നദികളിൽ മാലിന്യം, വെള്ളത്തിനായി നെട്ടോട്ടം

Saturday 23 December 2023 3:43 AM IST

പാലോട്: ഗ്രാമീണ മേഖലയിൽ ശുദ്ധജലക്ഷാമം രൂക്ഷമായിട്ടും പേരിനുപോലും യാതൊരു നടപടിയും അധികാരികളുടെ ഭാഗത്തു നിന്നുണ്ടാവുന്നില്ല. തോടുകളും ആറുകളും മാലിന്യം കൊണ്ടു നിറഞ്ഞതോടെ കുടിവെള്ളക്ഷാമവും രൂക്ഷമായി. നന്ദിയോട്, പെരിങ്ങമ്മല പഞ്ചായത്തുകളിലെ ആദിവാസി മേഖലകളിലും കോളനികളിലും വെള്ളം കിട്ടാക്കനിയായി മാറിക്കഴിഞ്ഞു. കുടിവെള്ളപൈപ്പിൽ ഭൂരിഭാഗം സ്ഥലങ്ങളിലും ജലവിതരണം മുടങ്ങിയിരിക്കുകയാണ്. പൈപ്പുകൾ സ്ഥാപിക്കുന്ന ജോലി ഇപ്പോഴും തുടരുന്നതിനാൽ ജലവിതരണം ഉടനെയൊന്നും കാണാൻ സാദ്ധ്യതയില്ല. പൈപ്പ് വെള്ളത്തെ മാത്രം ആശ്രയിച്ച് ജീവിക്കുന്ന കുടുംബങ്ങളാണിപ്പോൾ വെള്ളത്തിനായി വലയുന്നത്. രാവിലെ മുതൽ കാത്തിരുന്നാൽ ഒരല്പം കുടിവെള്ളം കിട്ടിയാലായി. മിക്ക ദിവസങ്ങളിലും പൈപ്പുകളിൽ വെള്ളമുണ്ടാകാറില്ലെന്നാണ് നാട്ടുകാരുടെ പരാതി. 2009ൽ 60കോടി നിർമ്മാണച്ചെലവിൽ ആരംഭിച്ച നന്ദിയോട് ആനാട് സമഗ്ര കുടിവെള്ള പദ്ധതി 2023 ആയിട്ടും എങ്ങുമെത്തിയില്ല. നന്ദിയോട് പഞ്ചായത്തിലെ കുടിവെള്ളപ്രശ്നം 2021ൽ പരിഹരിക്കുമെന്ന് ഉറപ്പു നൽകിയിരുന്നെങ്കിലും ഒന്നും നടന്നില്ലെന്നു മാത്രമല്ല ഉണ്ടായിരുന്ന പൈപ്പുകൾ കൂടി നശിച്ചു. നന്ദിയോട് പെരിങ്ങമ്മല പഞ്ചായത്തുകളിലെ ഉൾമേഖലകളിൽ കുടിവെള്ളം ലഭിച്ചിട്ട് മാസങ്ങളായെങ്കിലും ബില്ല് മുടങ്ങാതെ ലഭിക്കുന്നുണ്ട്. നന്ദിയോട്ടെ വാട്ടർ അതോറിട്ടി ഓഫീസിലെത്തി നിരവധി തവണ പരാതി പറഞ്ഞെങ്കിലും അവഗണിക്കുകയായിരുന്നു. നിരവധി സ്ഥലങ്ങളിൽ കുടിവെള്ള പൈപ്പുകൾ പൊട്ടിയതും ജലവിതരണത്തെ ബാധിച്ചിട്ടുണ്ട്.

 മാലിന്യവാഹകരാവുന്ന നദികൾ

കുടിവെള്ള പദ്ധതി പ്രദേശങ്ങളായ പാലോട്, ചെറ്റച്ചൽ, താവയ്ക്കൽ, കുണ്ടാളം കുഴി എന്നിവിടങ്ങളിൽ ജലമെത്തിക്കുന്ന വാമനപുരം നദി നിലവിൽ മാലിന്യവാഹിനിയായെന്ന് പറയാം. ഈ നദിയിൽ നിന്ന് ശേഖരിക്കുന്ന വെള്ളമാണ് ഉപഭോക്താക്കൾക്ക് ബ്ലീച്ചിംഗ് പൗഡറിട്ട് കുടിവെള്ളമായി ലഭിക്കുന്നത്. ജലത്തിന്റെ രാസപരിശോധന നടന്നിട്ടു തന്നെ മാസങ്ങളാവുന്നു. കടുത്ത ആരോഗ്യ പ്രശ്നങ്ങൾക്കിത് ഇടവരുത്തുമെന്ന് ആരോഗ്യപ്രവർത്തകർ പറയുന്നു. പാലോട് ആറ്റുകടവിൽ നിന്ന് ശേഖരിക്കുന്ന വെള്ളം നന്ദിയോട് പഞ്ചായത്തിനു സമീപത്തെ കുടിവെള്ള ടാങ്കിലെത്തിച്ച് അവിടെ നിന്നാണ് വിവിധ ഭാഗങ്ങളിലേക്കുള്ള പൈപ്പുകളിലൂടെ ജനങ്ങൾക്കെത്തുന്നത്.

കുടിവെള്ളം കിട്ടാക്കനിയാവുമ്പോൾ

നന്ദിയോട് പഞ്ചായത്തിൽ പുലിയൂർ, ഓട്ടുപാലം, പച്ച കാലൻകാവ്, നാഗര, വാഴപ്പാറ, വട്ടപ്പൻകാട്, കള്ളിപ്പാറ, ആനകുളം, നളന്ദ, പാലുവള്ളി, വെമ്പ്, കുറുപുഴ, ഒൻപത് ഏക്കർ കോളനി, വട്ടപ്പൻകാട്, താന്നിമൂട്, ആശാരിവിളാകം, പനച്ചക്കുന്ന്, വാഴപ്പാറ, ദൈവപ്പുര, കട്ടക്കാൽ, പറങ്കിമാംവിള, വേലാംകോണം, മത്തായിക്കോണം. പെരിങ്ങമ്മല പഞ്ചായത്തിൽ കൊച്ചുവിള കുണ്ടാളം കുഴി, മാന്തുരുത്തി, പാറക്കോണം, ഞാറനീലി, ഇലഞ്ചിയം, ഇടിഞ്ഞാർ, ബ്രൈമൂർ, കരിമൺകോട്, വട്ടക്കരിക്കകം

 പ്രധാന റോഡിന്റെ വശങ്ങളിലെ പൈപ്പ് ലൈനുകൾ പൊട്ടി കുടിവെള്ളം പാഴായിട്ടും ഉദ്യോഗസ്ഥർ അറിഞ്ഞമട്ടില്ല. പമ്പ് ഹൗസ് ഏതു നിമിഷവും തകർന്നുവീഴുന്ന നിലയിലാണ്. എന്നിട്ടും യാതൊരു നടപടിയും അധികൃതരുടെ ഭാഗത്തുനിന്നുണ്ടാവുന്നില്ല.

പ്രതികരണം

ഗ്രാമീണ മേഖലയിൽ കുടിവെള്ളക്ഷാമം രൂക്ഷമായ സാഹചര്യമാണ്. ഇതിന് പരിഹാരമാകേണ്ട നന്ദിയോട് ആനാട് കുടിവെള്ള പദ്ധതി നിശ്ചലാവസ്ഥയിലാണ്. സർക്കാരിന്റെ ഭാഗത്തുനിന്ന് അടിയന്തര നടപടി ഉണ്ടായില്ലെങ്കിൽ സമരം ആരംഭിക്കാൻ നിർബന്ധിതമാകും.

ശൈലജാ രാജീവൻ

പ്രസിഡന്റ്

നന്ദിയോട് പഞ്ചായത്ത്

Advertisement
Advertisement