303 ഇന്ത്യൻ യാത്രക്കാരുമായി ഫ്രാൻസിലെ എയർപോർട്ടിൽ പിടിയിലായ വിമാനത്തിന് ഒടുവിൽ മോചനം; വിട്ടയയ്‌ക്കാൻ ഉത്തരവിട്ട് കോടതി

Monday 25 December 2023 10:22 AM IST

പാരിസ്: 303 ഇന്ത്യൻ യാത്രക്കാരുമായി മദ്ധ്യ അമേരിക്കൻ രാജ്യം നിക്കരാഗ്വയിലേക്ക് പോകുംവഴി പാരിസിനടുത്ത് അധികൃതർ പിടിച്ചെടുത്ത വിമാനത്തിന് ഒടുവിൽ പറക്കാൻ അനുമതിയായി. മനുഷ്യക്കടത്ത് സംബന്ധിച്ച് സംശയത്തെ തുട‌ർന്നാണ് വിമാനം കഴിഞ്ഞ നാല് ദിവസമായി ഫ്രഞ്ച് എയർപോർട്ടിൽ പിടിച്ചുനി‌ർത്തിയത്.

വിമാനത്തിലെ യാത്രക്കാരിൽ കുറേപേരെയെങ്കിലും ഇന്ത്യയിലെത്തിക്കും എന്നാണ് വിമാനകമ്പനിയുടെ അഭിഭാഷക‌ർ അറിയിക്കുന്നത്. ഒരു ക്രിമിനൽ സംഘം മനുഷ്യക്കടത്ത് നടത്തുകയാണെന്ന സംശയത്തെ തുടർന്ന് 21 മാസം പ്രായമുള്ള കുഞ്ഞടക്കം വിമാനത്തിലെ യാത്രക്കാരെയെല്ലാം അധികൃതർ തടഞ്ഞുവയ്‌ക്കുകയായിരുന്നു. ചില യാത്രക്കാർ ഇതിനകം ഫ്രാൻസിൽ അഭയം പ്രാപിച്ചതായും റിപ്പോർട്ടുണ്ട്. സംഭവത്തിൽ രണ്ട് പേരെ അറസ്റ്റ് ചെയ്‌തിട്ടുണ്ട്. 11ഓളം യാത്രക്കാർ കൂട്ടിനാരുമില്ലാത്ത പ്രായപൂർത്തിയാകാത്തവരാണ്. പാരിസിൽ നിന്ന് 150 കിലോമീറ്റർ ദൂരെയുള്ള വാത്രി വിമാനത്താവളത്തിൽ ഇന്ധനം നിറയ്‌ക്കാൻ നി‌ർത്തിയപ്പോഴാണ് വിമാനം പിടിച്ചെടുത്തത്.

മനുഷ്യക്കടത്തിന് ഇരയായവരാണ് വിമാനത്തിലെന്ന് അ‌ജ്ഞാത സന്ദേശം വന്നതിന് പിന്നാലെയാണ് അധികൃതർ നടപടിയെടുത്തത്. ലെജന്റ്സ് എയർലെയ്ൻസ് വിമാനമാണ് പിടിച്ചെടുത്തത്. യുഎഇയിലെ ഫുജൈറ വിമാനത്താവളത്തിൽ നിന്ന് നികരാഗ്വയിലേക്കാണ് വിമാനം യാത്ര പുറപ്പെട്ടത്. ഇവിടെനിന്നും അനധികൃതമായി അമേരിക്കയിലേക്കോ കാനഡയിലേക്കോ പോകാനായിരുന്നു പല യാത്രക്കാരുടെയും ശ്രമമെന്നാണ് സൂചന.