ഗുസ്‌തി വിവാദം തണുപ്പിക്കാൻ കേന്ദ്രം; ബ്രിജ്‌ഭൂഷണിന് മുന്നറിയിപ്പ്

Friday 29 December 2023 2:38 AM IST

ന്യൂഡൽഹി: ഗുസ്‌തി താരങ്ങൾ ലൈംഗികാരോപണമുയർത്തി നടത്തുന്ന പ്രതിഷേധം രാഷ്‌ട്രീയമായി തിരിച്ചടിക്കുമെന്ന് ബോധ്യംവന്നതോടെ, വിവാദം തണുപ്പിക്കാൻ ബി.ജെ.പി നീക്കം തുടങ്ങി. ഗുസ്‌തിയുമായി തനിക്ക് ഇനി ഒരു ബന്ധമുണ്ടാകില്ലെന്ന് ആരോപണ വിധേയനായ യു.പി എം.പിയും മുൻ ഗുസ്‌തി ഫെഡറേഷൻ അദ്ധ്യക്ഷനുമായ ബ്രിജ്ഭൂഷൺ ശരൺ സിംഗ് തുറന്നു പറഞ്ഞത് പാർട്ടി നേതൃത്വത്തിന്റെ നിർദേശ പ്രകാരമാണെന്നാണ് സൂചന.

താരങ്ങൾ മെഡലുകൾ ഗംഗയിൽ ഒഴുക്കുമെന്ന് പറഞ്ഞപ്പോൾപ്പോലും കുലുങ്ങാത്ത സർക്കാരാണ് ഇപ്പോൾ മുഖം രക്ഷിക്കാൻ ശ്രമിക്കുന്നത്.

ബ്രിജ്ഭൂഷണിന്റെ അനുയായി ഗുസ്തി ഫെഡറേഷൻ തിരഞ്ഞെടുപ്പിൽ വിജയിച്ചതിനുപിന്നാലെ, ഗുസ്‌തി താരം സാക്ഷി മാലിക് വിരമിക്കൽ പ്രഖ്യാപിച്ചതും ഒളിമ്പ്യൻ ബജ്റംഗ് പൂനിയ പദ്മശ്രീ മെഡൽ തിരിച്ചു നൽകിയതും സർക്കാരിന്റെ പ്രതിച്ഛായയ്‌ക്ക് മങ്ങലേൽപ്പിച്ചു. വിഷയം കോൺഗ്രസ് ഏറ്റെടുത്തതും ബി.ജെ.പി നിലപാട് മാറ്റാൻ കാരണമായി.

സാക്ഷിയുടെ തീരുമാനം ഹരിയാന ജാട്ടു സമുദായത്തിനുള്ളിലും അതൃപ്‌തിയുണ്ടാക്കുമെന്നാണ് വിലയിരുത്തൽ. ഉപരാഷ്‌ട്രപതി ജഗ്‌ദീപ് ധൻകറിനെ തൃണമൂൽ എം.പി അനുകരിച്ചതിലൂടെ ജാട്ട് സമുദായം അപമാനിക്കപ്പെട്ടുവെന്ന് പ്രചാരണം നടത്തിയ ബി.ജെ.പിക്ക് സാക്ഷി മാലിക്കിലൂടെ തിരിച്ചടി നൽകാൻ കോൺഗ്രസ് ശ്രമിക്കുന്നുണ്ട്.

ഗുസ്‌തി ഫെഡറേഷന്റെ പുതിയ അദ്ധ്യക്ഷൻ സഞ്ജയ് സിംഗ് കഴിഞ്ഞയാഴ്ച നടന്ന തിരഞ്ഞെടുപ്പ് ഫലം വന്നയുടൻ ബ്രിജ്ഭൂഷൺ ശരൺ സിംഗിന്റെ ഡൽഹി അശോകാ റോഡിലെ വസതിയിലെത്തി നടത്തിയ ആഘോഷം ബി.ജെ.പിക്ക് മാനക്കേടായി.

ഫെഡറേഷൻ നിയന്ത്രണം ബ്രിജ്ഭൂഷണിനായിരിക്കുമെന്ന് ആരോപിച്ചാണ് സാക്ഷി വിരമിക്കൽ പ്രഖ്യാപിച്ചത്. പിന്നാലെ ബജ്‌റംഗ് പൂനിയ പദ്‌മശ്രീ മെഡൽ വഴിയിൽ ഉപേക്ഷിച്ചു.ബ്രിജ്‌ഭൂഷണിനെ ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ ജെ.പി. നദ്ദ വിളിച്ചു വരുത്തി ഗുസ്‌തിയുമായി ബന്ധപ്പെട്ട ഒരു കാര്യത്തിലും ഇടപെടരുതെന്ന് ആവശ്യപ്പെട്ടു. ബ്രിജ്ഭൂഷണിനെ സംരക്ഷിക്കാൻ കഴിയില്ലെന്നും നദ്ദ വ്യക്തമാക്കിയെന്നാണ് അറിവ്. ഇദ്ദേഹവുമായി ബന്ധമില്ലെന്ന് പുതിയ അദ്ധ്യക്ഷൻ സഞ്ജയ് സിംഗും വ്യക്തമാക്കി.

വിവാദം തണുപ്പിക്കാനും ഗുസ്‌തി താരങ്ങളുടെ വിശ്വാസം നേടാനുമാണ് കായിക മന്ത്രാലയം പുതിയ ഭരണസമിതിയെ സസ്‌പെൻഡ് ചെയ്‌ത് അഡ്ഹോക് സമിതിയെ കൊണ്ടുവന്നത്.

Advertisement
Advertisement