന്റ് വളപ്പിലെ ഗാന്ധി പ്രതിമയ്‌ക്കു മുന്നിൽ പ്രതിഷേധിച്ചു.

Advertisement
Advertisement