അയൽക്കാർ ചന്ദ്രനിൽ, പാകിസ്ഥാൻ നിലത്ത് തന്നെ: നവാസ് ഷെരീഫ്

Friday 22 December 2023 6:53 AM IST

ഇസ്ലാമാബാദ്: ഇന്ത്യയെ വീണ്ടും പ്രശംസിച്ച് പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫ്. അയൽപക്കത്തുള്ളവർ ചന്ദ്രനിൽ എത്തിയെന്നും പാകിസ്ഥാൻ ഇപ്പോഴും നിലത്ത് നിന്ന് ഉയർന്നത് പോലുമില്ലെന്നുമായിരുന്നു പരാമർശം. കഴിഞ്ഞ ദിവസം ഇസ്ലാമാബാദിൽ പി.എം.എൽ - എൻ (പാകിസ്ഥാൻ മുസ്ലിം ലീഗ് - നവാസ് ) റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

പാകിസ്ഥാന്റെ ഇന്നത്തെ തകർച്ചയ്ക്ക് ഉത്തരവാദികൾ നാം തന്നെയാണ്. അല്ലാത്തപക്ഷം ഈ രാജ്യം മറ്റൊരു നിലയിൽ എത്തുമായിരുന്നു. രാജ്യം വികസിക്കണമെങ്കിൽ വനിതാ വികസനത്തിന് മുൻഗണന നൽകണമെന്നും ഷെരീഫ് പറഞ്ഞു. ഫെബ്രുവരിയിൽ നടക്കുന്ന തിരഞ്ഞെടുപ്പിൽ പി.എം.എൽ - എല്ലിന്റെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയാണ് ഷെരീഫ്.

നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഒക്ടോബറിലാണ് 73കാരനായ ഷെരീഫ് പാകിസ്ഥാനിൽ മടങ്ങിയെത്തിയത്. അഴിമതി കേസിൽ 2018ൽ ഷെരീഫിന് 10 വർഷം തടവു ശിക്ഷ വിധിച്ചിരുന്നു. ഇതിനു പിന്നാലെ 2019ൽ ചികിത്സയ്ക്കായി ലണ്ടനിലേക്ക് പോകാൻ കോടതി ഷെരീഫിന് അനുവാദം നൽകി. തടവു ശിക്ഷ ലഭിച്ചത് അടക്കം രണ്ട് അഴിമതിക്കേസുകളിൽ നിന്ന് ഷെരീഫിനെ അടുത്തിടെ കുറ്റവിമുക്തനാക്കിയിരുന്നു.

Advertisement
Advertisement