ലോകക്ഷേമത്തിനായി ഒന്നിക്കാം

Friday 22 December 2023 12:10 AM IST

ശ്രീനാരായണഗുരുദേവൻ 1924-ൽ ആലുവയിൽ സംഘടിപ്പിച്ച സർവ്വമത സമ്മേളനത്തിന്റെ ശതാബ്ദി ആഘോഷ സമ്മേളനം 91-ാമത് ശിവഗിരി തീർത്ഥാടനത്തോടനുബന്ധിച്ച് ഡിസംബർ 26- ന് രാവിലെ 10-ന് ശിവഗിരിയിൽ മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഉദ്ഘാടനം ചെയ്യും

ലോകോദ്ധാരണത്തിനായി മനുഷ്യാകാരം പൂണ്ട് അവതരിച്ച ശ്രീനാരായണ ഗുരുദേവന്റെ ജ്ഞാന കർമ്മ യോഗാത്മകതയിലേക്കുള്ള പ്രായോഗിക പാഥേയമാണ് ശിവഗിരി തീർത്ഥാടനം. അറിവ് പകർന്നുകൊടുത്ത് മനുഷ്യനെ ലോകോപകാരപരനായി നന്നാക്കിയെടുക്കുക- അതാണ് ശിവഗിരി തീർത്ഥാടനത്തിന്റെ ആത്യന്തിക ലക്ഷ്യം. സമൂഹത്തെയും രാജ്യത്തെയും ലോകത്തെയും അഭ്യുദയത്തിലേക്ക് നയിക്കുന്നവനായി, ഭൗതികമായും ആത്മീയമായും ഉൾക്കാഴ്ചയുള്ളവനായി, ഓരോ തീർത്ഥാടകനും മാറണം. അതിന് എന്തൊക്കെ വേണമോ,​ അതെല്ലാം ഉള്ളടക്കമായി വരുന്ന ലോകക്ഷേമത്തിന്റെ തീർത്ഥാടനമാണ് ശിവഗിരി തീർത്ഥാടനം. അതുകൊണ്ടാണ് ശിവഗിരി തീർത്ഥാടനത്തിന് അതിരും പരിധിയുമില്ലാത്ത സ്വീകാര്യതയും പ്രസക്തിയും വളരെ വേഗം കൈവന്നത്.

തീർത്ഥാടനത്തിനു മുന്നോടിയായി പഞ്ചശുദ്ധിയിലൂടെ ആദ്യം ആത്മവിശ്വാസവും ആത്മശുദ്ധിയും നേടി മനുഷ്യന്റെ മനസും ശരീരവും നന്നാവട്ടെ എന്നതായിരുന്നു ഗുരുവിന്റെ വിചാരം. അത്രയുമായാൽ വ്യക്തിജീവിതവും സമൂഹജീവിതവും ലോകജീവിതവും നന്നാവാൻ വേണ്ടതെല്ലാം ശിവഗിരി തീർത്ഥാടനത്തിലൂടെ ഒരുവന് വളരെവേഗം സ്വാംശീകരിക്കാനാവുമെന്നും ഗുരുദേവൻ സങ്കല്പം ചെയ്തിരുന്നു. ഇത്തരത്തിൽ ആത്മീയമായും ഭൗതികമായും നവീകരിക്കപ്പെട്ട് സ്വയം നന്നാവാൻ മനുഷ്യന് അവസരവും പ്രാപ്തിയും ഒരുക്കുന്നുവെന്നതാണ് ശിവഗിരി തീർത്ഥാടനത്തിന്റെ സവിശേഷതയും അപൂർവ്വതയും . ഇവിടെ ഗുരു തുറന്നുവച്ച ആത്മീയതയും മാനവികതയും ഒന്നുചേരുന്ന ഒരു ദാർശനിക വീഥിയിലുടെയാണ് ശിവഗിരി തീർത്ഥാടകന്റെ സഞ്ചാരം. അത് വെറുമൊരു സഞ്ചാരമല്ല; നവോത്ഥാനത്തിലേക്കുള്ള,​ പ്രബുദ്ധതയിലേക്കുള്ള ആത്മസഞ്ചാരം കൂടിയാണ്.

സംഗമങ്ങളുടെ

ധന്യത

ഇക്കൊല്ലത്തെ 91-ാമത് ശിവഗിരി തീർത്ഥാടനം ഒട്ടേറെ ചരിത്രസംഗമങ്ങളുടെ ധന്യതയിലാണ് നടക്കുന്നത്. ഏഷ്യാ ഭൂഖണ്ഡത്തിൽ ആദ്യമായി ഗുരുദേവനാൽ സംഘടിപ്പിക്കപ്പെട്ട ആലുവാ സർവ്വമത സമ്മേളനത്തിന്റെയും,​ ഗുരുദേവന്റെ അനുഗ്രഹത്താൽ വിജയപ്രദമായ വൈക്കം സതഗ്രഹത്തിന്റെയും,​ ഗുരുദേവന്റെ സ്നേഹവാത്സല്യങ്ങളാൽ മലയാള കവിതയുടെ നിത്യസുഗന്ധമായിത്തീർന്ന മഹാകവി കുമാരനാശാന്റെ ദേഹവിയോഗ ശതാബ്ദിയുടേയും ഈ ചരിത്രസമാഗമം ചിന്തയുടെയും പുനരവലോകനത്തിന്റെയും പുതിയൊരു ഉയരത്തിലേക്ക് നമ്മെയാകെ നയിക്കുമെന്നാണ് പ്രതീക്ഷ.

വിശ്വാസത്തിന്റെ പേരിൽ അന്യോന്യം കലഹിക്കുന്ന മനുഷ്യർ ലോകത്തിന്റെ എല്ലാ ഭാഗത്തും വർദ്ധിച്ചു വരുന്നതായാണ് കാണുന്നത്. ഇത് ദീർഘദർശനം ചെയ്തിട്ടാണ്,​ 'അത് ബുദ്ധിയുളളവരുടെ ലക്ഷണമല്ല' എന്ന് ഗുരുദേവൻ പറഞ്ഞത്. ഇങ്ങനെ ജീവിതത്തിന്റെ സമസ്തമേഖലകളെയും സ്വതന്ത്രവും പ്രബുദ്ധവുമാക്കുന്നതും മാനവികതയെ ശാക്തീകരിക്കുന്നതുമായ വിശ്വ സമന്വയ ദർശനമാണ് ഗുരുദേവൻ മനുഷ്യരാശിയുടെ മംഗളത്തിനായി ആവിഷ്കരിച്ചു നൽകിയത്. ലൗകികതയും ആത്മീയതയും രണ്ടായി പിരിഞ്ഞു നിൽക്കുന്ന പ്രാചീന ആദ്ധ്യാത്മിക വാദങ്ങളിൽ നിന്നും ശീലങ്ങളിൽ നിന്നും വ്യതിചലിച്ച്,​ ഇതു രണ്ടും രണ്ടല്ലെന്നും, മനുഷ്യസമുദായത്തിന്റെ പരമലക്ഷ്യമായ സുഖപദത്തെ പ്രാപിക്കുവാൻ ആത്മീയമായും ലൗകികമായുമുള്ള സർവവ്വവിധ ഏ‍ർപ്പാടുകളെയും ഏകോപിപ്പിച്ചുള്ള പ്രവൃത്തി ആവശ്യമാണെന്നും, ഉദ്ബോധിപ്പിച്ച ശ്രീനാരായണ ഗുരുദേവന് യാതൊന്നും അന്യമായിരുന്നില്ല. ഇങ്ങനെ അദ്വൈത ദർശനത്തെ ലോകത്തിന്റെയും ലോകരുടെയും അഭ്യുന്നതിക്കായി പുനർനിർണ്ണയം ചെയ്ത് അവതരിപ്പിച്ച ഗുരുദേവന്റെ ആശയസംഹിതകളുടെ സമ്മോഹനമായ പ്രായോഗിക ചേരുവയാണ് ശിവഗിരി തീർത്ഥാടനം.

അശാന്തിയുടെ

തീഗോളങ്ങൾ

ശാന്തിയുടെ,​ സ്വയംപ്രകാശങ്ങളായിത്തീരേണ്ടുന്ന മനുഷ്യരിൽ ഒരുകൂട്ടം പേർ അശാന്തിയുടെ തീഗോളങ്ങളായി ലോകത്തെയാകമാനം അപായപ്പെടുത്തുവാൻ ഒരുക്കംകൂട്ടുന്നൊരു കാലമാണിത്. പശ്ചിമേഷ്യയിൽ കത്തിപ്പടരുന്ന തീഗോളങ്ങൾ ലോകമാകെ പടർന്നുപിടിക്കാനുളള സാദ്ധ്യത ഇന്ന് നമുക്കാർക്കും തള്ളിക്കളയാനാവുകയില്ല. അത്രമാത്രം കലുഷിതവും കുത്സിതവുമായ അധമത്വത്തിന്റെ ഉടയോന്മാരായി ഒരുകൂട്ടം മനുഷ്യർ വളരെ വേഗം മാറുകയാണ്. മനുഷ്യൻ അവന്റെ യഥാർത്ഥ സത്തയായ ആത്മബോധത്തിൽ നിന്നു വ്യതിചലിച്ച് ദൈവത്തിന്റെയും മോക്ഷത്തിന്റെയും അന്ധവിശ്വാസത്തിന്റെയും സോപാധിക വെളിപാടുകളുയർത്തുന്ന മതബോധനത്തിൽ ഉറയ്ക്കുന്നതാണ് ഇതിന് പ്രധാന കാരണം.

മതത്തിന്റെയും ദൈവത്തിന്റെയും മൗലികതയും തത്ത്വങ്ങളും മനുഷ്യന്റെ സങ്കൽപത്തിലാണ് ഉദയം ചെയ്തതെങ്കിലും കാലാന്തരത്തിൽ അത് മതത്തിനും ദൈവത്തിനും വേണ്ടി മനുഷ്യർ നിലകൊള്ളുന്ന നിലയിലേക്ക് തരംമാറ്റപ്പെട്ടു. അങ്ങനെ ഒരേ സാരത്തിന്റെ വിളംബരവുമായി രൂപപ്പെട്ട മതങ്ങൾ പൗരോഹിത്യത്തിന്റെ ഏറ്റക്കുറവുകളിൽപ്പെട്ട് നാനാത്വത്തിന്റെ വിളംബരങ്ങൾ വിളമ്പുന്നതായി മാറി. അതോടെ പലമതസാരങ്ങളും പലതെന്ന വിചാരങ്ങളും നിർവചനങ്ങളും പ്രചാരണങ്ങളും ശക്തമായി. അതിന്റെ ഫലമായി തന്റെ മതത്തിന്റെ ശ്രേഷ്ഠതയ്ക്കായും നിലനിൽപ്പിനായും ശക്തിക്കായും ജീവൻപോലും ബലിദാനം ചെയ്യുന്നതിനും,​ അന്യമതങ്ങളെ നിഷ്പ്രഭമാക്കാനും ദുർബലമാക്കാനും ദുഷിപ്പിക്കാനും നിന്ദിക്കാനും ഉതകുന്നതിലൊക്കെ ഏർപ്പെടുന്നതിനും മതാനുയായികൾ പരസ്പരം മത്സരിക്കുന്ന നില വന്നുചേർന്നു.

ഭീകരതയുടെ

ദുർമ്മുഖം

ഇതിന്റെയൊക്കെ ദുരന്തഫലങ്ങളാണ് ഇന്ന് ഒറ്റപ്പെട്ടും പരക്കപ്പെട്ടും ശക്തിപ്പെട്ടും ഉയർന്നുവരുന്ന മതതീവ്രവാദങ്ങളും മതപ്പോരുകളും മനുഷ്യക്കുരുതികളും. നൂറുകൊല്ലം മുമ്പേതന്നെ മതങ്ങളുടെ പേരിൽ ഒളിച്ചിരിക്കുന്ന ഈ ഭീകരതയുടെ മുഖം ഗുരുദേവൻ തിരിച്ചറിഞ്ഞിരുന്നു. ആ തിരിച്ചറിവിന്റെ ഉൾക്കാഴ്ചയിൽ നിന്നാണ് സർവ്വമത സമ്മേളനം എന്ന ആശയം പിറവികൊണ്ടത്.

മതങ്ങളുടെ മൗലിക തത്ത്വങ്ങളും അതിന്റെ പിറവിക്ക് കാരണമായിട്ടുള്ള സനാതന മൂല്യങ്ങളും മതങ്ങളുടെ നാരായവേരുറച്ചു നിൽക്കുന്ന സാരങ്ങളും വേറുവേറല്ലെന്ന ശരിയായ മതബോധം നാനാമതസ്ഥരിലും ഉളവാക്കുക എന്നതായിരുന്നു സർവ്വമത സമ്മേളനത്തിന്റെ പ്രധാന ഉദ്ദേശ്യം. എല്ലാ മതങ്ങളും എല്ലാവരും സമഭക്തിയോടും സമബുദ്ധിയോടും പഠിച്ചറിയുന്നതായാൽ മതഭേദത്തിനിരിക്കുവാൻ നമ്മുടെ ബോധത്തിൽ ഇടമില്ലാതായിത്തീരുമെന്ന ഗുരുചിന്തയിലൂടെയല്ലാതെ ലോകത്ത് മതപ്പോരുകൾ ഒടുങ്ങുകയില്ല.

ഇന്ന് ഇന്ത്യയുടെ (ലോകത്തിന്റെ തന്നെ) ആവശ്യം എന്താണ്- ജാതികൾ തമ്മിലും മതങ്ങൾ തമ്മിലുമുള്ള മത്സരത്തിൽ നിന്ന് മോചനം. രാജ്യങ്ങൾ തമ്മിലും സമുദായങ്ങൾ തമ്മിലുമുള്ളള ശണ്ഠ ഒന്നു മറ്റൊന്നിനെ തോൽപ്പിക്കുമ്പോൾ അവസാനിക്കും. മതങ്ങൾ തമ്മിൽ പൊരുതിയാൽ ഒടുങ്ങാത്തതുകൊണ്ട് ഒന്നിനു മറ്റൊന്നിനെ തോൽപ്പിക്കുവാൻ കഴിയുകയില്ല.'

മത മീമാംസയും

ദൈവ മീമാംസയും

ഗുരുദേവൻ ഒരു നൂറ്റാണ്ടിനപ്പുറം പറഞ്ഞത് അന്നത്തേക്കാൾ ഇന്നിലേക്കു വരുമ്പോൾ കൂടുതൽ കൂടുതൽ പ്രസക്തമായിത്തീരുകയാണ്. അതുകൊണ്ടുതന്നെ ഗുരുദേവന്റെ പലമതസാരവുമേകമെന്ന മത മീമാംസയും, മനുഷ്യത്വമാണ് മനുഷ്യന്റെ ജാതിയെന്ന ജാതി മീമാംസയും, നീ സത്യം ജ്ഞാനമാനന്ദം എന്ന ദൈവ മീമാംസയും കൊണ്ടല്ലാതെ ഇനിയുള്ള ലോകത്തിന് ശാന്തിയും സമാധാനവും ശ്രേയസ്സും കൈവരിക്കാനാവുകയില്ല എന്നത് നിശ്ചയമാണ്. അതുകൊണ്ടാണ് ഈ ശാസ്ത്രലോകത്തിന്റെ ഭാവിപ്രതീക്ഷയും പ്രത്യാശയും ഗുരുദർശനമാണെന്ന് ചിന്താശീലന്മാർ തുറന്നുപറയുന്നത്.

ശാസ്ത്രത്തേക്കാൾ വലിയ സത്യമില്ല എന്നു വാദിക്കുന്ന ആധുനിക സൈദ്ധാന്തികന്മാർക്കു പോലും ഗുരുദേവൻ പൊതുസമ്മതനും സ്വീകാര്യനുമാകുന്നത് ഗുരുദേവന്റെ ദാർശനിക സമീക്ഷയിലെ ഏകാത്മകതയാലാണ്. 'നിന്നിൽ നില്‍ക്കുന്ന പുരുഷാകൃതിയേതാണ്,​ അതാണു ഞാൻ' എന്ന ഉപനിഷദ് സാരത്തിന്റെ ജ്ഞാതൃ- ജ്ഞാന- ജ്ഞേയ ഭാവങ്ങൾ ഇത്രകണ്ട് ജീവിതത്തിൽ പകർത്തിയും പ്രകാശിപ്പിച്ചും ലോകക്ഷേമത്തിനായി നിലകൊണ്ട ഗുരുദേവന്റെ പാദാംബുജത്തിലലിഞ്ഞ് ഹൃദയശുദ്ധി നേടുവാനുളള പുണ്യയാത്രയാണ് ശിവഗിരി തീര്‍ത്ഥാടനം. ഈ തീർത്ഥയാത്രകൊണ്ട് ഓരോ തീർത്ഥാടകനും എത്തിച്ചേരുന്നത്,​ അതല്ലെങ്കിൽ എത്തിച്ചേരേണ്ടത് നമ്മുടെയാകെ സ്വതന്ത്രമായ നന്നാവലിന് സ്രോതസ്സായിത്തീരുന്ന അറിവിന്റെ തെളിമയിലേക്കാണ്. ഈ മഹിമാതിരേകത്താൽ ജീവിതത്തെ പുതുക്കുവാനും,​ ലോകത്തെ സേവിക്കുവാനും ഏവർക്കും ഗുരുദേവന്റെ അനുഗ്രഹമുണ്ടാകട്ടെ എന്നു പ്രാർത്ഥിക്കുന്നു.

Advertisement
Advertisement