ന്യൂഇയർ ഹാപ്പിയാക്കാൻ തലസ്ഥാനം ഒരുങ്ങുന്നു  നിയന്ത്രണം കടുപ്പിക്കാൻ പൊലീസും

Friday 29 December 2023 1:17 AM IST

തിരുവനന്തപുരം: പോയ വർഷത്തോട് വിടപറഞ്ഞ് പുതുവർഷത്തെ വരവേൽക്കാനുള്ള ആഘോഷങ്ങൾക്ക് ഒരുങ്ങുകയാണ് അനന്തപുരി. രണ്ടുനാൾ മാത്രം ബാക്കി നിൽക്കേ നഗരത്തിലെ പ്രധാനപ്പെട്ട ഹോട്ടലുകളിലും ക്ലബുകളിലും തയ്യാറെടുപ്പുകൾ അവസാന ഘട്ടത്തിലാണ്.

കോവളം തീരത്ത് ഇത്തവണയും പപ്പാഞ്ഞിയെ കത്തിക്കാനുള്ള അവസാനഘട്ട ചർച്ച നടക്കുകയാണ്. ശംഖുംമുഖം തീരത്തും വിവിധ കലാപരിപാടികൾ അരങ്ങേറും. മാനവീയം വീഥിയിലും നിയന്ത്രണങ്ങളോടെ പരിപാടി നടക്കും.

സ്റ്റാച്യുവിലെ മൗര്യ രാജധാനിയിൽ 7 മുതൽ 12.30 വരെയാണ് പരിപാടികൾ. ഒരാൾക്ക് 1500, ദമ്പതികൾക്ക് 3000, കുട്ടികൾക്ക് 750 എന്നിങ്ങനെയാണ് പ്രവേശനനിരക്ക്. കൊതിയൂറുന്ന കേക്കും വൈനും ഉൾപ്പെടുന്ന ക്യാൻഡിൽ ലൈറ്റ് ഡിന്നർ, സംഗീതസന്ധ്യ, കുട്ടികൾക്കും മുതിർന്നവർക്കും മത്സരങ്ങൾ, നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കുന്നവർക്ക് തിരഞ്ഞെടുത്ത ഹോട്ടലുകളിൽ സൗജന്യ താമസം തുടങ്ങിയ ആകർഷകമായ സമ്മാനങ്ങളും ഒരുക്കിയിട്ടുണ്ട്.

തമ്പാനൂർ ഹൈസിന്ത് ഹോട്ടലിൽ ഡി.ജെ നൈറ്റും പിന്നണി ഗായിക സാറയുടെ ഗാനവിരുന്നും മനം നിറയ്ക്കുന്ന ഭക്ഷണവുമാണ് ഒരുക്കിയിരിക്കുന്നത്. രാത്രി 7 മുതൽ 12.30 വരെയാണ് പരിപാടി.

കോവളത്തെ കടൽത്തീരത്തുള്ള ലീല റാവിസിലെ മുഖ്യ ആകർഷണീയത ഗെയിൽ ഡിന്നറാണ്.രാത്രി 7 മുതൽ 12 വരെയാണ് പരിപാടികൾ. പുറത്തെ വിരുന്നുകാർക്ക് മെയിൻ ലോബിയിലെ ടെറസിലും താമസിക്കുന്ന അതിഥികൾക്ക് ബീച്ചിലുമാണ് ആഘോഷം. മദ്യമുൾപ്പെടെ 6999 രൂപയാണ് പ്രവേശന നിരക്ക്. കുട്ടികൾക്ക് 3500 രൂപയാണ്. എസ്.പി ഗ്രാൻഡ് ഡെയിസിലും വമ്പൻ ഡിന്നറാണ് ഒരുക്കിയിട്ടുള്ളത്. പൂൾ സൈഡ് ഡിന്നറും സംഗീതസന്ധ്യയുമാണ് ആകർഷണം. 1450 രൂപയാണ് ഒരാൾക്ക്. പി.എം.ജി മാസ്‌കോട്ട് ഹോട്ടലിൽ പ്രത്യേക ഡിന്നറുണ്ടാകും.

നൈറ്റ് ക്ലബും ഒരുങ്ങി

ഈഞ്ചയ്ക്കലിലുള്ള ഒഫോറി നൈറ്റ് ക്ലബിലും ഡി.ജെ പാർട്ടിയുണ്ട്. വഴുതക്കാട് ട്രിവാൻഡ്രം ക്ലബിൽ രാത്രി 7 മുതൽ 12.30വരെയാണ് പ്രവേശനം. ഗായകൻ ജാസി ഗിഫ്റ്റിന്റെ സംഗീതപരിപാടിയും ഈജിപ്ഷ്യൻ കനോറ നൃത്തപരിപാടിയുമുണ്ട്. പിന്നണി ഗായകൻ ഹരിചരണിന്റെ മെഗാഷോയും പാരിസ് ലക്ഷ്മിയുടെ നൃത്ത സന്ധ്യയുമാണ് വഴുതക്കാട് ശ്രീമൂലം ക്ലബിൽ രാത്രി 7 മുതൽ 12 വരെ ഒരുക്കിയിരിക്കുന്നത്.തലസ്ഥാനത്തെ പ്രമുഖ മാളായ ലുലുമാളിൽ ന്യൂഇയർ ഷോപ്പിംഗും വിവിധ കലാപരിപാടികളുമുണ്ട്. ഹോട്ടൽ ഹയാത്ത് റീജൻസിയിലെ മലബാർ കഫേയിൽ ന്യൂ ഇയർ ഈവ് ബ്രഞ്ചും ലൈവ് മ്യൂസിക് സെഷനും പുതുവത്സരത്തോടനുബന്ധിച്ച് രാത്രി 7 മുതൽ നടക്കും.

നിയന്ത്രണം കടുപ്പിക്കാൻ പൊലീസ്.......

പുതുവത്സര ആഘോഷങ്ങളുമായി ബന്ധപ്പെട്ട് നഗരത്തിൽ പൊലീസ് സുരക്ഷയും ശക്തമാക്കും.ജനുവരി 2വരെയാണ് സുരക്ഷ.എല്ലാ പൊലീസ് സ്റ്റേഷൻ പരിധികളിലും രണ്ട് വീതം മൊബൈൽ പട്രോളിംഗ് സംഘത്തെ സുരക്ഷയ്ക്കായി നിയോഗിക്കും. പ്രശ്നബാധിത സ്ഥലങ്ങളിൽ നിരീക്ഷണം ശക്തമാക്കും. മയക്കുമരുന്ന് കണ്ടെത്തുന്നതിനായി ഡോഗ് സ്‌ക്വാഡിന്റെ സേവനവും പ്രയോജനപ്പെടുത്തും. ഡി.ജെ പാർട്ടികൾ നടക്കുന്ന സ്ഥലങ്ങളിൽ നിരീക്ഷണം ശക്തമാക്കും. ഗതാഗതനിയന്ത്രണങ്ങൾക്കായി കൂടുതൽ പൊലീസിനെ നിയോഗിക്കും. നഗരാതിർത്തി പ്രദേശങ്ങൾ കേന്ദ്രീകരിച്ച് 18 ചെക്കിംഗ് പോയിന്റുകൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഇവിടെ കർശന വാഹന പരിശോധനയുണ്ടാകും.

Advertisement
Advertisement