സങ്കടപ്പെടുത്തരുത്, കായിക താരങ്ങളെ

Saturday 23 December 2023 12:28 AM IST

ലൈംഗികാരോപണത്തെത്തുടർന്ന് സ്ഥാനമൊഴിഞ്ഞ ബ്രിജ്ഭൂഷൺ ചരൺ സിംഗിനു പകരം അദ്ദേഹത്തിന്റെ വിശ്വസ്തൻ സഞ്ജയ് സിംഗ് തിരഞ്ഞെടുപ്പിലൂടെ റെസ്‌ലിംഗ് ഫെഡറേഷൻ ഒഫ് ഇന്ത്യ പ്രസിഡന്റായതിനു പിന്നാലെ ഒളിമ്പിക് മെഡലിസ്റ്റ് സാക്ഷി മല്ലിക്ക് താൻ ഗുസ്തിയോട് കണ്ണീരോടെ പരസ്യമായി വിടപറഞ്ഞതും ബജ്റംഗ് പുനിയ പത്മശ്രീ തിരിച്ചുനൽകാൻ തുനിഞ്ഞതും ഉൾപ്പടെയുള്ള ദൗർഭാഗ്യകരമായ സംഭവവികാസങ്ങൾക്കാണ് രാജ്യതലസ്ഥാനം സാക്ഷ്യം വഹിച്ചത്. ബ്രിജ്ഭൂഷണിനെതിരായ പരാതി ദേശീയ ശ്രദ്ധയിലേക്ക് കൊണ്ടുവരികയും 40 ദിവസത്തോളം ഡൽഹിയിൽ സമരം ചെയ്യുകയുംചെയ്ത കായികതാരങ്ങളിൽ മുൻനിരയിലുണ്ടായിരുന്നവരാണ് 2016 റിയോ ഒളിമ്പിക്സിലെ വെങ്കല മെഡൽ ജേതാവായ സാക്ഷിയും ഏഷ്യൻ ഗെയിംസ് സ്വർണമെഡൽ ജേതാവായ ബജ്റംഗും.

സഞ്ജയ് പ്രസിഡന്റായ വാർത്ത വന്നതിനു പിന്നാലെ ദേശീയ ഗുസ്തിതാരങ്ങളായ വിനേഷ് ഫോഗട്ട്, സംഗീത ഫോഗട്ട്, ബജ്റംഗ് തുടങ്ങിയവർക്കൊപ്പം ഡൽഹിയിൽ നടത്തിയ പത്രസമ്മേളനത്തിൽ വൈകാരികമായാണ് സാക്ഷി വിരമിക്കൽ പ്രഖ്യാപിച്ചത്. ബി.ജെ.പി എം.പിയായ ബ്രിജ്ഭൂഷണിനെയോ അദ്ദേഹത്തിന്റെ അടുപ്പക്കാരെയോ പ്രസിഡന്റാക്കുകയില്ലെന്ന് കേന്ദ്ര കായിക മന്ത്രിയായ അനുരാഗ് താക്കൂർ അടക്കമുള്ളമുള്ളവർ നൽകിയ ഉറപ്പുകൾ ലംഘിക്കപ്പെട്ടതായി സാക്ഷി ആരോപിച്ചു. ബ്രിജ്ഭൂഷണിന്റെ ബിസിനസ് പങ്കാളി ഫെഡറേഷൻ പ്രസിഡന്റായിരിക്കുമ്പോൾ താൻ ഗുസ്തിക്കാരിയായി തുടരുന്നതിൽ അർത്ഥമില്ലെന്നു പറഞ്ഞ സാക്ഷി,​ കരഞ്ഞുകൊണ്ട് തന്റെ ഷൂ അഴിച്ച് മേശപ്പുറത്തുവച്ചാണ് വിരമിക്കൽ പ്രഖ്യാപനം നടത്തി പത്രസമ്മേളനം അവസാനിപ്പിച്ചത്. ഗുസ്തിക്കാരുടെ സമരം ഒരുവിധം ഒതുക്കിയെന്ന് ആശ്വസിച്ചിരുന്ന കേന്ദ്ര സർക്കാരിന് നാണക്കേടായിരിക്കുകയാണ് പുതിയ സംഭവവികാസങ്ങൾ.

കേന്ദ്ര സർക്കാരിനെ ഏറെ സമ്മർദ്ദത്തിലാക്കിയ ഗുസ്തി താരങ്ങളുടെ സമരത്തെത്തുടർന്നാണ് ബ്രിജ്ഭൂഷൺ രാജിവയ്ക്കാൻ നിർബന്ധിതനായത്. തന്റെ മകനെയോ മരുമകനെയോ പകരം പ്രസിഡന്റാക്കാനായിരുന്നു ബ്രിജ്ഭൂഷണിന്റെ ആദ്യ നീക്കമെങ്കിലും പിന്നീട് തനിക്കൊപ്പം കമ്മിറ്റിയിൽ ജോയിന്റ് സെക്രട്ടറിയായി ഉണ്ടായിരുന്ന സഞ്ജയ് സിംഗിനെ പ്രസിഡന്റാക്കി പാനലുണ്ടാക്കുകയായിരുന്നു. മുൻ ഹൈക്കോടതി ജഡ്ജി വരണാധികാരിയായി നടത്തിയ തിരഞ്ഞെടുപ്പിൽ ഈ പാനൽ വലിയ ഭൂരിപക്ഷത്തിൽ വിജയിച്ചു. ആകെയുണ്ടായിരുന്ന 47 വോട്ടുകളിൽ 40 വോട്ടും സഞ്ജയ് സിംഗിന് ലഭിച്ചു. കോമൺവെൽത്ത് ഗെയിംസ് മെഡലിസ്റ്റായ മുൻ ഗുസ്തി താരം അനിതാ ഷിയോറനായിരുന്നു എതിരാളി.

ബ്രിജ്ഭൂഷണിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റി രാജിവച്ചപ്പോൾ ഒളിമ്പിക് അസോസിയേഷൻ രൂപം നൽകിയ അഡ്ഹോക്ക് കമ്മിറ്റിയാണ് റെസ്‌ലിംഗ് ഫെഡറേഷന്റെ ചുമതല ഏറ്റെടുത്തത്. സമയത്ത് പുതിയ കമ്മിറ്റിയെ തിരഞ്ഞെടുക്കാത്തതു കാരണം ഇന്റർനാഷണൽ റെസ്‌ലിംഗ് ഫെഡറേഷൻ ഇന്ത്യയെ വിലക്കുന്ന അവസ്ഥയുണ്ടായി. തുടർന്നാണ് അഡ്ഹോക്ക് കമ്മിറ്റി ഇലക്ഷൻ നടപടികളിലേക്കു നീങ്ങിയത്. എന്നാൽ പല തവണ കോടതികൾ ഇടപെട്ടതുമൂലം തിരഞ്ഞെടുപ്പ് മാറ്റിവച്ചിരുന്നു. ഒടുവിലാണ്ഇലക്ഷൻ നടന്നത്.

ദേശീയ സ്പോർട്സ് കോഡിന്റെ ചട്ടക്കൂടിനുള്ളിൽ നിന്ന് ജനാധിപത്യപരമായ രീതിയിലാണ് സഞ്ജയ് സിംഗും കൂട്ടരും ജയിച്ചതെന്ന് അവകാശപ്പെടാമെങ്കിലും റെസ്‌ലിംഗ് ഫെഡറേഷൻ ഒഫ് ഇന്ത്യ ഇനിയും ബ്രിജ്ഭൂഷണിന്റെ കൈകളിൽ തന്നെയായിരിക്കുമെന്നും തങ്ങൾക്കു മുന്നിൽ മറ്റൊരു വഴിയുമില്ലെന്നും കണ്ടാണ് സാക്ഷി വിരമിക്കൽ പ്രഖ്യാപിച്ചത്. ഒളിമ്പിക്സിൽ രാജ്യത്തിനായി മെഡൽ നേടിയ ഒരു കായിക താരത്തിനാണ് ഈ സ്ഥിതിയെന്നത് നമ്മുടെ കായികരംഗത്തെ സന്ദേഹത്തിലാക്കുന്നു. കായിക പ്രതിഭകൾക്ക് സമ്മർദ്ദങ്ങളും സങ്കടങ്ങളുമില്ലാതെ മുന്നേറാനുള്ള സാഹചര്യമൊരുക്കാൻ സർക്കാർ ശ്രമിക്കേണ്ടതാണ്.