പ്രതീക്ഷയുടെ ചിറകിൽ ശബരി എയർപോർട്ട്

Saturday 23 December 2023 12:29 AM IST

പ്രതീക്ഷയുടെ ചിറകിലാണ് ശബരിമല വിമാനത്താവളം. 2570 ഏക്കർ ഭൂമിയേറ്റെടുക്കാനുള്ള നടപടികൾ തുടങ്ങാൻ സർക്കാർ ഉത്തരവിറക്കിയതോടെ കേന്ദ്രാനുമതികളെല്ലാം നേടിയെടുത്ത് മൂന്നുവർഷം കൊണ്ട് ശബരിമല വിമാനത്താവളം യാഥാർത്ഥ്യമാക്കാനാണ് ശ്രമം. പ്രതിരോധ മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചെങ്കിലും പാരിസ്ഥിതികാനുമതി, മണ്ണുപരിശോധന, വ്യോമയാന മന്ത്രാലയത്തിന്റെ അനുമതി, സാങ്കേതിക അനുമതികൾ എന്നിങ്ങനെ കടമ്പകളേറെ ബാക്കിയുണ്ട്.

സാങ്കേതിക - സാമ്പത്തിക - പരിസ്ഥിതി - സാമൂഹ്യ ആഘാത പഠനങ്ങൾ 6 മാസത്തിനകം പൂർത്തിയാക്കും. 3500മീറ്റർ നീളമുള്ള റൺവേയ്ക്കടക്കമാണ് 2570ഏക്കർ ഭൂമിയേറ്റെടുക്കുന്നത്. മദ്ധ്യകേരളത്തിലെ നാല് ജില്ലകളിലെ 25ലക്ഷത്തിലേറെ വിദേശമലയാളി കുടുംബങ്ങൾക്കും മൂന്നുകോടിയോളമുള്ള ശബരിമല തീർത്ഥാടകർക്കും പ്രയോജനപ്പെടുന്നതാണ് ശബരിമല വിമാനത്താവളം.

സാമൂഹ്യാഘാത പഠന റിപ്പോർട്ട് വിലയിരുത്തി വിദഗ്ദ്ധ സമിതി സമർപ്പിച്ച ശുപാർശകളുടെ അടിസ്ഥാനത്തിലാണ് 2570 ഏക്കർ ഭൂമിയേറ്റെടുക്കാനുള്ള സർക്കാർ ഉത്തരവ്. സാമൂഹ്യ തത്വങ്ങൾ ഉറപ്പാക്കുന്ന വിധത്തിൽ വ്യക്തമായ നിരീക്ഷണത്തോടെയുള്ള പുനരധിവാസം ജനങ്ങൾക്ക് ലഭ്യമാക്കുന്ന സമഗ്രമായ പാക്കേജ് സർക്കാർ തയ്യാറാക്കണമെന്ന് ശുപാർശയിൽ വ്യക്തമാക്കുന്നു. നിർദ്ദിഷ്ട ഭൂമിയിൽ നെൽവയൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ 2008ലെ കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ ആക്ടിലെയും ബന്ധപ്പെട്ട ചട്ടങ്ങളിലെയും നടപടിക്രമങ്ങൾ പാലിച്ചുമാത്രമേ പരിവർത്തനം ചെയ്യാവൂ എന്ന വ്യവസ്ഥയ്ക്ക് വിധേയമായി 2013ലെ എൽ.എ.ആർ.ആർ നിയമപ്രകാരം ഏറ്രെടുക്കൽ നടപടികളുമായി മുന്നോട്ടു പോകാൻ അനുമതി നൽകിയാണ് ഉത്തരവിറക്കിയത്.

വിമാനത്താവള പദ്ധതിയുടെ സാമൂഹിക നേട്ടങ്ങളും സാമൂഹിക ആഘാതങ്ങളും സംബന്ധിച്ച് കമ്മിറ്റി വിശദമായി വിലയിരുത്തി. പദ്ധതി പ്രദേശത്തെ ജനങ്ങളുമായി നേരിട്ട് ചർച്ചകൾ നടത്തുകയും പരാതികളും നിവേദനങ്ങളും പരിശോധിക്കുകയും ചെയ്തു. കൂടുതൽ ജനങ്ങൾ വിമാനത്താവള പദ്ധതിയെ സ്വാഗതം ചെയ്യുന്നതായി ബോദ്ധ്യപ്പെട്ടെന്ന് സമിതി റിപ്പോർട്ടിൽ പറയുന്നു. എന്നാൽ കൃത്യമായ നഷ്ടപരിഹാരം, സമയബന്ധിതമായ പുനരധിവാസം എന്നിവ പ്രതീക്ഷിച്ചാണ് ഭൂരിഭാഗം ജനങ്ങളും പദ്ധതിക്ക് യോജിപ്പ് രേഖപ്പെടുത്തിയിട്ടുള്ളതെന്നും സമിതി വിലയിരുത്തി. പദ്ധതിയുടെ സാമൂഹിക സാമ്പത്തിക വികാസം പദ്ധതി വന്നാലുള്ള സാമൂഹികാഘാതത്തെ മറികടക്കുമെന്നും പദ്ധതി പൊതു ആവശ്യം മുൻനിർത്തിയുള്ളതുമാണെന്നും സമിതിക്ക് ബോദ്ധ്യപ്പെട്ടു. വിമാനത്താവളത്തിന് അനുയോജ്യമാണ് പദ്ധതി പ്രദേശമെന്ന കേന്ദ്ര സർക്കാരിന്റെ വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ സ്ഥിരീകരണവും സമിതി അംഗീകരിച്ചു.

വേണ്ടത് അഞ്ച് ലൈസൻസുകൾ

ഇനി 5 ലൈസൻസുകളാണ് കേന്ദ്രത്തിൽ നിന്ന് നേടിയെടുക്കേണ്ടത്. വിമാനത്താവളത്തിന് അനുമതി നൽകുന്നതിന് മുന്നോടിയായി കേന്ദ്രം പല സംശയങ്ങളും ഉന്നയിച്ചിട്ടുണ്ട്. 88കിലോമീറ്റർ അകലെ നെടുമ്പാശേരി, 120കിലോമീറ്ററിൽ തിരുവനന്തപുരം, 200കിലോമീറ്റർ പരിധിയിൽ മധുര വിമാനത്താവളങ്ങളുള്ളതിനാൽ സിഗ്നലുകൾ കൂടിക്കലരാനിടയുണ്ടെന്ന വ്യോമയാന ഡയറക്ടർ ജനറലിന്റെ ആശങ്ക അസ്ഥാനത്താണെന്ന് സംസ്ഥാനം മറുപടി നൽകിയിട്ടുണ്ട്. എയർസ്പേസ് അലോക്കേഷൻ ഡിസൈൻ എന്ന നൂതന സാങ്കേതികവിദ്യയുപയോഗിച്ച് ഇത് മറികടക്കാമെന്നും ചെന്നൈ, ഡൽഹി, മുംബയ്, കണ്ണൂർ, കരിപ്പൂർ വിമാനത്താവളങ്ങളിലും വിദേശത്തും വിജയകരമായി ഉപയോഗിക്കുന്നുണ്ടെന്നും സംസ്ഥാനം ചൂണ്ടിക്കാട്ടി.

എയർപോർട്ട് അതോറിട്ടിയും ഡി.ജി.സി.എയും ആവശ്യപ്പെട്ട വിവരങ്ങൾ കൈമാറിയതോടെ സൈറ്റ് ക്ലിയറൻസ് ഉടൻ ലഭിച്ചേക്കും. ഉയർന്ന പ്രദേശമായതിനാൽ വെള്ളപ്പൊക്ക ഭീഷണിയില്ലെന്നതും രണ്ട് ദേശീയ, 5സംസ്ഥാന പാതകൾ സമീപത്തുകൂടി കടന്നുപോവുന്നതും ശബരിമലയിലേക്ക് 48കിലോമീറ്റർ ദൂരം മാത്രമാണെന്നതും വിമാനത്താവള പദ്ധതിക്ക് ഗുണകരമാണ്. 2030ൽ 24.5ലക്ഷവും 2050ൽ 64.2ലക്ഷവും യാത്രക്കാരുണ്ടാവുമെന്നും 60വർഷം കൊണ്ട് വിമാനത്താവളം ലാഭകരമാവുമെന്നുമാണ് കണക്കൂകൂട്ടൽ.

ശബരിമല വിമാനത്താവളം വരുന്നതോടെ മദ്ധ്യകേരളത്തിൽ വികസനകുതിപ്പുണ്ടാവും. തീർത്ഥാടന, ടൂറിസം സർക്യൂട്ടിലുൾപ്പെടുത്തിയാൽ യാത്രക്കാർ വർദ്ധിക്കും. കോട്ടയത്തു നിന്ന് 40കിലോമീറ്റർ മാത്രം, തമിഴ്നാട്ടിലെ ജില്ലകൾക്കും ഗുണം. കാർഷിക ഉത്പന്ന, സുഗന്ധവ്യജ്ഞന കയറ്റുമതി എളുപ്പമാവും. ശബരിമല തീർത്ഥാടകരിൽ 25%പേർ ഉപയോഗിച്ചാൽ ലാഭകരമാവും. 5000പേർക്കെങ്കിലും നേരിട്ട് തൊഴിൽ ലഭിക്കും. പത്തിരട്ടി പരോക്ഷ തൊഴിലും സൃഷ്ടിക്കപ്പെടും. വിമാനത്താവളത്തിന് 2250 കോടി ചെലവുണ്ടാവുമെന്നാണ് സാദ്ധ്യതാ പഠന റിപ്പോർട്ടിലുള്ളത്. ഭൂമിയേറ്റെടുക്കാൻ 570കോടി വേണം. 2025ൽ 52കോടിയും 2050ൽ 524കോടിയുമാണ് പ്രവർത്തന ചെലവ്. 2025ൽ 122കോടി, 2050ൽ 1662കോടി എന്നിങ്ങനെയാവും വരുമാനം. 2035ഓടെ ആദ്യഘട്ട നിർമ്മാണവും 2048ഓടെ രണ്ടാംഘട്ട നിർമ്മാണവും പൂർത്തിയാക്കാനാവുമെന്നും അമേരിക്കൻ കമ്പനി ലൂയി ബഗ്ർ തയ്യാറാക്കിയ റിപ്പോർട്ടിൽ പറയുന്നു.

മൊത്ത ചെലവ്: 2250 കോടി

പ്രവർത്തന ചെലവ്

2025ൽ 52കോടി

2050ൽ 524കോടി

വരുമാനം

2025ൽ 122കോടി

2050ൽ 1662കോടി

Advertisement
Advertisement