ഗവേഷണ കപ്പലുകൾക്ക് വിലക്കേർപ്പെടുത്തി ശ്രീലങ്ക
കൊളംബോ: ശ്രീലങ്കൻ സമുദ്രപരിധിയിൽ ഒരു വർഷത്തേക്ക് വിദേശ ഗവേഷണ കപ്പലുകൾക്ക് വിലക്കേപ്പെടുത്താൻ തീരുമാനിച്ചെന്ന് വിദേശകാര്യ മന്ത്രി അലി സാബ്രി പറഞ്ഞു. ജനുവരി മുതൽ പ്രാബല്യത്തിൽ വരും.
ഗവേഷണങ്ങളിൽ തങ്ങളുടെ തുല്യ പങ്കാളിത്തം ഉറപ്പാക്കാനുള്ള വികസനത്തിന്റെ ഭാഗമായാണ് നടപടിയെന്നും അദ്ദേഹം പറയുന്നു. സർക്കാർ തീരുമാനം ബന്ധപ്പെട്ട രാജ്യങ്ങളെ അറിയിച്ചിട്ടുണ്ടെന്ന് സാബ്രി വ്യക്തമാക്കി.
ഗവേഷണത്തിനെന്ന പേരിൽ ചൈനീസ് നിരീക്ഷണ കപ്പലുകൾ രാജ്യത്തെ തുറമുഖങ്ങളിൽ അടുപ്പിക്കാൻ നിരന്തരം അഭ്യർത്ഥന നടത്തുന്ന സാഹചര്യത്തിലാണ് ലങ്കയുടെ നീക്കം. ജനുവരിയിൽ ലങ്കൻ തീരത്ത് ഗവേഷണ കപ്പൽ അടുപ്പിക്കാൻ ചൈന അനുമതി തേടിയിരുന്നെന്ന് റിപ്പോർട്ടുണ്ട്.
ഗവേഷണത്തിനെന്ന പേരിൽ മേഖലയിലെത്തുന്നത് ചൈനയുടെ ചാരക്കപ്പൽ ആകാമെന്ന് ഇന്ത്യ മുമ്പ് ആശങ്ക ഉന്നയിച്ചിരുന്നു. അതീവ രഹസ്യ ആണവ, മിസൈൽ, ബഹിരാകാശ സംവിധാനങ്ങളിലെ സിഗ്നലുകൾ ചോർത്താൻ ശേഷിയുള്ള സംവിധാനങ്ങളോട് കൂടിയവയാണ് ഈ കപ്പലുകൾ. ഒക്ടോബറിൽ ചൈനീസ് ഗവേഷണ കപ്പൽ കൊളംബോ തുറമുഖത്ത് അടുപ്പിക്കാൻ ഇന്ത്യയുടെ എതിർപ്പ് മറികടന്ന് ശ്രീലങ്ക അനുമതി നൽകിയിരുന്നു.