ആദ്യമായല്ല ദാവൂദ് 'മരിക്കുന്നത്', സുരക്ഷ ഉറപ്പാക്കാനുള്ള വഴിയോ

Thursday 21 December 2023 6:54 AM IST

കറാച്ചി: അധോലോക ഭീകരൻ ദാവൂദ് ഇബ്രാഹിന് വിഷബാധയേറ്റെന്നും അത്യാസന്ന നിലയിലാണെന്നും മരിച്ചെന്നുമെല്ലാം വാർത്തകൾ പരന്നു. എന്നാൽ ദാവൂദിന് ഒന്നും സംഭവിച്ചില്ലിട്ടില്ലെന്നും പൂർണ ആരോഗ്യവാനാണെന്നും അയാളുടെ സഹായി ഛോട്ടാ ഷക്കീലും ഇന്റലിജൻസ് ഏജൻസികളും ഉറപ്പിച്ചു പറയുന്നു. അടുത്ത കാലത്തായി ദാവൂദ് ചില ആരോഗ്യപ്രശ്‌നങ്ങൾ നേരിടുന്നുണ്ടെന്നും റിപ്പോർട്ടുണ്ട്. ഇതാദ്യമായല്ല, ദാവൂദ് മരിച്ചെന്ന വാർത്തകൾ പ്രചരിക്കുന്നത്. 2016ൽ ദാവൂദ് ഗുരുതരാവസ്ഥയിലാണെന്നും കാൽ മുറിച്ചുമാറ്റിയേക്കുമെന്നും പ്രചരിച്ചു. 2017ൽ ഹൃദയാഘാതത്താലും 2020ൽ കൊവിഡ് വന്നും ദാവൂദ് മരിച്ചെന്ന വാർത്തകളാണ് ഏറെ കോളിളക്കം സൃഷ്‌ടിച്ചവ.

 അഗാ ഖാനിൽ നിന്ന് ഷിഫയിലേക്ക്....

കഴിഞ്ഞ ആഴ്‌ച കറാച്ചിയിലെ അഗാ ഖാൻ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ ദാവൂദിനെ പ്രവേശിപ്പിച്ചെന്ന് ഒരു ദേശീയ മാദ്ധ്യമം പുറത്തുവിട്ടു. വിഷബാധയേറ്റ് അത്യാസന്ന നിലയിലാണ്.

ദൈർഘ്യമേറിയ വിവിധ പരിശോധനകൾക്ക് വിധേയമാക്കി. പി.എൻ.എസ് ഷിഫ ആശുപത്രിയിലേക്ക് മാറ്റി. ദാവൂദ് പാകിസ്ഥാനിലുണ്ടെന്ന വിവരം പുറത്താകാതിരിക്കാൻ സർക്കാർ പ്രത്യേക സുരക്ഷ നൽകുന്നുണ്ടെന്നും കള്ളപ്പേരിലാണ് ചികിത്സയെന്നും റിപ്പോർട്ട് വന്നു.

 അജ്ഞാതരെ ഭയം ?​

പാകിസ്ഥാനിൽ 12ലേറെ ഇന്ത്യാ വിരുദ്ധ ഭീകരരാണ് ഇക്കൊല്ലം കൊല്ലപ്പെട്ടത്. ഇത്

ദാവൂദിന്റെ അനുയായികൾക്കിടെയിൽ അസ്വസ്ഥതകൾ സൃഷ്ടിച്ചിട്ടുണ്ടെന്നാണ് അഭ്യൂഹം. ദാവൂദിന്റെ സുരക്ഷിതത്വം ദൃഢമാക്കാൻ പാക് ചാര സംഘടനയായ ഐ.എസ്.ഐയോ ദാവൂദിന്റെ അനുയായികളോ തന്നെ മരണ വാർത്ത പ്രചരിപ്പിച്ചതാണോ എന്നും ആരോപിക്കുന്നു. തങ്ങളുടെ തണലിൽ കഴിയുന്ന ഭീകരരെ ' മരണ വാർത്തകളിലൂടെ' സംരക്ഷിച്ച ചരിത്രം പാക് ഭരണകൂടത്തിനുണ്ട്. 2008ലെ മുംബയ് ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരന്മാരിൽ ഒരാളായ സാജിദ് മിർ ഉൾപ്പെടെ നിരവധി ഉദാഹരണങ്ങൾ.

 തേടിയെത്തിയ കാൾ

ഇന്റർസെപ്‌റ്റ് ചെയ്യപ്പെടുമെന്ന ഭയത്താൽ ദാവൂദ് വർഷങ്ങളായി ഫോൺവിളികൾ നടത്തുന്നില്ലെന്നാണ് മുമ്പ് ഇന്റലിജൻസ് വൃത്തങ്ങൾ അറിയിച്ചിരുന്നത്. ദാവൂദിന്റെ ചില ഫോൺ കാൾ റെക്കാഡുകൾ പ്രചരിക്കുന്നുണ്ട്.

സൗദി അറേബ്യയിലെ ജിദ്ദയിൽ നിന്ന് ലൂയി വീറ്റൺ ഷൂ വാങ്ങണമെന്ന് ദാവൂദ് അനുയായി ഫറൂഖിനോട് നിർദ്ദേശിക്കുന്നതാണ് പ്രചരിക്കുന്ന ഒന്ന്. ദാവൂദിനായി താൻ എപ്പോഴും പ്രാർത്ഥിക്കുന്നുണ്ടെന്നും കാണാൻ പാകിസ്ഥാനിലേക്ക് വരുന്നുണ്ടെന്നും ഫാറൂഖ് പറയുന്നു. ജിദ്ദയിൽ മുമ്പ് ഷൂ വാങ്ങിയിരുന്ന കടയിൽ പോകണമെന്ന് ദാവൂദ് ആവശ്യപ്പെടുന്നുണ്ടെങ്കിലും അത് പൂട്ടിയെന്നും മറ്റൊരു കടയിൽ നിന്ന് എത്തിക്കുമെന്നും ഫാറൂഖ് ഉറപ്പ് നൽകി. 42 അല്ലെങ്കിൽ 9 ( യുകെ സൈസ്, യൂറോപ്യൻ സൈസ് ) സൈസിലെ ഷൂ വാങ്ങണമെന്നും ദാവൂദ് പറയുന്നു.

പിതാവ് ഇബ്രാഹിം കസ്കറിന്റെ സുഹൃത്തും അയൽവാസിയുമായിരുന്ന മജീദ് ഖാലിയയുമായുള്ള ദാവൂദിന്റെ ഫോൺ സംഭാഷണമാണ് മറ്റൊന്ന്. ഖാലിയയുടെ സുഖവിവരങ്ങളും മക്കളെ പറ്റിയും അന്വേഷിക്കുന്ന ദാവൂദ് ഖാലിയയുടെ ഭാര്യയുമായും സംസാരിക്കുന്നുണ്ട്. ദാവൂദിന്റെ ശബ്ദത്തിൽ ഖാലിയയ്ക്ക് സംശയം തോന്നുന്നുണ്ടെങ്കിലും അദ്ദേഹത്തിന് സുഖമില്ലാത്തതിനാൽ ദാവൂദിന്റെ ശബ്ദം മറന്നതാണെന്ന് ഭാര്യ സംഭാഷണത്തിനിടെ പറയുന്നു. ഒരു ദേശീയ മാദ്ധ്യമം പുറത്തുവിട്ട രണ്ട് സംഭാഷണങ്ങളുടെയും ആധികാരികത വ്യക്തമല്ല. ഇവ എന്ന് നടത്തിയതാണെന്നും വ്യക്തമല്ല.

Advertisement
Advertisement