നാഗ്‌പൂരിൽ മെഗാ റാലി: പ്രചാരണത്തിന് തുടക്കമിട്ട് കോൺഗ്രസ്,​ ബി.ജെ.പിയുടേത് രാജാക്കന്മാരുടെ പ്രത്യയശാസ്‌ത്രം:രാഹുൽ

Friday 29 December 2023 12:24 AM IST

ന്യൂഡൽഹി: പൊതുതിരഞ്ഞെടുപ്പ് 'ഇന്ത്യ", എൻ.ഡി.എ മുന്നണികളുടെ ആശയങ്ങളുടെ പോരാട്ടമാണെന്നും ബി.ജെ.പിയുടേത് രാജാക്കന്മാരുടെ പ്രത്യയശാസ്ത്രമാണെന്നും

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കോൺഗ്രസിന്റെ 139-ാം സ്ഥാപക ദിനത്തോടനുബന്ധിച്ച് നാഗ്‌പൂരിൽ നടത്തിയ മെഗാറാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു രാഹുൽ.

2024ലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിടാനാണ് സ്ഥാപക ദിനത്തിൽ 'ഞങ്ങൾ തയ്യാറാണ്' എന്ന പേരിൽ മഹാറാലി സംഘടിപ്പിച്ചത്.

ഇത് അധികാരത്തിനായുള്ള പോരാട്ടമാണെന്ന് ആളുകൾ കരുതുന്നു. എന്നാൽ അടിസ്ഥാനം പ്രത്യയശാസ്ത്രമാണ്.

സ്വാതന്ത്ര്യസമരം ബ്രിട്ടീഷുകാർക്കെതിരെ മാത്രമായിരുന്നില്ല. രാജാക്കന്മാരും ബ്രിട്ടീഷുകാരുമായുണ്ടായിരുന്ന കൂട്ടുകെട്ടിനെതിരെയും ജനങ്ങൾക്ക് വേണ്ടിയും കോൺഗ്രസ് പോരാടി. സ്വാതന്ത്ര്യത്തിന് മുമ്പ് ഇന്ത്യൻ ജനതയ്ക്ക് അവകാശങ്ങൾ ഉണ്ടായിരുന്നില്ല. ഇതാണ് ആർ.എസ്.എസ് തുടരുന്ന പ്രത്യയശാസ്ത്രം. അതിനെതിരെ പോരാടി ജനങ്ങൾക്ക് വോട്ടവകാശം നൽകി ഇന്ത്യയെ ഒന്നാക്കിയത് കോൺഗ്രസാണ്.

ബി.ജെ.പി എം.പിയായ മുൻ കോൺഗ്രസ് നേതാവ് പറഞ്ഞത് അവരുടെ പാർട്ടിക്കുള്ളിൽ അടിമത്തമാണെന്നാണ്. അവരുടേത് രാജാക്കന്മാരുടെ പ്രത്യയശാസ്ത്രമാണ്. മുകളിൽ നിന്ന് വരുന്ന ഉത്തരവുകൾ പാലിക്കണം. കോൺഗ്രസിൽ ശബ്ദം ഉയരുന്നത് താഴെ നിന്നാണ്. ഒരു ജൂനിയർ കോൺഗ്രസ് പ്രവർത്തകന് പോലും ഉന്നത നേതാക്കളെ ചോദ്യം ചെയ്യാനും വിയോജിക്കാനും കഴിയും. എല്ലാ സ്ഥാപനങ്ങളും അവർ പിടിച്ചെടുക്കുന്നു. സർവകലാശാലകളിൽ എല്ലാ വൈസ് ചാൻസലർമാരും ഒരു സംഘടനയിലുള്ളവരാണ്.
സമ്മർദ്ദമുള്ളതിനാൽ ജനാധിപത്യം സംരക്ഷിക്കാൻ ഇന്ന് മാദ്ധ്യമങ്ങൾക്കും കഴിയുന്നില്ല.

ജാതി സെൻസസ് അനിവാര്യം

ജനസംഖ്യയുടെ 50 ശതമാനം വരുന്ന ഒ.ബി.സിക്കും 15 ശതമാനം വരുന്ന ദളിതർക്കും 12 ശതമാനമുള്ള ആദിവാസികൾക്കും സർക്കാർ-സ്വകാര്യ മേഖലകളിൽ പ്രാതിനിധ്യമില്ല. കൃത്യം കണക്ക് ലഭിക്കാൻ ജാതി സെൻസസ് അനിവാര്യമാണ്. കോൺഗ്രസ് വന്നാലുടൻ സെൻസസ് നടപ്പാക്കുമെന്നും രാഹുൽ ഉറപ്പു നൽകി.

ആരോഗ്യ കാരണങ്ങളാൽ സോണിയാ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും വിട്ടുനിന്ന പരിപാടിയിൽ അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ,​ കെ. സി. വേണുഗോപാൽ, രമേശ് ചെന്നിത്തല, നാനാ പടോലെ, മുഖ്യമന്ത്രിമാരായ രേവന്ത് റെഡ്ഡി, സുഖ്‌വീന്ദർ സിംഗ് സുക്കു, സിദ്ധരാമയ്യ തുടങ്ങിയവർ പങ്കെടുത്തു. രാവിലെ ഡൽഹി ആസ്ഥാനത്തു നടന്ന സ്ഥാപക ദിനാചരണ പരിപാടിയിൽ ഖാർഗെ പാർട്ടി പതാക ഉയർത്തി.

Advertisement
Advertisement