യു.എസ് പ്രസിഡന്റ് തിര: കൊളറാഡോയിൽ ട്രംപിനെ അയോഗ്യനാക്കി
വാഷിംഗ്ടൺ: 2024ലെ യു.എസ് പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പിൽ കൊളറാഡോ സംസ്ഥാനത്ത് മത്സരിക്കുന്നതിന് മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് വിലക്ക്. കൊളറാഡോ സുപ്രീംകോടതിയുടേതാണ് വിധി. 2021 ജനുവരിയിലെ യു.എസ് ക്യാപിറ്റൽ കലാപത്തിൽ പങ്കുള്ളതിനാലാണ് വിലക്ക്. യു.എസ് ചരിത്രത്തിൽ ആദ്യമായാണ് ഒരു പ്രസിഡന്റ് സ്ഥാനാർത്ഥിക്ക് ഇത്തരത്തിൽ വിലക്കേർപ്പെടുത്തുന്നത്.
ഇതോടെ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയായ ട്രംപിന് കൊളറാഡോയിൽ മാർച്ച് 5ന് നടക്കുന്ന പാർട്ടി പ്രൈമറിയിൽ ( ഉൾപാർട്ടി പോര് ) മത്സരിക്കാനാകില്ല. വിധി മറ്റ് സംസ്ഥാനങ്ങളിൽ ബാധകമല്ല.
കലാപത്തിലോ ആക്രമണത്തിലോ ഉൾപ്പെട്ടവരെ അധികാരത്തിൽ നിന്ന് നീക്കാനുള്ള യു.എസ് ഭരണഘടനയിലെ 14ാം ഭേദഗതിയുടെ മൂന്നാം സെക്ഷൻ പ്രയോഗിച്ചാണ് കോടതിയുടെ നീക്കം. കൊളറാഡോയിലെ വോട്ടർമാരും സംഘടനകളും ചേർന്നാണ് ട്രംപിനെതിരെ ഹർജി സമർപ്പിച്ചത്.
വിധിക്കെതിരെ അപ്പീൽ നൽകാൻ ജനുവരി 4 വരെ ട്രംപിന് സമയമുണ്ട്. അതുവരെ കൊളറാഡോയിൽ ട്രംപിന്റെ സ്ഥാനാർത്ഥിത്വം തുടരും. വിധി ജനാധിപത്യവിരുദ്ധമാണെന്നും യു.എസ് സുപ്രീംകോടതിയെ സമീപിക്കുമെന്നും ട്രംപ് അറിയിച്ചു.
ട്രംപിനെ എങ്ങനെ ബാധിക്കും ?
വിധി കൊളറാഡോയിൽ മാത്രം ബാധകം. മറ്റ് സംസ്ഥാനങ്ങളിലെ റിപ്പബ്ലിക്കൻ പ്രൈമറികളിൽ ട്രംപിന് മത്സരിക്കാം. മറ്റ് റിപ്പബ്ലിക്കൻ സ്ഥാനാർത്ഥികളേക്കാൾ മുന്നിലെത്തിയാൽ അദ്ദേഹത്തിന് പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർത്ഥിയുമാകാം
കൊളറാഡോ ഡെമോക്രാറ്റുകൾക്ക് അനുകൂലം
2020ൽ പ്രസിഡന്റ് സ്ഥാനത്തിനായി ട്രംപും ബൈഡനും ഏറ്റുമുട്ടിയപ്പോൾ കൊളറാഡോയിൽ വിജയം ബൈഡനായിരുന്നു
എന്നാൽ, കൊളറാഡോയുടെ പാത മറ്റ് സംസ്ഥാനങ്ങളും പിന്തുടർന്നാൽ ട്രംപ് പ്രതിസന്ധിയിലാകും