മാരന്റെ ഹിന്ദി അധിഷേപം 'ഇന്ത്യ' മുന്നണിക്ക് തലവേദന, വിവാദക്കുരുക്കിൽ ഡി.എം.കെ

Monday 25 December 2023 12:27 AM IST

ചെന്നൈ: ബീഹാറിലെ തൊഴിലാളികളെ കുറിച്ചുള്ള പാർട്ടി എം.പി ദയാനിധി മാരന്റെ പരാമർശം ഡി.എം.കെ നേതൃത്വത്തിന് തലവേദനയായി. മദ്രാസ് ഹൈക്കോടതി വിധിയെത്തുടർന്ന് മന്ത്രിപദവും എം.എൽ.എ സ്ഥാനവും പൊൻമുടിക്ക് നഷ്ടമായതിനു പിന്നാലെയാണിത്. ലോക്‌സഭാ തിരഞ്ഞെടുപ്പിനു മാസങ്ങൾ മാത്രം ശേഷിക്കെയാണ് ഒന്നിനു പുറകെ ഒന്നായി ഡി.എം.കെ വിവാദങ്ങളിൽ പെടുന്നത്.

''ഇംഗ്ലീഷ് പഠിച്ചതുകൊണ്ടു മാത്രം ഇവിടെയുള്ളവർക്ക് ഐ.ടി മേഖലയിലടക്കം മികച്ച ജോലിയും നല്ല ശമ്പളവും ലഭിക്കുന്നു. അവർ 'ഹിന്ദി, ഹിന്ദി" എന്നാണു പറയുന്നത്. ആരാണു കെട്ടിടങ്ങൾ നിർമ്മിക്കുന്നതെന്നു നിങ്ങൾക്കറിയാം. ഹിന്ദി മാത്രമറിയുന്ന ബീഹാറിലെ ആളുകൾ തമിഴ്നാട്ടിൽ വീട് നിർമ്മിക്കുന്നു, റോഡ് വൃത്തിയാക്കുന്നു, കക്കൂസ് കഴുകുന്നു.''– സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്ന വിഡിയോയിൽ ദയാനിധി മാരൻ പറയുന്നതിങ്ങനെയാണ്.

പഴയ വീഡിയോ പ്രത്യേക ലക്ഷ്യത്തോടെ ചിലർ പ്രചരിപ്പിക്കുകയാണെന്ന് ഡി.എം.കെ നേതൃത്വം വിശദീകരിക്കുന്നുണ്ടെങ്കിലും പ്രതിപക്ഷ 'ഇന്ത്യ" മുന്നണിയിൽ വിവാദത്തിനു തിരി കൊളുത്തിക്കഴിഞ്ഞു. ബീഹാർ ഉപമുഖ്യമന്ത്രിയും ആർ.ജെ.ഡി നേതാവുമായ തേജസ്വി യാദവ് പ്രസ്താവനയെ അപലപിച്ച് രംഗത്തെത്തി. ''ഇത് അപലപനീയമാണ്. ഏത് പാർട്ടിയിൽ പെട്ടവരായാലും മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള നേതാക്കൾ ഇത്തരം പരാമർശങ്ങൾ ഒഴിവാക്കണം. ഈ രാജ്യം ഒന്നാണ്. മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ളവരെ ഞങ്ങൾ ബഹുമാനിക്കുന്നു, ഞങ്ങൾ തിരിച്ചും അത് പ്രതീക്ഷിക്കുന്നു. ഇത്തരം പരാമർശങ്ങൾ പാടില്ല,'' അദ്ദേഹം പറഞ്ഞു.

കഴിഞ്ഞദിവസം 'ഇന്ത്യ" മുന്നണിയുടെ യോഗത്തിനിടെ ഹിന്ദിയെച്ചൊല്ലി വാക്‌പോരുണ്ടായതിനു പിന്നാലെയാണു ദയാനിധിയുടെ വീഡിയോ വൈറലായത്. പ്രസംഗം ഇംഗ്ലിഷിലേക്കു തർജ്ജിമ ചെയ്യണമെന്നു ഡി.എം.കെ നേതാവ് ടി.ആർ.ബാലു ആവശ്യപ്പെട്ടപ്പോൾ, ബീഹാർ മുഖ്യമന്ത്രിയും ജെ.ഡി.യു അദ്ധ്യക്ഷനുമായ നിതീഷ് കുമാർ പൊട്ടിത്തെറിച്ചിരുന്നു.ഡി.എം.കെ നേതാവിന്റെ പരാമർശത്തെ വിമർശിച്ച് ബി.ജെ.പിയും രംഗത്തുവന്നു.

കോൺഗ്രസിന്റെയും ഡി.എം.കെയുടെയും ഭാഷ രാജ്യത്തെ വിഭജിക്കുന്നതാണെന്നു ബീഹാറിൽനിന്നുള്ള കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ് പറഞ്ഞു. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കും നിതീഷ് കുമാറിനും സമാന അഭിപ്രായമാണോയെന്നു വീഡിയോ പങ്കിട്ടുകൊണ്ട് ബി.ജെ.പി നേതാവ് അമിത് മാളവ്യ ചോദിച്ചു. ഡി.എം.കെ നേതാവും മന്ത്രിയുമായ ഉദയനിധി സ്റ്റാലിൻ നേരത്തേ നടത്തിയ സനാതന ധർമ്മ പരാമർശവും വലിയ വിവാദമായിരുന്നു. അതിൽ നിന്നു തലയൂരി വരുമ്പോഴാണ് പുതിയ വിവാദങ്ങളുണ്ടാകുന്നത്.ഡി.എം.കെയുടെ ഹിന്ദി വിരുദ്ധ രാഷ്ട്രീയം തമിഴ്നാട്ടിൽ വിലപ്പോകുമെങ്കിലും 'ഇന്ത്യ"യിൽ അതിന് വിരുദ്ധഫലമാണ് ലഭിക്കുക എന്ന സന്ദേശം കൂടി ഈ വിവാദം നൽകുന്നുണ്ട്. വിവാദത്തിൽ ഇതുവരെ ദയാനിധി മാരൻ പ്രതികരിച്ചിട്ടില്ല.

Advertisement
Advertisement