ജമ്മു കാശ്മീരിൽ സൈനിക വാഹനത്തിന് നേരെ ഭീകരാക്രമണം, മൂന്ന് ജവാൻമാർക്ക് വീരമൃത്യു

Thursday 21 December 2023 8:13 PM IST

ശ്രീനഗർ : ജമ്മു കാശ്മീരിൽ സൈനിക വാഹനത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തിൽ മൂന്ന് സൈനികർക്ക് വീരമൃത്യു. മൂന്ന് സൈനികർക്ക് ഏറ്റുമുട്ടലിൽ പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. രജൗരി സെക്ടറിലെ തനമണ്ടി മേഖലയിൽ രണ്ട് സൈനിക വാഹനങ്ങൾക്ക് നേരെയാണ് ആക്രമണമുണ്ടായത്. ഒളിച്ചിരിക്കുകയായിരുന്ന ഭീകരരെ കണ്ടെത്താൻ സംയുക്ത ഓപ്പറേഷന് പോവുകയായിരുന്ന രണ്ട് സൈനിക വാഹനങ്ങളാണ് ആക്രമിക്കപ്പെട്ടത്.

മേഖലയിലേക്ക് കൂടുതൽ സൈനികർ എത്തിച്ചേർന്നിട്ടുണ്ട്. സുരൻകോട്ട് ജനറൽ ഏരിയ,​ പൂഞ്ചിലെ ബഫ്ലിയാസ് മേഖലകളിലാണ് സൈന്യത്തിന്റെ സംയുക്ത ഓപ്പറേഷൻ. ​ സ്ഥലത്ത് ഏറ്റുമുട്ടൽ തുടരുകയാണ്. ഏറ്റുമുട്ടലിൽ ഒരു ഭീകരന് പരിക്കേറ്റതായാണ് വിവരം.

കഴിഞ്ഞ മാസം, രജൗരിയിലെ കലക്കോട്ടിൽ സൈന്യവും പ്രത്യേക സേനയും ഭീകരവിരുദ്ധ ഓപ്പറേഷൻ ആരംഭിച്ചതിനെത്തുടർന്ന് രണ്ട് ക്യാപ്റ്റന്മാർ ഉൾപ്പെടെയുള്ള സൈനികർ കൊല്ലപ്പെട്ടിരുന്നു. കഴിഞ്ഞ കുറച്ച് മാസങ്ങളായി മേഖലയിൽ ഭീകരാക്രമണം പതിവാണ്.

ഏപ്രിലിലും മേയിലും പത്ത് സൈനികരാണ് ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടത്. 2003 നും 2021 നും ഇടയിൽ ഈ പ്രദേശം വലിയ തോതിൽ തീവ്രവാദത്തിൽ നിന്ന് മുക്തമായിരുന്നു, അതിനുശേഷം പതിവായി ഏറ്റുമുട്ടലുകൾ സംഭവിക്കാൻ തുടങ്ങി. ഭീകരവിരുദ്ധ പ്രവർത്തനങ്ങൾക്കിടെ കഴിഞ്ഞ രണ്ട് വർഷത്തിനിടെ 35ഓളം സൈനികരാണ് മേഖലയിൽ നിന്ന് വിരമൃത്യു വരിച്ചത്