ഗുരുതരാവസ്ഥയിലായ സഹോദരന് വൃക്ക ദാനം ചെയ്തു; വാട്‌സാപ്പിലൂടെ മുത്തലാഖ് ചൊല്ലി ഭർത്താവ്

Thursday 21 December 2023 3:58 PM IST

ലക്‌നൗ: രോഗബാധിതനായ സഹോദരന് വൃക്ക ദാനം ചെയ്ത യുവതിയെ മുത്തലാഖ് ചൊല്ലി ഭർത്താവ്. ഉത്തർപ്രദേശിലെ ബൈരിയാഹി ഗ്രാമത്തിലാണ് സംഭവം. സൗദി അറേബ്യയിൽ ജോലി ചെയ്യുന്ന റാഷിദ് എന്ന യുവാവാണ് വാട്‌സാപ്പിലൂടെ മുത്തലാഖ് ചൊല്ലി ഭാര്യയുമായുള്ള ബന്ധം വേർപെടുത്തിയത്. യുവതിയുടെ പരാതിയിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

യുവതിയുടെ സഹോദരൻ മുംബയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. എത്രയും വേഗം വൃക്ക മാറ്റി വച്ചില്ലെങ്കിൽ ജീവന് ആപത്താണെന്ന് ഡോക്ടർ പറഞ്ഞതിനെ തുടർന്ന് വൃക്ക ദാനം ചെയ്യാമെന്ന് യുവതി സമ്മതിക്കുകയായിരുന്നു. തുടർന്ന് സൗദിയിലുള്ള ഭർത്താവിനെ ഇക്കാര്യം അറിയിച്ചു. അഞ്ച് മാസം മുമ്പാണ് ഈ സംഭവം നടക്കുന്നത്.

ശസ്ത്രക്രിയ്‌ക്ക് ശേഷം ഭർത്താവിന്റെ വീട്ടിലേയ്‌ക്ക് മടങ്ങിയ യുവതിയോട് വളരെ മോശമായാണ് ബന്ധുക്കൾ പെരുമാറിയത്. വൃക്ക നൽകിയതിന് പകരം 40 ലക്ഷം രൂപ നൽകാൻ സഹോദരനോട് ആവശ്യപ്പെടണമെന്ന് റാഷിദ് ഭാര്യയോട് പറഞ്ഞു. ഇതിന് തയ്യാറാകാതെ വന്നതോടെയാണ് ഇക്കഴിഞ്ഞ ഓഗസ്റ്റ് 30ന് വാട്‌സാപ്പിലൂടെ മുത്തലാഖ് ചൊല്ലിയത്. തുടർന്നും യുവതി ഭർത്താവിന്റെ വീട്ടിൽ തന്നെ താമസിച്ചു. എന്നാൽ, ഭർത്താവിന്റെ വീട്ടുകാരുടെ എതിർപ്പ് സഹിക്കാൻ കഴിയാതായതോടെ പൊലീസിൽ പരാതിപ്പെടുകയായിരുന്നു. 2019 മുതൽ മുത്തലാഖ് നിയമവിരുദ്ധമാക്കിയിരുന്നു.