തദ്ദേശ സ്ഥാപനങ്ങളിലെ കരാറെടുക്കാൻ ആളില്ല

Friday 22 December 2023 1:51 AM IST

ആലപ്പുഴ : ബില്ല് മാറിക്കിട്ടുന്നതിലെ കാലതാമസം കാരണം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ നിർമ്മാണപ്രവൃത്തികളോട് കരാറുകാർ മുഖംതിരിയ്ക്കുന്നു. നിലവിലെ ഭരണസമിതികൾക്ക് രണ്ട് വർഷം കൂടിയേ ഇനി കാലാവധി അവശേഷിക്കുന്നുള്ളൂ. ആദ്യ വർഷം കൊവിഡ് പ്രതിസന്ധി സൃഷ്ടിച്ചതോടെ തദ്ദേശ സ്ഥാപനങ്ങളെല്ലാം സാമ്പത്തിക ഞെരുക്കത്തിലായിരുന്നു. ഇതോടെ കഴിഞ്ഞ മൂന്ന് സാമ്പത്തിക വർഷങ്ങളിലും ബഡ്ജറ്റിൽ പ്രഖ്യാപിച്ച ബഹുഭൂരിപക്ഷം പദ്ധതികളും വാഗ്ദാനങ്ങളായി ശേഷിക്കുകയാണ് ഇപ്പോഴും.

തനതുഫണ്ട് പല വഴി ചോരുന്നതും തദ്ദേശസ്ഥാപനങ്ങളിലെ പ്രതിസന്ധി രൂക്ഷമാക്കി. സർക്കാരിന്റെ ആഘോഷപരിപാടികൾക്കുൾപ്പടെ തനത് ഫണ്ടിൽ നിന്നാണ് പണം കണ്ടെത്തേണ്ടത്. വരുമാനം കുറഞ്ഞ പഞ്ചായത്തുകളും, നഗരസഭകളുമാണ് രൂക്ഷമായ പ്രതിസന്ധി നേരിടുകയാണ്. കരാറുകാർ മുഖം തിരിച്ചതോടെ കേന്ദ്രഫണ്ട് ഉപയോഗിച്ചുള്ള പ്രവൃത്തികളും മുടങ്ങുന്ന സ്ഥിതിയാണ്.

ഇപ്പോഴത്തെ ഭരണസമിതികൾക്ക് ശേഷിക്കുന്നത് രണ്ട് വർഷമാണെങ്കിലും അവസാന കാലയളവ് തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള രാഷ്ട്രീയ അതിപ്രസരത്തിന്റേത് കൂടിയാകും. അതിനാൽ, 2024 - 25 സാമ്പത്തിക വർഷത്തിലാണ് ജനപ്രതിനിധികൾ പ്രതീക്ഷ അർപ്പിക്കുന്നത്. തോട് വൃത്തിയാക്കാനുള്ള പുനർജനി പദ്ധതിയുടെ ഒരു ലക്ഷം രൂപ പോലും മറ്റ് പല കാര്യങ്ങൾക്കായി വകമാറ്റി ചെലവഴിക്കുന്നുണ്ടെന്നാണ് ആക്ഷേപം.

ബില്ലുകൾ മാറിക്കിട്ടാൻ താമസം

1.ഒരു ലക്ഷത്തിന് മുകളിലുള്ള ബില്ലുകൾ മാറാൻ സാധിക്കുന്നില്ല

2.കോടിക്കണക്കിന് രൂപയുടെ ബില്ലുകളാണ് പിടിച്ചിട്ടിരിക്കുന്നത്

3.2018ലെ ഡി.പി.ആർ പ്രകാരമാണ് ഇപ്പോഴും കരാർ നൽകുന്നത്

4.നിർമ്മാണസാമഗ്രികൾക്ക് 2018ലേക്കാൾ 30ശതമാനം വിലവർദ്ധനവുണ്ടായി

5.ഇതോടെ ടെൻഡറെടുക്കുന്ന നിരക്കിൽ പ്രവൃത്തി പൂർത്തിയാക്കാനാകുന്നില്ല

6.നിർമ്മാണസാമഗ്രികളുടെ ദൗർലഭ്യവും കരാറുകാരെ പ്രതിസന്ധിയിലാക്കി

സംരക്ഷണഭിത്തിയോട് ഇഷ്ടം കൂടുതൽ

തോടുകൾക്ക് സംരക്ഷണ കൽക്കെട്ട് നിർമ്മിക്കുന്ന പ്രവൃത്തി എസ്റ്റിമേറ്റ് തുകയെക്കാൾ മുപ്പത് ശതമാനം വരെ താഴ്ത്തി വിളിക്കാൻ കരാറുകാർ തയ്യാറാകുന്നുണ്ട്. റോഡ് നിർമ്മാണവും തോട് ശുചീകരണവും ഉൾപ്പടെ ഉപേക്ഷിച്ചാണ് ചില കരാറുകാർ സംരക്ഷണഭിത്തിയോട് കൂടുതൽ ഇഷ്ടം കാണിക്കുന്നത്. വെള്ളത്തിനടിയിൽ വരുന്ന ഭാഗത്ത് ആവശ്യത്തിന് കല്ല് കെട്ടാതെയാണ് സംരക്ഷണ ഭിത്തി നിർമ്മാണം പലേടത്തും നടത്തുന്നതെന്ന് ആക്ഷേപമുണ്ട്

ഏറ്റെടുത്ത് നടത്തിയ പ്രവൃത്തികളുടെ ബില്ല് മാറാനാവുന്നില്ല. ഓരോ പ്രവൃത്തിയും പൂ‌ർത്തിയാക്കാൻ എസ്റ്റിമേറ്റ് തുകയെക്കാൾ അധികം ചെലവഴിക്കേണ്ടി വരുന്നതിനാൽ കരാറുകാർ സാമ്പത്തിക പ്രതിസന്ധിയിലാകും

- ഷൈബു കെ.ജോൺ, കരാറുകാരൻ

വാഗ്ദാനം ചെയ്ത പദ്ധതികൾ പലതും നടപ്പാക്കാനാകുന്നില്ല. റോഡ് പുനരുദ്ധാരണം ഉൾപ്പടെയുള്ളവ കരാറുകാരെ കിട്ടാതെ നീളുകയാണ്

- അഡ്വ.റീഗോ രാജു, പ്രതിപക്ഷ നേതാവ്, ആലപ്പുഴ നഗരസഭ

Advertisement
Advertisement