ബിൽ പാസാക്കി പാർലമെന്റ് , പത്രസ്ഥാപനത്തിലും കേന്ദ്ര കടന്നുകയറ്റം

Friday 22 December 2023 4:35 AM IST

 ഉദ്യോഗസ്ഥന് സ്ഥാപനത്തിൽ പരിശോധിക്കാം

 തിര. കമ്മിഷണർ നിയമന ബില്ലും പാസാക്കി

 സമ്മേളനം ഒരു ദിവസം മുൻപ് പിരിഞ്ഞു

ന്യൂഡൽഹി: പ്രസ് രജിസ്ട്രാർ ജനറൽ അയ‌യ‌്‌ക്കുന്ന ഉദ്യോഗസ്ഥന് പത്രസ്ഥാപനത്തിൽ കയറി രേഖകൾ പരിശോധിക്കാൻ അധികാരം. പ്രസ് ആൻഡ് രജിസ്ട്രേഷൻ ഒഫ് പിരിയോഡിക്കൽസ് ബിൽ ലോക്‌സഭ ഇന്നലെ പാസാക്കിയതോടെയാണിത്. രാജ്യസഭ നേരത്തെ പാസാക്കിയിരുന്നു. കേന്ദ്ര ഏജൻസികളുടെ പരിശോധനയ്ക്കും ഇതോടെ വഴിതുറക്കുകയാണ്.

ഇതിനൊപ്പം മൂന്ന് ക്രിമിനൽ നിയമ ബില്ലുകൾ രാജ്യസഭയും തിരഞ്ഞെടുപ്പ് കമ്മിഷണർ നിയമനത്തിന് മൂന്നംഗസമിതിയുടെ ഘടന വ്യക്തമാക്കുന്ന ബിൽ ലോക്‌സഭയും പാസാക്കി. പ്രതിപക്ഷത്തിന്റെ അസാന്നിധ്യത്തിൽ ശബ‌്‌ദവോട്ടോടെയാണ് പാസാക്കിയത്. ഇതിനു പിന്നാലെ ശൈത്യകാല സമ്മേളനം നിശ്ചയിച്ചതിന് ഒരു ദിവസം മുമ്പേ പിരിഞ്ഞു.

പത്രങ്ങളുടെയും ആനുകാലികങ്ങളുടെയും സർക്കുലേഷനുമായി ബന്ധപ്പെട്ട കണക്കു പരിശോധിക്കാമെന്നാണ് ബില്ലിൽ പറയുന്നത്. ഒരു ഗസറ്റഡ് ഓഫീസറാവും പരിശോധകൻ. എന്നാൽ ഏത് ഡിപ്പാർട്ട്മെന്റിൽ നിന്നെന്ന് പറയുന്നില്ല. സ്ഥാപനത്തിൽ ഏതു സമയത്തും കടക്കാം. പത്ര ഉടമയെ ചോദ്യം ചെയ്യാം. പ്രധാന രേഖകൾ പരിശോധിക്കാം. ഭീകരബന്ധമുള്ളവർക്ക് പത്രമാദ്ധ്യമങ്ങൾ നടത്താനാകില്ല. വിദേശ സ്ഥാപനങ്ങൾക്ക് ഇന്ത്യയിൽ എഡിഷൻ തുടങ്ങാം.

തിര. കമ്മിഷൻ ഇനി

കേന്ദ്രത്തിന് വിധേയം

തിരഞ്ഞെടുപ്പ് കമ്മിഷണർമാരുടെ നിയമനത്തിന് കേന്ദ്രത്തിന് നിയന്ത്രണമുള്ള മൂന്നംഗസമിതി രൂപീകരിക്കാൻ അധികാരം നൽകുന്ന ബില്ലും പാസാക്കി. പ്രധാനമന്ത്രി, പ്രതിപക്ഷ നേതാവ് എന്നിവർക്കൊപ്പം ചീഫ് ജസ്റ്റിസിനെയും സമിതിയിൽ ഉൾപ്പെടുത്തണമെന്ന സുപ്രീംകോടതി വിധി മറികടക്കുന്നതാണ് ബിൽ. ചീഫ് ജസ്റ്റിസിന് പകരം കേന്ദ്രമന്ത്രിയാണുള്ളത്. ഇതോടെ മൂന്നിൽ രണ്ട് ഭൂരിപക്ഷം ഉറപ്പാക്കി. രാജ്യസഭ പാസാക്കിയിരുന്നു.

പാർലമെന്റ് സുരക്ഷ

സി.ഐ.എസ്.എഫിന്

പുക സ്‌‌പ്രേ വിവാദത്തിന്റെ പശ്‌ചാത്തലത്തിൽ പാർലമെന്റിന്റെ സുരക്ഷ സി.ഐ.എസ്‌.എഫിനെ ഏൽപ്പിക്കാൻ ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചു. ഡൽഹി പൊലീസിനായിരുന്നു ചുമതല. ഉള്ളിൽ പ്രവേശിക്കുന്നവരെ പരിശോധിക്കാനുള്ള ചുമതലയാണ് നൽകുക. കെട്ടിടത്തിനുള്ളിലെ സുരക്ഷ തുടർന്നും ലോക്‌സഭാ സെക്രട്ടേറിയറ്റ് നിർവഹിക്കും.

3 പേർകൂടി പുറത്ത്,

ആകെ 146

ലോക്‌സഭയിൽ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ച കോൺഗ്രസ് എം.പിമാരായ ദീപക് ബൈജ്, ഡി.കെ. സുരേഷ്, കമൽനാഥിന്റെ മകൻ നകുൽ നാഥ് എന്നിവരെ ഇന്നലെ പുറത്താക്കി. ഇതോടെ ഈ സമ്മേളനത്തിൽ ലോക്‌സഭയിൽ പുറത്തായവർ 100 ആയി. രാജ്യസഭയിൽ 46 പേരും.

പത്രമാദ്ധ്യമങ്ങൾക്ക് സ്വതന്ത്രമായി പ്രവർത്തിക്കാനാവും. രജിസ്ട്രേഷനും ഡിക്‌ളറേഷനും ഓൺലൈനാക്കും. കേരളത്തിലും പശ്‌ചിമബംഗാളിലും മാദ്ധ്യമ പ്രവർത്തകർ ആക്രമിക്കപ്പെടുന്നു. സംസ്ഥാനമാണ് നടപടിയെടുക്കേണ്ടത്

- അനുരാഗ് താക്കൂർ,

കേന്ദ്ര മന്ത്രി

തിര. കമ്മിഷൻ നിയമനത്തിൽ മൂന്നംഗങ്ങളുടെ തീരുമാനം ഏകകണ്ഠമല്ലെങ്കിൽ സുപ്രീംകോടതിയിൽ ചോദ്യം ചെയ്യപ്പെടാം. 2011ൽ പി.ജെ. തോമസിനെ സെൻട്രൽ വിജിലൻസ് കമ്മിഷണറായി നിയമിച്ചത് റദ്ദാക്കിയ കോടതി വിധി ഉദാഹരണം

എം.ആർ. അഭിലാഷ്,​

സുപ്രീംകോടതി അഭിഭാഷകൻ

Advertisement
Advertisement