'സർക്കാർ പരിപാടികൾക്ക് സൗജന്യം, പൂരത്തിനു മാത്രം എന്താണ് അയിത്തം'

Saturday 23 December 2023 12:34 AM IST

തൃശൂർ: ഓരോ വർഷവും പൂരം നന്നായി നടക്കണമെന്നാണ് ഓരോ തൃശൂർക്കാരുടെയും ആഗ്രഹമെന്നും പ്രതിസന്ധികൾ എത്രയും പെട്ടെന്ന് പരിഹരിക്കണമെന്നും മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പൂരം പ്രതിസന്ധിയിലാക്കുന്ന ദേവസ്വം ബോർഡ് സമീപനത്തിനെതിരെ കോൺഗ്രസ് സംഘടിപ്പിച്ച രാപകൽ സമരത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സർക്കാർ അലംഭാവം എന്തുകൊണ്ടാണെന്ന് മനസിലാകുന്നില്ല. സർക്കാർ പരിപാടികൾക്ക് സൗജന്യമായി തേക്കിൻകാട് മൈതാനം നൽകുമ്പോൾ പൂരത്തിനു മാത്രം എന്താണ് അയിത്തം? ഇത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. പൂരം നടത്തിപ്പിനുള്ള തിരുവമ്പാടി - പാറമേക്കാവ് ദേവസ്വങ്ങൾക്കുള്ള ഏക വരുമാന മാർഗമാണ് പ്രദർശനം. അതിന് തടസ്സം നിൽക്കുന്നത് പൂരം നടത്താതിരിക്കാനുള്ള ബോധപൂർവമായ നീക്കമാണെന്ന് സംശയിക്കുന്നതായും ചെന്നിത്തല പറഞ്ഞു.

ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂർ അദ്ധ്യക്ഷനായി. ടി.എൻ. പ്രതാപൻ എം.പി, തിരുവമ്പാടി ദേവസ്വം പ്രസിഡന്റ് ടി.എസ്. സുന്ദർ മേനോൻ, പാറമേക്കാവ് ദേവസ്വം പ്രസിഡന്റ ഡോ. എം. ബാലഗോപാൽ, കോൺഗ്രസ് നേതാക്കളായ സി.എസ്. രവീന്ദ്രൻ, കല്ലൂർ ബാബു, ഐ.പി. പോൾ, രാജൻ പല്ലൻ, എം.പി. വിൻസെന്റ്, ടി.വി. ചന്ദ്രമോഹൻ, സുനിൽ അന്തിക്കാട്, രാജേന്ദ്രൻ അരങ്ങത്ത്, എ. പ്രസാദ്, കെ.ബി. ശശികുമാർ, കെ. ഗോപാലകൃഷ്ണൻ, കെ.വി. ദാസൻ, സതീഷ് വിമലൻ, സുബി ബാബു, ടി. നിർമ്മല, പ്രിബാലൻ ചുണ്ടേപ്പറമ്പിൽ പ്രസംഗിച്ചു.

Advertisement
Advertisement