പുതുവർഷത്തിൽ പോരേ പൂരം ! ഒന്നല്ല മൂന്ന്
- കോൺഗ്രസിന്റെ പ്രതിഷേധ പകൽപ്പൂരം ജനുവരി രണ്ടിന്
- പ്രധാനമന്ത്രിക്ക് മിനിപ്പൂരത്തിനൊരുങ്ങി പാറമേക്കാവ്
- ഒറിജിനൽ പൂരം ഏപ്രിലിൽ
തൃശൂർ : പൂരപ്രദർശനത്തിന് തറവാടക വർദ്ധിപ്പിച്ചതിന് പിന്നാലെ ഉടലെടുത്ത പൂരം പ്രതിസന്ധി വിവാദത്തിനിടെ പുതുവർഷത്തിൽ പ്രതിഷേധ പൂരത്തിനും പാറമേക്കാവിന് മുന്നിൽ പ്രധാനമന്ത്രിക്കായി സ്വീകരണ പൂരത്തിനും അരങ്ങൊരുങ്ങുന്നു. പൂരം പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസിന്റെ നേതൃത്വത്തിൽ കൊച്ചിൻ ദേവസ്വം ബോർഡ് ഓഫീസിന് മുന്നിൽ ജനുവരി രണ്ടിനാണ് ആനയില്ലാത്ത പ്രതിഷേധ പകൽപ്പൂരം. മൂന്നിന് തൃശൂരിൽ ബി.ജെ.പി പരിപാടിക്കെത്തുന്ന പ്രധാനമന്ത്രിക്കുള്ള സ്വീകരണമായാണ് പാറമേക്കാവ് ദേവസ്വം മിനി പൂരത്തിന് തയ്യാറെടുക്കുന്നത്. തൃശൂർ പൂരത്തിന് പാറമേക്കാവ് ഭഗവതി എഴുന്നള്ളുന്ന അതേ ആനകളുടെ എണ്ണത്തോടെയാണ് മിനിപൂരമൊരുക്കാൻ ഒരുങ്ങുന്നത്.
ഒരു മുഴം മുമ്പേ എറിഞ്ഞ് കോൺഗ്രസ്
പൂരം പ്രതിസന്ധി സംബന്ധിച്ച് തൃശൂരിലെത്തുന്ന പ്രധാനമന്ത്രി വിഷയം പരാമർശിക്കാൻ സാദ്ധ്യതയുണ്ടെന്ന് കണ്ട് കോൺഗ്രസ് ഒരു മുഴം മുമ്പേ വടിയെറിഞ്ഞ് ബി.ജെ.പിയെ വെട്ടിലാക്കി. പ്രധാനമന്ത്രി എത്തുന്നതിന് ഒരു ദിവസം മുമ്പ് പ്രതിഷേധ പൂരം നടത്തി ശ്രദ്ധനേടാനുള്ള തീരുമാനത്തിലാണ് കോൺഗ്രസ്. ജനുവരി രണ്ടിന് രാവിലെ 11 മുതലാണ് വാദ്യകലാകാരന്മാരെ അണിനിരത്തി പ്രതിഷേധ പകൽപ്പൂരം സംഘടിപ്പിക്കുന്നത്. കോൺഗ്രസിന്റെ മുതിർന്ന നേതാക്കളെയും പങ്കെടുപ്പിക്കും.
പ്രതിസന്ധി ദേശീയതലത്തിലെത്തിക്കാൻ മിനിപ്പൂരം
മിനി പൂരമൊരുക്കുന്നതിലൂടെ പ്രതിസന്ധി പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽ കൊണ്ടുവന്ന് വിഷയം ദേശീയശ്രദ്ധയിലെത്തിക്കാമെന്നാണ് പാറമേക്കാവ് കരുതുന്നത്. മിനി പൂരം സംബന്ധിച്ച് അന്തിമ തീരുമാനമായിട്ടില്ലെങ്കിലും ചർച്ചകൾ അവസാന ഘട്ടത്തിലാണ്. ആനകൾ, മേളക്കാർ എന്നിവ സംബന്ധിച്ച് ഏകദേശ ധാരണയായി. സുരക്ഷ സംബന്ധിച്ചും മറ്റ് കാര്യങ്ങളിലും അനുമതി ലഭിക്കണമെങ്കിൽ ഒട്ടേറെ കടമ്പ കടക്കണം.
നിലവിലെ പ്രധാനമന്ത്രിയുടെ റൂട്ട് മാപ്പ് പാറമേക്കാവിന് മുന്നിലൂടെ കടന്നുപോകില്ല. പൂരം തേക്കിൻക്കാട്ടിലേക്ക് മാറ്റാൻ ദേവസ്വം ബോർഡിന്റെ അനുമതിയും വേണം. നിലവിൽ ബി.ജെ.പി നേതൃത്വം പൂരം പ്രതിസന്ധി സംബന്ധിച്ച വിഷയം പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽ കൊണ്ടുവന്നേക്കും.
കോടതി പരാമർശം കാത്ത്...
പൂരം പ്രദർശനത്തിന്റെ തറവാടക സംബന്ധിച്ച് ജനുവരി നാലിന് വരുന്ന ഹൈക്കോടതി ഉത്തരവ് എന്തായിരിക്കുമെന്നത് സംബന്ധിച്ച ആകാംക്ഷയിലാണ് സർക്കാരും ദേവസ്വങ്ങളും. വിധി ദേവസ്വങ്ങൾക്ക് എതിരായാൽ അത് കൂടുതൽ പ്രതിസന്ധിക്ക് വഴിവയ്ക്കും. സർക്കാരിനും തലവേദനയാകും. നേരത്തെ കേസ് പരിഗണിച്ചപ്പോൾ സർക്കാരിന് കൂടുതൽ സമയം വേണമെന്ന എ.ജിയുടെ അഭ്യർത്ഥന മാനിച്ചാണ് നാലാം തീയതിയിലേക്ക് മാറ്റിയത്.