മലൈക്കോട്ടൈ വാലിബനിലെ നടി ചില്ലറക്കാരിയല്ല; ബെല്ലി ഡാൻസ് ചാമ്പ്യൻഷിപ്പിലെ ഒന്നാംസ്ഥാനക്കാരിയാണ് ദീപാലി
മലയാളത്തിന്റെ സൂപ്പർസ്റ്റാർ മോഹൻലാലും സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് 'മലൈക്കോട്ടൈ വാലിബൻ'. അതിനാൽ തന്നെ ചിത്രത്തെ കുറിച്ചുള്ള ആരാധകരുടെ പ്രതീക്ഷ വളരെ ഉയരെയാണ്. ഇപ്പോഴിതാ മോഹൻലാലിനൊപ്പം മലെെക്കോട്ടെെ വാലിബനിൽ അഭിനയിക്കുന്ന മറ്റ് താരങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ പങ്കുവച്ചിരിക്കുകയാണ് സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി. തന്റെ ഫേസ്ബുക്ക് പേജിലാണ് സംവിധായകൻ ചിത്രത്തിന്റെ പുതിയ പോസ്റ്റർ പങ്കുവച്ചിരിക്കുന്നത്. ഹരിഷ് പേരടി, മനോജ് മോസസ്, ഹരി പ്രശാന്ത്, ഡാനിഷ് എന്നിവർക്കൊപ്പം ഒരു യുവനടിയെയും പോസ്റ്ററിൽ കാണാം.
പ്രശസ്ത ബെല്ലി ഡാൻസ് ആർട്ടിസ്റ്റും ഇന്റീരിയൽ ഡിസെെനറുമായ ദീപാലി വസിഷ്ഠയാണ് പുതിയ പോസ്റ്ററിൽ ഉള്ളത്. ഗ്ലോബൽ ബെല്ലി ഡാൻസ് ചാമ്പ്യൻഷിപ്പിൽ ഒന്നാംസ്ഥാനം നേടിയിട്ടുള്ള താരമാണ് ദീപാലി. താരത്തിന്റെ ബെല്ലി ഡാൻസ് വീഡിയോകൾക്ക് നിരവധി ആരാധകരാണ് ഉള്ളത്.
മലൈക്കോട്ടൈ വാലിബന്റെ ഒരു പുതിയ പോസ്റ്റർ ഇന്ന് മോഹൻലാലും പങ്കുവച്ചിരുന്നു. സംഘട്ടനത്തിന് ഒരുങ്ങുന്ന രീതിയില്‍ മോഹന്‍ലാലിന്റെ കഥാപാത്രം നില്‍ക്കുന്നത് പോസ്റ്ററില്‍ കാണാം. ജനുവരി 25നാണ് വാലിബൻ പ്രേക്ഷകർക്ക് മുൻപിൽ എത്തുന്നത്.
ബോളിവുഡ് താരം വിദ്യുത് ജംവാൾ സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. മധു നീലകണ്ഠൻ ഛായാഗ്രഹണം നിർവഹിക്കുന്നു. ചുരുളിക്കുശേഷം ലിജോയും മധു നീലകണ്ഠനും വീണ്ടും ഒരുമിക്കുകയാണ് മലൈക്കോട്ടൈ വാലിബനിൽ. പി എസ് റഫീഖിന്റേതാണ് തിരക്കഥ. ലിജോയുടെ ശിഷ്യനും സംവിധായകനുമായ ടിനു പാപ്പച്ചനാണ് ചീഫ് അസോസിയേറ്റ് ഡയറക്ടർ. ജല്ലിക്കെട്ടിനുശേഷം സംഗീത സംവിധായകൻ പ്രശാന്ത് പിള്ള വീണ്ടും ലിജോ ചിത്രത്തിന്റെ ഭാഗമാകുന്നു എന്ന പ്രത്യേകത കൂടിയുണ്ട്.