മാനുവൽ എല്ലിസ് കേസ്: പൊലീസുകാരെ കുറ്റവിമുക്തരാക്കി
ന്യൂയോർക്ക്: 2020 മാർച്ചിൽ പൊലീസ് കസ്റ്റഡിയിൽ വച്ച് ആഫ്രിക്കൻ - അമേരിക്കൻ വംശജനായ മാനുവൽ എല്ലിസ് മരിച്ച സംഭവത്തിൽ മൂന്ന് പൊലീസ് ഉദ്യോഗസ്ഥരെ കുറ്റവിമുക്തരാക്കി. മാത്യു കോളിൻസ് (40), ക്രിസ്റ്റഫർ ബർബാങ്ക് (38) തിമോത്തി റാങ്കിൻ (34)എന്നിവർക്കെതിരെ ചുമത്തപ്പെട്ട എല്ലാ ക്രിമിനൽ കേസുകളും റദ്ദാക്കി. വാഷിംഗ്ടണിലെ ടാക്കോമയിലെ നടപ്പാതയിൽ വച്ച് അറസ്റ്റിനിടെ പൊലീസ് മർദ്ദനമേറ്റ 33 കാരനായ എല്ലിസ് ശ്വാസംമുട്ടി മരിക്കുകയായിരുന്നു.
തനിക്ക് ശ്വസിക്കാൻ കഴിയുന്നില്ലെന്ന് പറഞ്ഞ് എല്ലിസ് അപേക്ഷിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. മയക്കുമരുന്നും ഹൃദ്രോഗവുമാണ് എല്ലിസിന്റെ മരണത്തിലേക്ക് നയിച്ചതെന്നാണ് പ്രതിഭാഗം അഭിഭാഷകരുടെ വാദം.
രണ്ട് കുട്ടികളുടെ പിതാവായ എല്ലിസ് വീട്ടിലേക്ക് പോകും വഴിയാണ് കൊല്ലപ്പെട്ടത്. വെറും രണ്ട് മാസങ്ങൾക്ക് ശേഷം മിനിയാപൊലിസിൽ ആഫ്രിക്കൻ - അമേരിക്കൻ വംശജനായ ജോർജ്ജ് ഫ്ലോയിഡ് സമാന സാഹചര്യത്തിൽ പൊലീസ് മർദ്ദനത്തിൽ കൊല്ലപ്പെട്ടതോടെ യു.എസിൽ വ്യാപക പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടിരുന്നു.