പ്രമുഖ തമിഴ് ഹാസ്യ  നടൻ  ബോണ്ട  മണി അന്തരിച്ചു

Sunday 24 December 2023 2:43 PM IST

ചെന്നെെ: പ്രമുഖ തമിഴ് ഹാസ്യ നടൻ ബോണ്ട മണി (60) അന്തരിച്ചു. കഴിഞ്ഞ ഒരുവർഷത്തോളമായി വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. ശനിയാഴ്ച രാത്രി പതിനൊന്നരയ്ക്ക് വീട്ടിൽവച്ച് ബോണ്ട മണി ബോധരഹിതനായി. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.

ശ്രീലങ്കയിലെ മാന്നാർ ജില്ല സ്വദേശിയാണ് ബോണ്ട മണി. 1991ൽ ഭാഗ്യരാജ് സംവിധാനം ചെയ്ത 'പൗനു പൗനൂതൻ' എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയിൽ എത്തുന്നത്. സുന്ദര ട്രാവൽസ്, മരുത മല, വിന്നർ, വേലായുധം തുടങ്ങിയ നിരവധി സിനിമകളിൽ അദ്ദേഹം ഹാസ്യ വേഷത്തിൽ എത്തിയിട്ടുണ്ട്.

2022ൽ പുറത്തിറങ്ങിയ 'പരുവ കാതൽ' എന്ന തമിഴ് ചിത്രത്തിലാണ് അവസാനമായി അഭിനയിച്ചത്. ഇരു വൃക്കകളും തകരാറിലായ അദ്ദേഹം ചികിത്സയിലായിരുന്നു. ചികിത്സാ ചെലവുകൾക്കായി നടൻ ബുദ്ധിമുട്ടുന്ന വാർത്തകൾ നേരത്തെ പുറത്തുവന്നിരുന്നു. തുടർന്ന് നിരവധി പേർ നടന് ചികിത്സ സഹായവുമായി രംഗത്ത് വന്നിരുന്നു.